Facebook : ഇങ്ങനെയൊരു സംഭവം ഫേസ്ബുക്കില്‍ ആദ്യം; വലിയ സൂചന.!

By Web Team  |  First Published Feb 3, 2022, 2:33 PM IST

അതേ സമയം പുതിയ വാര്‍ത്ത വന്നതിന് പിന്നാലെ മെറ്റയുടെ ഓഹരികളില്‍ വലിയ ഇടിവാണ് ഓഹരി വിപണിയില്‍ സംഭവിച്ചത്.


സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന്‍റെ ഇതുവരെയുള്ള ചരിത്രത്തിലെ ആദ്യ സംഭവമാണ് 2021ലെ അവസാനത്തെ മൂന്ന് മാസത്തില്‍ നടന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 3നാണ് തങ്ങളുടെ 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോര്‍ട്ട് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ പുറത്തുവിട്ടത്. ഇത് പ്രകാരം ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കില്‍ ദിവസേനയുള്ള സജീവ അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുകയാണ്. 

ഏണിംഗ് റിപ്പോര്‍ട്ടിന്‍റെ രണ്ടാം പേജിലെ കണക്കുകള്‍ പ്രകാരം, 2021 അവസാന പാദത്തില്‍ നേരത്തെയുള്ള 1.930 ബില്ല്യണ്‍ ദിവസേനയുള്ള സജീവ ഉപയോക്താക്കളുടെ കണക്ക് 1.929 ബില്ല്യണ്‍ ആയി കുറഞ്ഞു. അതേ സമയം തന്നെ വരുമാന വര്‍ദ്ധനവില്‍ ഫേസ്ബുക്കിന് കുറവ് സംഭവിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ പ്രവചിച്ച വളര്‍ച്ച നിരക്കിലേക്ക് ഈ പാദത്തില്‍ എത്താന്‍ ഫേസ്ബുക്കിന് ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

undefined

അതേ സമയം പുതിയ വാര്‍ത്ത വന്നതിന് പിന്നാലെ മെറ്റയുടെ ഓഹരികളില്‍ വലിയ ഇടിവാണ് ഓഹരി വിപണിയില്‍ സംഭവിച്ചത്. 20 ശതമാനത്തോളം ഓഹരി വിലയില്‍ മെറ്റയ്ക്ക് ഇടിവ് സംഭവിച്ചു. ഏതാണ്ട് 2000 കോടി ഡോളറിന്‍റെ നഷ്ടമാണ് മെറ്റയ്ക്ക് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനൊപ്പം തന്നെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഓഹരികളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

അതേ സമയം ഫേസ്ബുക്കിന്‍റെ വില്‍പ്പന വളര്‍ച്ചയില്‍ നേരിട്ട തിരിച്ചടിക്ക് വിവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനമായത് ആപ്പിളിന്‍റെ ഡിവൈസുകളില്‍ സംഭവിച്ച പ്രൈവസി മാറ്റങ്ങളാണ്. ഒപ്പം തന്നെ കൂടുതല്‍ യുവാക്കള്‍ മറ്റ് പ്ലാറ്റ്ഫോമുകള്‍ തേടിപ്പോകുന്നുമുണ്ട്. അമേരിക്കന്‍ വിപണിയിലെ ടിക്ടോക്കിന്‍റെ വളര്‍ച്ച ഒരു കാരണമായി നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. 

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരസ്യ പ്ലാറ്റ്ഫോം മെറ്റയാണ്. അതേ സമയം മെറ്റയുടെ കീഴിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ കാര്യമായ യൂസര്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇവയുടെയും വളര്‍ച്ച നിരക്കില്‍ കാര്യമായ വ്യത്യാസം ഇല്ലാത്തത് മെറ്റയ്ക്ക് ആശങ്കയുണ്ടാക്കുന്ന സൂചനയാണ് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. 

അതേ സമയം സെന്‍സര്‍‍ ടവറിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫേസ്ബുക്കിന്‍റെ ഡൗണ്‍ലോഡിനെ 2021 ല്‍ ഇന്‍സ്റ്റഗ്രാം മറികടന്നുവെന്നാണ് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് ഓപ്ഷന്‍ ഈ വളര്‍ച്ചയ്ക്ക് വലിയൊരു കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
 

click me!