വിവാഹേതര ബന്ധം തെളിയിക്കാന്‍ രഹസ്യമായി ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാമോ? ഹൈക്കോടതി ഉത്തരവ് ഇങ്ങനെ...

By Web Team  |  First Published Oct 15, 2023, 9:18 AM IST

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ലെന്നുമാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്


ബിലാസ്പൂര്‍: ഒരാളുടെ മൊബൈൽ ഫോൺ സംഭാഷണം ആ വ്യക്തി അറിയാതെ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോര്‍ത്തിയ സംഭവത്തിലാണ് കോടതി വിധി. ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം നടന്നുവെന്നും കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

2019ല്‍ തുടങ്ങിയ കേസാണിത്. 38 കാരിയായ യുവതിയാണ് ജീവനാംശം ആവശ്യപ്പെട്ട് 44 കാരനായ ഭര്‍ത്താവിനെതിരെ മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ചില ഫോണ്‍ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും ഭാര്യയെ ക്രോസ് വിസ്താരം ചെയ്യണമെന്നും ഭര്‍ത്താവ് കുടുംബ കോടതിയില്‍ ആവശ്യപ്പെട്ടു. 2021 ഒക്ടോബർ 21 ലെ ഉത്തരവിൽ കുടുംബ കോടതി ഭര്‍ത്താവിന്‍റെ അപേക്ഷ അനുവദിച്ചു. തുടർന്ന് കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് 2022 ലാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Latest Videos

undefined

ഓഡര്‍ ചെയ്തത് വെജ്, കിട്ടിയത് നോണ്‍ വെജ്: സൊമാറ്റോയ്ക്ക് കിട്ടിയത് വലിയ പണി.!

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ലെന്നുമാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഉത്തരവാണ് കുടുംബ കോടതിയില്‍ നിന്നുണ്ടായതെന്ന് യുവതിയുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ വാദിച്ചു. സുപ്രീംകോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും പുറപ്പെടുവിച്ച ചില വിധികൾ അദ്ദേഹം ഉദ്ധരിച്ചു.

തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ കുടുംബ കോടതിയുടെ വിധി റദ്ദാക്കി. ഭാര്യയുടെ അറിവില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. കുടുംബ കോടതി നിയമപരമായ പിശക് വരുത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!