പോണ്‍ ഇങ്ങനെ കണ്ടാലും രക്ഷയില്ല; നിങ്ങള്‍ നിരീക്ഷണത്തിലാണ്.!

By Web Team  |  First Published Jul 19, 2019, 7:22 PM IST

അന്വേഷണത്തിന് വിധേയമായ സൈറ്റുകളില്‍ 74 ശതമാനം സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ട്. ഒറാക്കിള്‍ 24 ശതമാനം വിവരങ്ങള്‍ കൈക്കലാക്കുന്നു. ഫേസ്ബുക്കിന്‍റെ പങ്ക് 10 ശതമാനമാണ്. 


ന്യൂയോര്‍ക്ക്: പോണ്‍ കാണുന്ന ശീലമുള്ളവര്‍ അതിനൊപ്പം പുലര്‍ത്തുന്ന രീതിയാണ് ഓണ്‍ലൈനില്‍ പോണ്‍ കാണുമ്പോള്‍ ഇന്‍കോഗ്നിറ്റോ (incognito) മോഡില്‍ ബ്രൗസ് ചെയ്യുക എന്നത്. സെര്‍ച്ച് ഹിസ്റ്ററി മൂന്നാമത് ഒരാള്‍ കാണില്ല എന്നതാണ് ഇതിന്‍റെ ഗുണം എന്നാണ് സ്വതവേ കരുതപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ കണ്ടാലും നിങ്ങളെ ചിലര്‍ നിരീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍ജീനിയ മെലോണ്‍ യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

വെബ് എക്സ് റേ എന്ന ടൂള്‍ ഉപയോഗിച്ച് 22,484 പോണ്‍ സൈറ്റുകളിലാണ് ഈ അന്വേഷണം നടത്തിയത്. ഇത് പ്രകാരം ഈ സൈറ്റുകളിലെ 93 ശതമാനം പേജുകളിലും സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ സൈറ്റുകള്‍  മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നാണ് റിപ്പോര്‍ട്ട്. 230 ഒളം കമ്പനികള്‍ പോണ്‍ കാണുവാന്‍ സൈറ്റുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്. ടെക് ലോകത്തെ പ്രധാന കമ്പനികള്‍ തന്നെ ഈ വിവരം കൈവശപ്പെടുത്താന്‍ രംഗത്തുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു.

Latest Videos

undefined

അന്വേഷണത്തിന് വിധേയമായ സൈറ്റുകളില്‍ 74 ശതമാനം സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നുണ്ട്. ഒറാക്കിള്‍ 24 ശതമാനം വിവരങ്ങള്‍ കൈക്കലാക്കുന്നു. ഫേസ്ബുക്കിന്‍റെ പങ്ക് 10 ശതമാനമാണ്. ഇവര്‍ക്ക് പുറമേ പോണ്‍ കമ്പനികളും വിവരം ശേഖരിക്കുന്നുണ്ട് 40 ശതമാനം വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നത് എക്സോ ക്ലിക്ക് എന്ന കമ്പനിയാണ്. ജ്യൂസി ആഡ്സ് എന്ന കമ്പനി 11 ശതമാനം കൈയ്യാളുന്നു. ഇറോ അഡ് 9 ശതമാനം കൈയ്യടക്കുന്നു. പോണ്‍ സൈറ്റുകളില്‍ പരസ്യം ചെയ്യുന്ന കമ്പനികളാണ് ഇവ.

ഇതില്‍ പോണുമായി ബന്ധമില്ലാത്ത കമ്പനികള്‍ അമേരിക്കയില്‍ നിന്നും, പോണ്‍ പരസ്യ കമ്പനികള്‍ യൂറോപ്പില്‍ നിന്നുമാണെന്ന രസകരമായ വിവരവും അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തിന്‍റെ ഭാഗമായി 'ജാക്ക്' എന്ന പേരില്‍ ഒരു വ്യാജ വ്യക്തിത്വം വഴി പഠന സംഘം പോണ്‍ സൈറ്റുകളില്‍ കയറി. പല സൈറ്റുകളിലും ഉപയോക്താവിന്‍റെ വിവരം സംരക്ഷിക്കും എന്ന് ഈ സൈറ്റുകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.  ഇന്‍കോഗ്നിറ്റോ മോഡിലാണ് ഈ സൈറ്റുകള്‍ ലോഗിന്‍ ചെയ്തത്. എന്നാല്‍ ഈ മോഡില്‍ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നത്  മാത്രമേ തടയാന്‍ സാധിക്കൂ. നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്ന വെബ് അഡ്രസ് വച്ച് നിങ്ങളെ നിരീക്ഷിക്കുന്നത് തടയാന്‍ പറ്റില്ല.

ഇത്തരത്തില്‍ കാണുന്ന പോണ്‍ വീഡിയോയുടെ സ്വഭാവം വച്ച് സൈറ്റിനോ, ഒരു മൂന്നാംകക്ഷിക്കോ നിരീക്ഷിച്ച് ഒരു ഉപയോക്താവിന്‍റെ പ്രോഫൈല്‍ ഉണ്ടാക്കാനോ, അല്ലെങ്കില്‍ ബിസിനസ് ആവശ്യത്തിന് ഈ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറാനോ സാധിക്കും എന്ന് പഠന സംഘം പറയുന്നു. ഇത്തരത്തിലുള്ള ഡാറ്റ കൈമാറ്റം ഉപയോക്താവ് അറിയുകയും ഇല്ല. പോണ്‍ സൈറ്റുകളില്‍ സ്വകാര്യ നയങ്ങള്‍ പരസ്യമായി ലംഘിച്ച് ലോക വ്യാപകമായി തന്നെ വലിയതോതില്‍ ഡാറ്റ ചോര്‍ത്തല്‍ നടക്കുന്നുണ്ട് എന്നാണ് ഈ അന്വേഷണം വ്യക്തമാക്കുന്നത്.

2017 ലെ കണക്ക് വച്ച് ലോകത്തിലെ ഏറ്റവും വലിയ പോണ്‍സൈറ്റായ പോണ്‍ഹബ്ബിന് 28.5 ബില്ല്യണ്‍ സന്ദര്‍ശകര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ ഒരു സെക്കന്‍റില്‍ 55,000 സന്ദര്‍ശകര്‍ ഈ സൈറ്റില്‍ എത്തുന്നു. 2017 ലെ കണക്ക് പ്രകാരം തന്നെ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം നെറ്റ്ഫ്ലിക്സ്, ആമസോണ്‍, ട്വിറ്റര്‍ സന്ദര്‍ശകരുടെ എണ്ണം കൂട്ടിയാല്‍ കിട്ടുന്നതിനെക്കാള്‍ കൂടുതലാണ്. ലോകത്തിലെ ഇന്‍റര്‍നെറ്റ് ഡാറ്റ കൈമാറ്റത്തിന്‍റെ 30 ശതമാനത്തോളം പോണുമായി ബന്ധപ്പെട്ടതെന്നാണ് പഠനം പറയുന്നത്. 

ഇതേ സമയം പോണ്‍കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതല്ല, അതിനെ നിയന്ത്രിക്കാന്‍ പുതിയ രീതികള്‍ വരുമെന്ന് പ്രതീക്ഷയാണ് പഠനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ, കാര്‍ജീനിയ മെലോണ്‍ യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണം പറയുന്നത്.

click me!