'റൂം' പുതുക്കി അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍; വീഡിയോ കോളില്‍ ഇനി 50 പേര്‍

By Web Team  |  First Published Apr 26, 2020, 10:57 AM IST

റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. 


ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലായ ലോകത്തിന്‍റെ ഇപ്പോഴുള്ള സൗഹൃദ ജാലകങ്ങള്‍ വീഡിയോ കോളിംഗ് ആപ്പുകളാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമായും സൂം എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യമുണ്ടായിരുന്ന വാട്ട്സ്ആപ്പിനും, ഫേസ്ബുക്കിനും ഒക്കെ തിരിച്ചടിയായത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചര്‍.

റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. അടുത്തിടെ പരീക്ഷണം ആരംഭിച്ച ഫേസ്ബുക്കിന്റെ ഡേറ്റിംഗ് സർവീസിൽ ‘വർച്വൽ ഡേറ്റ്’ സംവിധാനവും ഒരുക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

Latest Videos

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും വീഡിയോ കോളിംഗ് സംവിധാനം പരിഷ്കരിച്ചിരുന്നു.  8 ആളുകളെ ഇപ്പോള്‍ വാട്ട്സ്ആപ്പ്  വീഡിയോ കോളിൽ കൊണ്ടുവരാം. അപ്‌ഡേറ്റ്‌റ് ബീറ്റാ വേർഷനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മെസഞ്ചർ റൂം അവതരിപ്പിക്കുന്നത്. റൂം ഇന്‍വൈറ്റ് ലിങ്കിലൂടെ ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത മെസഞ്ചര്‍ ഉപയോഗിക്കുന്നവരെയും ക്ഷണിക്കാം. റൂമിലേക്ക് ക്ഷണിക്കുന്ന ലിങ്ക് ഫേസ്ബുക്കിലും പങ്കുവയ്ക്കാന്‍ സാധിക്കും.
 

click me!