ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റിലൂടെ ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, ട്വിറ്റര്‍ ഉപയോക്താക്കളില്‍ 4 ശതമാനം അപ്പോഴും സുരക്ഷ ഭീഷണിയില്‍ തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഉപയോഗിക്കുന്ന പ്രമുഖരുടെ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ പുതിയ പ്രശ്നം നേരിട്ട് ട്വിറ്റര്‍. ട്വിറ്റര്‍ ആന്‍ഡ്രോയ്ഡ് ആപ്പിലാണ് വലിയ സുരക്ഷപിഴവ് കണ്ടെത്തിയത്. ഇത് ദശലക്ഷക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളെ ബാധിച്ചേക്കും എന്നാണ് ആശങ്ക. ഇത് മുന്‍നിര്‍ത്തി അടിയന്തര ആപ് അപ്ഡേറ്റ് ട്വിറ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റിലൂടെ ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, ട്വിറ്റര്‍ ഉപയോക്താക്കളില്‍ 4 ശതമാനം അപ്പോഴും സുരക്ഷ ഭീഷണിയില്‍ തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഈ സുരക്ഷ പിഴവ് ആരെങ്കിലും മുതലെടുത്തതായി റിപ്പോര്‍ട്ടില്ലെന്ന് ട്വിറ്റര്‍ അറിയിക്കുന്നുണ്ട്.
undefined
ട്വിറ്ററില്‍ വന്ന ഡയറക്ട് സന്ദേശങ്ങള്‍ വഴി ആപ്പിലെ വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കുന്ന തരത്തിലാണ് കണ്ടെത്തിയ സുരക്ഷ പ്രശ്നം എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്ററിന്‍റെ അവകാശവാദ പ്രകാരം ട്വിറ്ററിന് 2 ശതകോടിയിലേറെ ഉപയോക്താക്കളുണ്ട്. ഗൂഗിള്‍ പ്ലേ റിപ്പോര്‍ട്ട് പ്രകാരം ട്വിറ്റര്‍ ആപ്പ് 1 ശതകോടി ഡൌണ്‍ലോഡ് എങ്കിലും നടത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് 8,9 പതിപ്പുകളില്‍ ട്വിറ്റര്‍ ആപ്പ് ഉപയോഗിക്കുന്നവരിലാണ് സുരക്ഷ പിഴവ് കണ്ടെത്തിയത് എന്നും ട്വിറ്റര്‍ പറയുന്നു. ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ ബ്ലോഗിലൂടെ പുതിയ സുരക്ഷ പ്രശ്നം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ സുരക്ഷ പിഴവ് എത്രകാലമായി ട്വിറ്ററില്‍ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യത്തില്‍ ട്വിറ്റര്‍ മൌനം പാലിക്കുകയാണ്.
ഈ മാസം ആദ്യം സെലിബ്രിറ്റികളുടെയും ലോകത്തിലെ പ്രശസ്ത ബിസിനസുകാരുടെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്ററിന് ഏറെ തലവേദനയുണ്ടാക്കിയ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സെലിബ്രിറ്റികളായ ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക്, ബരാക് ഒബാമ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യുകയും ബിറ്റ്‌കോയിന്‍ വാലറ്റുകളിലേക്ക് ലിങ്കുകള്‍ പോസ്റ്റുചെയ്യുകയും പേയ്‌മെന്റുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ അക്കൗണ്ടുകളില്‍ കയറി കൂടി, ബിറ്റ്‌കോയിന്‍ ഇടപാട് ഇപ്പോള്‍ നടത്തിയാല്‍ ഇരട്ടി തിരികെ ലഭിക്കുമെന്ന അവകാശവാദങ്ങള്‍ നടത്തിയാണ് ഹാക്കര്‍മാര്‍ വന്‍ തുക തട്ടിയെടുത്തത്. ഒരു ലക്ഷത്തിലധികം ഡോളര്‍ മോഷ്ടിക്കപ്പെട്ടുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കേസില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.