ലോക്സഭ തെരഞ്ഞെടുപ്പ്; 39.6 കോടി ട്വീറ്റുകള്‍ ചെയ്ത് ഇന്ത്യ

By Web Team  |  First Published May 24, 2019, 12:27 PM IST

ജനുവരി 1 മുതല്‍ മെയ് 23വരെ മൈക്രോബ്ലോഗിങ് സാമൂഹ്യമാധ്യമം ട്വിറ്ററില്‍ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 39.6 കോടി ട്വീറ്റുകളാണ് പ്രവഹിച്ചത്. ഇത് 2014നെ അപേക്ഷിച്ച് 600 ശതമാനം കൂടുതലാണ്.


ദില്ലി: മോദി തരംഗത്തോടെ ഒരു ലോക്സഭ തെരഞ്ഞെടുപ്പ് കാലം കൂടി കഴിയുകയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ സോഷ്യല്‍ മീഡിയ ഒരു പ്രചാരണ ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ ഇത്തരം സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ കണക്കെടുപ്പ് കാലം കൂടിയാണ് ഇത്. ഇതാ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്ററിലെ വിവരങ്ങള്‍ ഇപ്പോള്‍ ട്വിറ്റര്‍ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നു.

ജനുവരി 1 മുതല്‍ മെയ് 23വരെ മൈക്രോബ്ലോഗിങ് സാമൂഹ്യമാധ്യമം ട്വിറ്ററില്‍ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 39.6 കോടി ട്വീറ്റുകളാണ് പ്രവഹിച്ചത്. ഇത് 2014നെ അപേക്ഷിച്ച് 600 ശതമാനം കൂടുതലാണ്. ജനുവരി 1- മെയ് 12 2014 കാലഘട്ടത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ ട്വീറ്റുകള്‍ 56 ദശലക്ഷം മാത്രമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, മാധ്യമങ്ങള്‍ എന്നിവരാണ് ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ട്വീറ്റുകളില്‍ ഭൂരിഭാഗവും ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Latest Videos

undefined

അതേ സമയം വോട്ടെണ്ണല്‍ നടന്ന മെയ് 23ന് ട്വിറ്ററില്‍ പ്രവഹിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച 3.2 ദശലക്ഷം ട്വീറ്റുകളാണ്. ഇതില്‍ തന്നെ മൂന്നില്‍ ഒന്ന് ട്വീറ്റ് ചെയ്യപ്പെട്ടത്. വോട്ടെണ്ണലിന്‍റെ പ്രധാന സമയമായ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ്. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയുള്ള കാലത്ത് ദേശീയ സുരക്ഷയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവും ഉയര്‍ന്ന് വന്നത് എന്നാണ് ട്വിറ്റര്‍ ട്രെന്‍റുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാമത് മതമാണ്, മൂന്നാമത് തൊഴിലില്ലായ്മയാണ്, നാലമത് കൃഷിയാണ്, അഞ്ചാമത് നോട്ട് നിരോധനം.

#LoksabhaElections2019 എന്നത് ആഗോളതലത്തില്‍ തന്നെ ട്രെന്‍റിംഗായ ഹാഷ്ടാഗ് ആയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയക്കാരും ട്വിറ്റര്‍ വഴിയാണ് പലപ്പോഴും സംവാദം നടത്തിയത് എന്ന് ട്വിറ്റര്‍ ഇന്ത്യ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്തത് നരേന്ദ്രമോദിയുടെ പേര് ആയിരുന്നു. ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെട്ട പാര്‍ട്ടി ബിജെപി ആയിരുന്നു. 

click me!