ദില്ലിയിലെ വ്യാജ കോള്‍ സെന്‍റര്‍: സിസിടിവി ഹാക്ക് ചെയ്ത് കോടികളുടെ തട്ടിപ്പ് പുറത്തെത്തിച്ച് ഹാക്കര്‍

By Web Team  |  First Published Mar 3, 2020, 6:57 PM IST

കമ്പ്യൂട്ടറിൽ വൈറസ്, സിസ്റ്റം സ്റ്റക്കാവുമ്പോൾ വരുന്നത് മൈക്രോസോഫ്റ്റിൽ വിളിക്കാൻ മെസ്സേജ്, എഴുതിക്കാണിക്കുന്ന നമ്പർ ദില്ലിയിലെ തട്ടിപ്പ് കോൾസെന്ററിന്റെ, തട്ടുന്നത് പതിനായിരം മുതൽ  ഒരുലക്ഷം വരെ. 


ദില്ലിയിലെ ഗുരുഗ്രാമിൽ ഒരു ചെറിയ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോൾ സെന്റർ. ഇവരുടെ പ്രധാന പണി തട്ടിപ്പാണ്. യുകെയിലെ പൗരന്മാർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വൈറസുകൾ കയറ്റിവിടുക. എന്നിട്ട്, സിസ്റ്റം സ്റ്റക്കാക്കിക്കൊണ്ട്, കമ്പ്യൂട്ടർ തകരാറിലായി എന്ന് കാണിച്ചുകൊണ്ടുള്ള മെസേജുകൾ സ്‌ക്രീനിൽ പോപ്പ് അപ്പ് ചെയ്യിക്കുക. ഒപ്പം, " മൈക്രോസോഫ്റ്റിനെ ഈ നമ്പറിൽ വിളിക്കുക" എന്നൊരു സന്ദേശവും. വിളിക്കേണ്ടുന്ന നമ്പർ ഈ കോൾസെന്ററിന്റെ ആയിരിക്കും എന്നുമാത്രം. 

Latest Videos

undefined

തങ്ങളുടെ കേടായ സിസ്റ്റം നന്നാക്കിക്കിട്ടാൻ ഈ നമ്പറുകളിലേക്ക് വിളിക്കുന്ന പാവങ്ങളോട് അവർ തങ്ങൾ ഉള്ളത് കാലിഫോർണിയയിലെ സാൻ ഹൊസെയിലാണ് എന്നാണ് പറയുക. സിസ്റ്റം നന്നാക്കാൻ നൂറു പൗണ്ട് മുതൽ 1500 പൗണ്ട് വരെ ആവശ്യപ്പെടാറുണ്ട് ഇവർ. അതായത് ഇവിടത്തെ പതിനായിരം മുതൽ ഒന്നരലക്ഷം വരെ. അത്യാവശ്യമുള്ള പല ഡാറ്റയും സിസ്റ്റത്തിലുള്ളവർ ഈ പണവും കൊടുത്ത് സിസ്റ്റം പഴയപോലെ ആക്കാറുണ്ട്. ഇങ്ങനെ തട്ടിപ്പുകാണിക്കുന്നതിലൂടെ മാസാമാസം ഇവർ സമ്പാദിക്കുന്നത് രണ്ടര മുതൽ മൂന്നുകോടി രൂപവരെയാണ്. അമിത് ചൗഹാൻ എന്ന ദില്ലി സ്വദേശിയാണ് ഈ തട്ടിപ്പുകമ്പനിയുടെ മുതലാളി. ഈ ബുദ്ധിക്കു പിന്നിലെ തലച്ചോറും ഇയാളുടേതുതന്നെ. 

ഈ കറക്കുകമ്പനിയുടെ ബിസിനസ് നിർബാധം തുടരുന്നതിനിടെയാണ് അവർക്ക് ചെറിയൊരു പണി കിട്ടുന്നത്. 'ജിം ബ്രൗണിങ്' എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു എത്തിക്കൽ ഹാക്കർ ഈയിടെ ഈ കാൾസെന്ററിന്റെ HD സിസിടിവി കാമറ നെറ്റ് വർക്കിലേക്ക് ഹാക്ക് ചെയ്തു കയറി. ആ കോൾസെന്ററിൽ നിന്ന് പുറത്തേക്കു പോകുന്ന 70,000 -ൽ പരം കോളുകളും ജിം റെക്കോർഡ് ചെയ്തു. അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നവയായിരുന്നു. ഇവരുടെ വലയിൽ അകപ്പെടുന്ന യുകെയിലെ പലരുടെയും കയ്യിൽ തങ്ങളുടെ സിസ്റ്റം നേരെയാക്കാൻ ഈ തട്ടിപ്പുകാർക്ക് നൽകാനുള്ള പണമുണ്ടായിരുന്നില്ല. പലരും ഫോണിൽ കരയുന്നത് കേൾക്കാമായിരുന്നു. അവരുടെ കരച്ചിൽ കേൾക്കുമ്പോൾ ഈ തട്ടിപ്പുകാർ ചിരിക്കുന്നതും. കമ്പ്യൂട്ടർ നന്നാക്കാൻ 1295 പൗണ്ട് അടക്കേണ്ടതുണ്ട് എന്നുപറഞ്ഞപ്പോൾ, ഒരു കസ്റ്റമർ "എനിക്ക് ഹാർട്ടറ്റാക്ക് വരുമെന്നാണ് തോന്നുന്നത് " എന്ന് പറഞ്ഞാണ് കരയുന്നത്. അപ്പോൾ, " നിങ്ങൾ എന്തിനാണ് കരയുന്നത് സാർ. നിങ്ങൾ ഒരു ജെന്റിൽമാൻ ആണെന്ന് എനിക്കറിയാം" എന്നും പറഞ്ഞുകൊണ്ട് ആ കോൾസെന്റർ എക്സിക്യൂട്ടിവ് ഇരയെ ആശ്വസിപ്പിക്കുന്നു. ഇതിന്റെയൊക്കെ സംഭാഷണങ്ങളോട് കൂടിയ വീഡിയോ ദൃശ്യങ്ങൾ ജിം ബിബിസിയുടെ പനോരമയിൽ പങ്കുവെച്ചിട്ടുണ്ട്.  

പല ഇരകളോടും " നിങ്ങൾ പോൺ കാണുന്നതുകൊണ്ടാണ് കമ്പ്യൂട്ടറിൽ വൈറസ് വന്നത് " എന്നാണ് തട്ടിപ്പുകാർ പറഞ്ഞുകൊണ്ടിരുന്നത്. ഈ പരിപാടി കഴുത്തിന് കുത്തിപ്പിടിച്ച് പണം തട്ടുന്നതിൽ കുറഞ്ഞൊന്നുമല്ല എന്ന് ഇരകളിൽ പലരും തട്ടിപ്പ് പുറത്തറിഞ്ഞപ്പോൾ പറഞ്ഞു. 

ഒടുവിൽ ജിം ഈ കാൾസെന്ററിലേക്ക് വിളിക്കുന്നുണ്ട്. തന്നോട് തങ്ങളുടെ ഓഫീസ് കാലിഫോർണിയയിലെ സാൻ ഹോസെയിൽ ആണെന്ന് പറയുന്ന തട്ടിപ്പുകാരനോട് പ്രദേശത്തെ ഏതെങ്കിലുമൊരു റെസ്റ്റോറന്റിന്റെ പേരുപറയാൻ ജിം ആവശ്യപ്പെടുന്നു. അപ്പോൾ തന്നെ അയാൾ അതിനുള്ള ഉത്തരം ഗൂഗിൾ ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൂടുതൽ കാര്യങ്ങൾ ചോദിച്ചതോടെ കോൾ സെന്റർ എക്സിക്യൂട്ടീവ് ഫോൺ കട്ടുചെയ്യുന്നു.  

പൊലീസ് അന്വേഷണം ഉണ്ടാവുന്ന മുറയ്ക്ക് ഇവർ സർവറുകളും, ഓഫീസുകളും മാറി മറ്റൊരിടത്തേക്ക് ചേക്കേറി വീണ്ടും പഴയ പണി തുടങ്ങുകയാണ് പതിവ്. അതുകൊണ്ട് ഒരിക്കലും ഇതിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ പുറംലോകം അറിയാറില്ല. ഈ എത്തിക്കൽ ഹാക്കർ ചെയ്ത പണി, ഇന്ത്യയിലെ ഈ കോൾസെന്ററിന്റെ സിസിടിവി കാമറ നെറ്റ് വർക്കിലേക്ക് ഹാക്ക് ചെയ്തു കയറിയത് യുകെയിലെ നിയമങ്ങൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണ്. എന്നാൽ തന്റെ നാട്ടിലെ നിരപരാധികളായ പാവങ്ങളെ ഇങ്ങനെ തട്ടിപ്പിന് ഇരയാക്കുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം എന്നുമാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്ന് ജിം ബിബിസിയോട് പറഞ്ഞു. 

ജിം നൽകിയ തെളിവുകളുടെ ബലത്തിൽ പ്രസ്തുത കോൾസെന്റർ റെയിഡ് ചെയ്യപ്പെടുകയും, തട്ടിപ്പുകാരിൽ പലരും അറസ്റ്റു ചെയ്യപ്പെടുകയുമുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും തട്ടിപ്പുകാരെത്തന്നെ പറ്റിച്ച 'ജിം ബ്രൗണിങ്'നെപ്പോലുള്ള എത്തിക്കൽ ഹാക്കർമാരുടെ സേവനം ഈ രംഗത്തെ തട്ടിപ്പുകാരെ തടയാൻ ഇനിയും ആവശ്യമുണ്ടെന്ന അഭിപ്രായക്കാരാണ് യുകെയിലെ ബഹുഭൂരിപക്ഷം സൈബർ ഉപഭോക്താക്കളും. 

click me!