യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തളർത്തിയത്.
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള വെബ്സൈറ്റുകളെ ബാധിച്ച സാങ്കേതിക തകരാറിൻ്റെ മൂല കാരണം പരിഹരിച്ചു. യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തളർത്തിയത്. പ്രശ്നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്സൈറ്റുകൾ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്ലി അറിയിച്ചു.
ലോകത്തെ പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം ഫാസ്റ്റ്ലിയുടെ സാങ്കേതിക പ്രശ്നം കാരണം താറുമാറായി. സമൂഹ മാധ്യമമായ റെഡ്ഡിറ്റ്, വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്സൈറ്റുകളും പ്രവർത്തന തടസം നേരിട്ടു. സ്റ്റാക്ക് ഓവർഫ്ലോ, ഗിറ്റ് ഹബ്ബ് തുടങ്ങിയവയുടെ സേവനവും തടസപ്പെട്ടു.