പ്രായപൂര്‍ത്തിയാവാത്തവര്‍ അശ്ലീല ദൃശ്യം കാണാന്‍ ശ്രമിച്ചാല്‍ കുടുങ്ങും; ആപ്ലിക്കേഷനുമായി സ്‌പെയിന്‍

By Web Team  |  First Published Jul 8, 2024, 12:26 PM IST

പ്രായപൂര്‍ത്തിയാവാത്തവര്‍ അഡ‍ള്‍റ്റ് കണ്ടന്‍റുകള്‍ ഏറെ കാണുന്നതായി ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഈ സംഘം മുമ്പ് പുറത്തുവിട്ടിരുന്നു


മാഡ്രിഡ്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇന്‍റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് തടയാന്‍ ശക്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം കൊണ്ടുവരാന്‍ സ്‌പെയിന്‍. 'പോണ്‍ പാസ്‌പോര്‍ട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ സംവിധാനം വഴി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നതിനൊപ്പം അശ്ലീല ഉള്ളടക്കങ്ങള്‍ സെര്‍ച്ച് ഫലങ്ങളായി എത്തുന്നതിന്‍റെ എണ്ണം നിയന്ത്രിക്കുകയും ചെയ്യും. 

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നത് തടയാന്‍ ശക്തമായ നിയമ സംവിധാനങ്ങള്‍ രാജ്യത്ത് വേണമെന്ന് ഒരു പോണോഗ്രഫിവിരുദ്ധ സംഘം നടത്തിയ ക്യാംപയിനുകള്‍ക്ക് പിന്നാലെയാണ് ശക്തമായ സംവിധാനങ്ങള്‍ സ്‌പെയിനില്‍ വരുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ അഡ‍ള്‍റ്റ് കണ്ടന്‍റുകള്‍ ഏറെ കാണുന്നതായി ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഈ സംഘം മുമ്പ് പുറത്തുവിട്ടിരുന്നു. സ്‌പാനിഷ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. 

Latest Videos

ഡിജിറ്റല്‍ വാലറ്റ് ബെറ്റ എന്നാണ് വരാനിരിക്കുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍റെ പേര്. ഇന്‍റര്‍നെറ്റ് ഉപയോക്താവിന് 18 വയസിന് മുകളിലാണോ പ്രായം എന്ന് പരിശോധിക്കാൻ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഒരു അശ്ലീല വെബ്‌സൈറ്റിന്‍റെ അഡ്രസ് ഒരാള്‍ ടൈപ്പ് ചെയ്താല്‍ ഉടന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റ ആക്ടീവാകുന്ന തരത്തിലാണ് സജ്ജീകരണം. തുടര്‍ന്നുള്ള കണ്ടന്‍റുകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് ബെറ്റയില്‍ പ്രായം തെളിയിക്കണം. എന്നാല്‍ ആപ്പില്‍ വെറുതെയങ്ങ് പ്രായം എന്‍റര്‍ ചെയ്‌ത് നല്‍കിയാല്‍ പോരാ. സര്‍ക്കാര്‍ അംഗീകൃതമായ അഞ്ച് തിരിച്ചറിയല്‍ രേഖകളിലൊന്ന് പ്രായം തെളിയിക്കാന്‍ ആപ്പില്‍ സമര്‍പ്പിക്കണം. വേനലവസാനത്തോടെയാവും ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 

സ്‌പെയ്‌നില്‍ നടപ്പിലാക്കാന്‍ പോകുന്ന പോണ്‍ പാസ്‌പോര്‍ട്ട് ഭാവിയില്‍ യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ ഐഡന്‍റിറ്റി സിസ്റ്റത്തിന് വഴിമാറാന്‍ സാധ്യതയുണ്ട്. സ്‌പെയിനിലെ പുതിയ സംവിധാനം വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യതയെ ബാധിക്കുമോ എന്നതാണ് വിമര്‍ശകര്‍ മുന്നോട്ടുവെക്കുന്ന ചോദ്യം. 

Read more: നീലയും പച്ചയും ചാലിച്ച വര്‍ണങ്ങളില്‍ ആകാശത്ത് നിന്നൊരു അതിഥി; തുർ‌ക്കിയെ ത്രില്ലടിപ്പിച്ച് ഉൽക്ക കാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!