'ഒൺലി ഫാൻസ്‌' - ഓൺലൈൻ സെക്സ് വ്യാപാരത്തിൽ വിപ്ലവം കൊണ്ടുവന്ന വിവാദ പ്ലാറ്റ്ഫോമിന്റെ ചരിത്രം

By Web Team  |  First Published Sep 20, 2021, 7:06 PM IST

സുപ്രസിദ്ധ റാപ്പർ ആയ ഒരു യുവതി വെറും ആറു മണിക്കൂർ നേരം കൊണ്ട് ഒരു മില്യൺ ഡോളർ സമ്പാദിച്ച് ഒൺലി ഫാൻസിൽ റെക്കോർഡ് ഇടുകയുണ്ടായി.


ഒൺലി ഫാൻസ്‌ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിതമായിട്ട് വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും, കൊവിഡെന്ന മഹാമാരി ലോകമെമ്പാടുമുള്ള മനുഷ്യരെ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ പൂട്ടിയിട്ട  കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിലേക്ക് വരുമാനാർത്ഥം സെലിബ്രിറ്റികളുടെ പോലും കുത്തൊഴുക്കുണ്ടായതും, വളരെ പെട്ടെന്ന് തന്നെ ഇത് ആഗോള പ്രസിദ്ധിയാർജ്ജിക്കുന്നതും. ഇന്ന് ഈ വിർച്വൽ ഉലകം, സെക്സ് വർക്കർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും സെലിബ്രിറ്റികളും എല്ലാം തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്യാൻ പ്രയോജനപ്പെടുത്തുന്ന, അവരുടെ ഒരു മുഖ്യ വരുമാനമാർഗം കൂടിയായ ഒരു പ്ലാറ്റ് ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Latest Videos

undefined

 

2016 നവംബറിൽ ബ്രിട്ടീഷ് സംരംഭകനായ തിമോത്തി സ്റ്റോക്ക്ലിയാണ് ഒൺലി ഫാൻസ്‌ എന്ന പേരിൽ, പേ വാൾ വഴി സുരക്ഷിതമാക്കപ്പെട്ട ഒരു കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം സ്ഥാപ്പിക്കുന്നത്. ഇങ്ങനെ ഒരു സംവിധാനം തുടങ്ങും മുമ്പ് സ്റ്റോക്ക്ലിയെ,  GlamGirls , Customs4U തുടങ്ങിയ അഡൽറ്റ് പെർഫോമൻസ് സൈറ്റുകൾ സ്ഥാപിക്കുക വഴി, 'കിംഗ് ഓഫ് ഹോം മെയ്ഡ് പോൺ' എന്നാണ് 'ദ ടൈംസ്' പോലും വിശേഷിപ്പിച്ചിരുന്നത്. സെലിബ്രിറ്റി ക്രിയേറ്റർമാരുടെ കാര്യമായ ചേക്കേറാൻ തന്നെയാണ് ഒൺലി ഫാൻസിലേക്ക് കൊറോണക്കാലത്തുണ്ടായത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക തൊഴിലാളികളെ കൊവിഡ് ലോക്ക് ഡൗണുകൾ സാരമായി ബാധിച്ചിരുന്നു. ലോകമാകെ അടച്ചിട്ടതിനു പിന്നാലെ വന്ന സാമ്പത്തിക മാന്ദ്യവും അവരുടെ വ്യാപാരം ഇടിയാൻ കാരണമായി. സ്ട്രിപ്പ് ക്ളബ്ബുകളും ലൈംഗിക തൊഴിൽ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടതോടെ ഈ തൊഴിലാളികൾ പലരും പട്ടിണിയിലാവുന്നു. അങ്ങനെ ഉപജീവനം മുടങ്ങിയ അവസരത്തിലാണ്, വീണ്ടും സമ്പാദിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടുകൊണ്ടിരുന്ന പലരും കൂട്ടത്തോടെ അന്ന് ആദ്യം കുടിയേറുന്നത് 'ഡെമൺ ടൈം' എന്ന പ്ലാറ്റ് ഫോമിലേക്കാണ്. കൊവിഡ് കാരണം തൊഴിൽ രഹിതരായ സ്ട്രിപ്പർമാരുടെ പാതിരാ ഇൻസ്റ്റാഗ്രാം ലൈവ് സ്ട്രീമുകളുടെ ഒരു നെറ്റവർക്ക് ആണ് ഒൺലി ഫാൻസിനു പുറമെ ബിയോൺസെ പറഞ്ഞ 'ഡെമൺ ടൈം' എന്നത്. നഗ്നത സംബന്ധിച്ച പോളിസികൾ കാരണം ഡെമൺ ടൈമിന്റെ പല ഇൻസ്റ്റാഗ്രാം ഹാൻഡിലുകളും റദ്ദു ചെയ്യപ്പെടുന്നു. 

ബിയോൺസെ നൽകിയ 'ബൂസ്റ്റ്'

ഈ പ്രശ്നങ്ങളെത്തുടർന്നാണ് അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒൺലി ഫാൻസിലേക്ക് ഈ അഡൽറ്റ് എന്റർടൈൻമെന്റ് പ്രവർത്തകർ കുടിയേറുന്നത്. അഡൽറ്റ് എന്റെർറ്റൈനെർമാരുടെ ലൈവ് പ്രദർശനങ്ങൾ പണം നൽകി സബ്സ്ക്രൈബ് ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യം നൽകുന്ന ഒരു കണ്ടന്റ് അഗ്രഗേറ്റർ വെബ്‌സൈറ്റ് ആയിരുന്നു ഒൺലി ഫാൻസ്‌. തുടങ്ങുന്നത് കൊവിഡിനോക്കെ മുമ്പായിരുന്നു എങ്കിലും, ലോകത്തെമ്പാടുമുള്ള പലരും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി പണം സമ്പാദിക്കുന്നത്  കാണാനായത്  പിന്നാലെ വന്ന ലോക്ക് ഡൌൺ കാലത്തായിരുന്നു. "Hips tik tok when I dance / On that Demon Time, she might start an OnlyFans" എന്ന് റാപ്പ് ചെയ്ത് ബിയോൺസെ ഒൺലി ഫാൻസിന്റെ പേര് വീണ്ടും കൂടുതൽ പേരിലേക്ക് എത്തിക്കുന്നു. ബിയോൺസെയുടെ സാവേജ് റീമിക്സിൽ ഈ പരാമർശമുണ്ടായി വെറും 24 മണിക്കൂറിനുള്ളിൽ ഒൺലി ഫാൻസിന്റെ യൂസർ ബേസിനുണ്ടായ വർധന 15 ശതമാനത്തിൽ അധികമാണ്.

 

ബിയോൺസെയുടെ ഈ പരാമർശം, ഒൺലി ഫാൻസ്‌ ഒരു സുരക്ഷിതമായ ഇടമാണ് എന്നൊരു ധാരണ പോലും അന്ന് ഓൺലൈൻ പെർഫോർമർമാർക്കിടയിൽ ഉണ്ടാക്കുന്നുണ്ട്. അടുത്ത ആഴ്ചകളിൽ Blac Chyna, The-Dream, Safaree Samuels, Casanova, Cardi B, Blac Chyna, Tyler Posey, and Tana Mongeau  തുടങ്ങി പല സെലിബ്രിറ്റി താരങ്ങളും ഒൺലി ഫാൻസിൽ അംഗത്വമെടുക്കുന്നു. അതിനു പിന്നാലെ തന്നെ  'ഡെമൺ ടൈം' ഉടമ ജസ്റ്റിൻ ലാബോയ്, ഒൺലി ഫാൻസ്‌ ഉടമ സ്റ്റോക്ക്ലിയുമായി ചേർന്ന് ഒരു ഡിജിറ്റൽ സ്ട്രിപ്പ് ക്ലബ് തുടങ്ങുന്നതായി പ്രഖ്യാപിക്കുന്നു.

We have officially partnered with Demon Time who have created the first ever monetized virtual night club experience using our new dual screen live feature. We would like to welcome & to the OnlyFans Family! Grand Opening of the show on Friday 5/15 😈 pic.twitter.com/xorSGHn9Um

— OnlyFans (@OnlyFans)

 

അതോടെ ഇൻസ്റ്റഗ്രാമിൽ അതുവരെ  'ഡെമൺ ടൈം' നെറ്റ്‌വർക്കിൽ ഉണ്ടായിരുന്ന, ഇൻസ്റ്റഗ്രാമിൽ ഡിലീറ്റിങ് ഭീഷണി നേരിട്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് പെർഫോർമർമാർ ഒറ്റയടിക്ക് ഒൺലി ഫാൻസ്‌ അംഗങ്ങളാവുന്നു. നിലവിൽ പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് മാത്രം പ്രവേശനം എന്ന നയമാണ് ഇവർ പിന്തുടരുന്നത്. 

 

ഒൺലി ഫാൻസും വിവാദങ്ങളും 

കൊവിഡ് കാലത്ത് ലോകമെമ്പാടുമുള്ള നിരവധി പേർ ഒൺലി ഫാൻസിനെ തങ്ങളുടെ ഒരേയൊരു ഉപജീവനമാർഗമായി കണ്ടു എങ്കിലും, ഇതിന്റെ പേരിലുണ്ടായ വിവാദങ്ങളും ചില്ലറയായിരുന്നില്ല.   ബിബിസി അന്വേഷണത്തിൽ നിർണായകമായ പല വെളിപ്പെടുത്തലുകളും ഉണ്ടായി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ വ്യാജ ഐഡികൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ കയറിയ ശേഷം തങ്ങളുടെ നഗ്ന ചിത്രങ്ങൾ പങ്കുവെക്കുന്നു എന്നതായിരുന്നു ഒരു പ്രധാന ആക്ഷേപം. ബിബിസിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് ഒൺലിഫാൻസിന്റെ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദം, ഒക്ടോബർ ഒന്ന് മുതൽ അശ്‌ളീല കണ്ടെന്റ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉണ്ടാവില്ല എന്നൊരു പ്രഖ്യാപനം നടത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചു എങ്കിലും, നിക്ഷേപകരിൽ നിന്നുണ്ടായ പ്രതിഷേധം കാരണം, പ്രഖ്യാപിക്കപ്പെട്ടതിന് വെറും ആറു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ നയമാറ്റം റദ്ദാക്കാൻ അവർ നിർബന്ധിതരാവുന്നുണ്ട്.

 

തെറ്റായ രീതിയിൽ തങ്ങളുടെ സൈറ്റ് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വളരെ അപൂർവമായേ നടക്കുന്നുള്ളൂ എന്നും പ്രായപൂർത്തി ആകാത്തവരുടെ ഉപഭോഗവും,ഇന്സെസ്റ്റും, പെഡോഫീലിയയും അടക്കമുള്ള കാര്യങ്ങളിൽ കാര്യമായ ശ്രദ്ധതന്നെ ചെലുത്താൻ തങ്ങൾ ശ്രമിക്കുന്നുണ്ട് എന്നും, ഒൺലി ഫാൻസ്‌ മാനേജ്‌മെന്റ് പ്രതികരിച്ചിരുന്നു. എന്നാൽ, 2020 മാർച്ചിൽ ഏകദേശം നാലു ടെറാ ബൈറ്റോളം ഡാറ്റ, അതായത് 500 മണിക്കൂറോളം ദൈർഘ്യം വരുന്ന HD കണ്ടൻറ് ചോർന്ന് മെഗാ എന്ന ക്ലൗഡ് സ്റ്റോറേജ് സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. അതിനു ശേഷം, തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിച്ചു എന്നാണ് ഒൺലി ഫാൻസ്‌ ബസ് ഫീഡ് മാഗസിനെ അറിയിച്ചത്.


ഒൺലി ഫാൻസിന്റെ സാമ്പത്തികം 

ഇന്ന്  ഒൺലി ഫാൻസ്‌ എന്നത് 12 കോടിയിൽ അധികം സബ്സ്ക്രൈബർമാരുള്ള ഒരു വലിയ പ്രസ്ഥാനമായി വളർന്നുകഴിഞ്ഞു. പ്രതിമാസം 5 ഡോളർ മുതൽ 50 ഡോളർ വരെ ഫീസ് ഒടുക്കുന്ന ഈ സബ്സ്ക്രൈബർമാർക്ക് അതിനു പുറമെ തങ്ങൾക്ക് ഇഷ്ടമുള്ള കണ്ടെന്റ് ക്രിയേറ്റർമാർക്ക് 'ടിപ്പ്' നൽകാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സൈറ്റ് നാലുമാസത്തെ താഴെ ഉപയോഗിച്ചിട്ടുള്ളവർക്ക് പ്രതിദിനം 100 ഡോളറും, നാലുമാസത്തിനു മേലെ ഉപയോഗിച്ചിട്ടുള്ളവർക്ക് പ്രതിദിനം 200 ഡോളറും ടിപ്പ് നൽകാൻ അനുവാദമുണ്ട്. പെർഫോമൻസ് നടത്തുന്ന താരങ്ങൾക്ക് പേഴ്സണൽ മെസേജുകൾ അയക്കാനും, ഫോൺ വിളിച്ച് സംസാരിക്കാനും, ഗ്രൂപ്പ് ചാറ്റ് നടത്താനും, പെർഫോർമർമാരുടെ വീഡിയോകളും ഫോട്ടോകളും എല്ലാം നേരിട്ട് അയച്ചു കിട്ടാനും ഒൺലി ഫാൻസിൽ സംവിധാനമുണ്ട്. ഇതിനൊക്കെ ചുമത്തുന്ന നിരക്കുകളുടെ ഇരുപതു ശതമാനമാണ് ഒൺലി ഫാൻസ്‌ കമ്മീഷനായി ഈടാക്കുക. ബാക്കി എൺപതു ശതമാനവും പെർഫോമൻസ് നടത്തുന്നവരുടെ അക്കൗണ്ടുകളിൽ ആണ് ചെന്നെത്തുന്നത് എന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. 


 
പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാരിൽ ടോപ്പ് 10 %, ടോപ്പ് 0.1 % എന്നീ സ്ലാബുകളിൽ വരുന്നവരെ ടോപ്പ് ക്രിയേറ്റർ ബാഡ്ജ് നൽകി ഒൺലി ഫാൻസ്‌ അംഗീകരിക്കുകയും സ്‌പെഷ്യൽ ഇൻസെന്റീവുകൾ നൽകുകയും ഒക്കെ ചെയ്യുന്നുണ്ട്. ഈ ബാഡ്‌ജുകളെ തങ്ങൾക്ക് കൂടുതൽ കാഴ്ചക്കാരെ നേടിയെടുക്കാനുള്ള മാർക്കറ്റിങ് ടൂളുകളായി ഇതേ ക്രിയേറ്റർമാർ പ്രയോജനപ്പെടുത്തുന്നതും സാധാരണമാണ്. ഇൻസൈഡർ പ്രസിദ്ധപ്പെടുത്തിയ ഒൺലി ഫാൻസ്‌ ഡാറ്റ പ്രകാരം,  17.4 കോടി പ്രതിമാസ സന്ദർശനങ്ങളും 55 ലക്ഷം പ്രതിദിന സന്ദർശനങ്ങളും ഈ വെബ്സൈറ്റിനുണ്ട്. പതിനഞ്ചു കോടി രജിസ്റ്റേർഡ് ഉപഭോക്താക്കളും, പതിനഞ്ചു ലക്ഷത്തോളം കണ്ടെന്റ് ക്രിയേറ്റർമാരും തങ്ങൾക്കുണ്ട് എന്നാണ് ഇവർ പറയുന്നത്. പ്രതിവർഷം അഞ്ഞൂറ് കോടി ഡോളറാണ് തങ്ങൾ ക്രിയേറ്റർമാർക്ക് നൽകുന്നത് എന്നും ഒൺലി ഫാൻസ്‌ പറയുന്നു. കൊവിഡ് ലോക്ക് ഡൌൺ തുടങ്ങിയ ശേഷം ഓരോ ദിവസവും രണ്ടു ലക്ഷം പേരാണ് പുതുതായി അംഗത്വമെടുത്തത് എന്നും അവർ അവകാശപ്പെടുന്നു. കൊവിഡിന് മുമ്പ് വെറും നാലുലക്ഷത്തിൽ താഴെ മാത്രം കണ്ടന്റ് ക്രിയേറ്റർമാർ ഉണ്ടായിരുന്ന ഒൺലി ഫാൻസ്‌ ഒറ്റയടിക്കാണ് അത് പതിനാറു ലക്ഷമാക്കി വർധിപ്പിച്ചെടുത്തത്. 2020 -ൽ ഈ വെബ്‌സൈറ്റിന്റെ സാമ്പത്തിക നേട്ടം 553 ശതമാനം വർധിച്ചു എന്നും  ഫിനാൻഷ്യൽ ടൈംസിൽ വന്ന കണക്കുകൾ പറയുന്നു. 

 

സുപ്രസിദ്ധ റാപ്പർ ആയ Bhad Bhabie എന്ന യുവതി വെറും ആറു മണിക്കൂർ നേരം കൊണ്ട് ഒരു മില്യൺ ഡോളർ സമ്പാദിച്ച് ഒൺലി ഫാൻസിൽ റെക്കോർഡ് ഇടുകയുണ്ടായി. 13 വയസ്സുമുതൽക്കെ റാപ്പ് സംഗീത രംഗത്ത് പ്രസിദ്ധിയാർജിച്ചിരുന്ന Bhad Bhabie പതിനെട്ടുവയസ്സു തികഞ്ഞു ദിവസങ്ങൾക്കുള്ളിലാണ് ഒൺലി ഫാൻസിൽ കണ്ടെന്റ് ക്രിയേറ്റർ ആയി ചേരുന്നത്. അതിനു മുമ്പ് Bella Thorne  എന്ന ഡിസ്‌നി താരവും 24 മണിക്കൂർ നേരം കൊണ്ട് ഒരു മില്യൺ ഡോളർ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. 

ഇന്ത്യയിലെ പല സിനിമാ താരങ്ങളും മോഡലുകളും ഒൺലി ഫാൻസിന്റെ കണ്ടന്റ് ക്രിയേറ്റർമാർ എന്ന നിലയ്ക്ക് പ്രസിദ്ധരാണ്.  ഷെർലിൻ ചോപ്ര, പൂനം പാണ്ഡെ, സോഫിയ ഹയാത്ത്, അഞ്ജലി കാര, ആനി ശർമ്മ, സ്വാതി നായിഡു എന്നിങ്ങനെ പലരും ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന മോഡലുകളാണ്. 

 

 

കൊവിഡ് കാലത്ത് വരുമാനം നിലച്ച പലരും ഒൺലി ഫാൻസ്‌ പോലെയുള്ള സാമൂഹികമായി തെല്ലും സ്വീകാര്യതയില്ലാത്ത മാർഗങ്ങൾ അവലംബിക്കാൻ നിർബന്ധിതരാകുന്ന ഒരു കാഴ്ചയാണ് ദൃശ്യമായത്. ലൈംഗിക തൊഴിൽ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടില്ലാത്ത നമ്മുടെ നാട്ടിൽ, ഓൺലൈൻ നഗ്നതാ പ്രദർശനവും, വ്യക്തിഗതമായ അഡൽറ്റ് പെർഫോമൻസും ഒക്കെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തി അതിലൂടെ വരുമാനം ഉണ്ടാക്കുന്ന ആഗോള തരംഗത്തിനൊപ്പം നമ്മുടെ നാട്ടിലെ പലരും ചേർന്നുകഴിഞ്ഞു. ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇങ്ങനെ ഒരു പ്ലാറ്റ്ഫോമിന്റെ അസ്തിത്വത്തെക്കുറിച്ചു തന്നെ അവബോധമില്ല എങ്കിലും പതുക്കെ അങ്ങനെ ഒന്നുണ്ടെന്ന് ജനം തിരിച്ചറിയുകയും, അതിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകൾ ട്രോളുകളുടെ രൂപത്തിലും, വിമർശനങ്ങളുടെ രൂപത്തിലുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നിയമപരമായ സാധുതയെക്കുറിച്ച്, അതിന്റെ നിലനിൽപ്പിനെക്കുറിച്ച്, വരും ദിനങ്ങളിൽ കൂടുതൽ വ്യക്തതയോടെ നമുക്ക് അറിയാനാവും എന്നുതന്നെ കരുതാം. 
 

click me!