ഞായറാഴ്ച 'കൊവിഡ് 19 എക്സ്പോഷര്‍ നോട്ടിഫിക്കേഷന്‍' എന്ന ഫീച്ചര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു.
ഏപ്രില്‍ മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി ആപ്പിളും ഗൂഗിളും തമ്മില്‍ സഹകരിക്കും എന്ന് വ്യക്തമാക്കിയത്. കൊവിഡ് ബാധിതരുടെ കോണ്‍ടാക്റ്റ് ട്രൈസിംഗിനായി ഒരു സംയുക്ത സംരംഭമാണ് ഈ ടെക് ഭീമന്മാര്‍ വാഗ്ദാനം ചെയ്തത്. ഞായറാഴ്ച 'കൊവിഡ് 19 എക്സ്പോഷര്‍ നോട്ടിഫിക്കേഷന്‍' എന്ന ഫീച്ചര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു. എന്നാല്‍ പക്ഷെ ഇത് ഇന്ത്യയില്‍ ഉള്ള ഉപയോക്താക്കള്‍ക്ക് പരിചിതമല്ല കാരണം എന്താണ്.
ആപ്പിള്‍ ഗൂഗിള്‍ കോണ്‍ട്രാക്റ്റ് ട്രൈസ് സംവിധാനം: ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല
undefined
ഇതുവരെ ഈ ഫീച്ചര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല എന്നാണ് വിവരം. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആപ്പിള്‍-ഗൂഗിള്‍ കോണ്‍ട്രാക്റ്റ് ട്രൈസ് സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആപ്പ് നിങ്ങളുടെ ഫോണില്‍ വേണം. അല്ലെങ്കില്‍ ഈ ഫീച്ചറിന്‍റെ അപ്ലികേഷന്‍ പ്ലാറ്റ്ഫോം ഇന്‍റര്‍ഫേസ് (എപിഐ) ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ആപ്പ് വേണം.
അതായത് സര്‍ക്കാറുകളുടെ കോണ്‍ടാക്റ്റ് ട്രൈസിംഗ് ആപ്പുകള്‍ക്ക് വേണ്ടി അത് ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഒരു എപിഐ ആണ് ഗൂഗിളും ആപ്പിളും ഉണ്ടാക്കിയിരിക്കുന്നത്. അതായത് രണ്ട് ഫോണുകള്‍ തമ്മില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു എപിഐ. ഇത് ഒരു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
ഇന്ത്യയിലേക്ക് വന്നാല്‍ സര്‍ക്കാറിന്‍റെ ആരോഗ്യസേതു ആപ്പ് ആപ്പിള്‍-ഗൂഗിള്‍ എപിഐ ഉപയോഗിക്കുന്നില്ല. അതിന് പ്രധാനകാരണം ആപ്പിള്‍-ഗൂഗിള്‍ എപിഐ ഒരു ഉപയോക്താവിന്‍റെ സ്ഥലം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നില്ല. ആരോഗ്യ സേതു ആപ്പ് ഇത്തരം വിവരങ്ങള്‍ റജിസ്ട്രേഷന്‍ സമയത്ത് തന്നെ ഉപയോക്താവിനോട് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഗൂഗിള്‍- ആപ്പിള്‍ കോണ്‍ടാക്റ്റ് ട്രൈസിംഗ് സംവിധാനം തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ അപ്രസക്തമാണ് എന്ന് പറയാം.
അതായത് 'കൊവിഡ് 19 എക്സ്പോഷര്‍ നോട്ടിഫിക്കേഷന്‍' സംവിധാനം ഡിഫാള്‍ട്ടാണ്, അതിന്‍റെ ആവശ്യം ഉപയോക്താവിന് വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ്. അതായത് ഉപയോക്താവ് വേണ്ടെന്ന് വച്ചാല്‍ ഒരു ഡാറ്റയും ഈ ആപ്പ് ഫോണില്‍ നിന്നും കളക്ട് ചെയ്യില്ല.
എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്
ഒരു രണ്ട് വ്യക്തികള്‍ തമ്മില്‍ കാണുമ്പോള്‍ ആ കൂടിക്കാഴ്ച അഞ്ച് മിനുട്ടില്‍ കൂടുതലാണെങ്കില്‍ അവരുടെ ഫോണുകള്‍ തമ്മില്‍ ഒരു ഐഡിന്‍റിഫൈര്‍ കൈമാറും. ബ്ലൂടൂത്ത് വഴിയാണ് ഈ കൈമാറ്റം നടക്കുന്നത്. ഇതേ സമയം ഇയാള്‍ പിന്നീട് കൊവിഡ് പൊസറ്റീവായ കാര്യം സര്‍ക്കാര്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഇയാളുടെ 14 ദിവസത്തെ കോണ്‍ടാക്റ്റ് ഹിസ്റ്ററിയും എപിഐ വഴി ശേഖരിച്ച ഐഡിന്‍റിഫൈര്‍ വഴി ശേഖരിച്ചതും കൈമാറപ്പെടും. ഇതോടെ ഈ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് അവരുടെ ഫോണിലേക്ക് അലര്‍ട്ട് പോകും.
തുടക്കത്തില്‍ ഇത് ആപ്പായി ആപ്പിളും ഗൂഗിളും ചില രാജ്യങ്ങളില്‍ ഇറക്കിയിരുന്നെങ്കിലും ഇപ്പോള്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി ആപ്പിള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ എത്തിക്കുകയായിരുന്നു. ഈ ഫീച്ചര്‍ ഓഫാക്കിയിടനോ ഓണാക്കിയിടാനോ സാധിക്കും.
കോണ്‍ടാക്റ്റ് ട്രൈസിംഗിലും സ്വകാര്യത മുഖ്യം
ഗൂഗിളും ആപ്പിളും തങ്ങളുടെ കോണ്‍ടാക്റ്റ് ട്രൈസിംഗ് ഫീച്ചറില്‍ മുഖ്യപ്രധാന്യം നല്‍കുന്ന സ്വകാര്യതയ്ക്കാണ്. ഇത് ഈ കമ്പനികള്‍ക്കിടയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലും ചെറിയ ഉരസലുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് നേര്. ഇത് ഉപയോഗിക്കുന്ന ഉപയോക്താവില്‍ നിന്നും കുറച്ച് ഡാറ്റ മാത്രമേ ഈ ഫീച്ചര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ലഭ്യമാക്കൂ.
എന്നാല്‍ ഈ ഫീച്ചറിന്‍റെ പ്രധാന പ്രത്യേകത. കേന്ദ്രീകൃത കോണ്‍ടാക്റ്റ് ട്രൈസിംഗ് എന്നതിനപ്പുറം വികേന്ദ്രീകൃത കോണ്‍ടാക്റ്റ് ട്രൈസിംഗ് എന്ന ആശയമാണ്. അതായത് ഉദാഹരണമായി ബ്രിട്ടണിലെ കാര്യം എടുക്കാം. അതായത് ഒരോ വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് ലോക്കേഷന്‍ അടക്കം അപ്പോള്‍ തന്നെ സര്‍ക്കാര്‍ ഡാറ്റബേസില്‍ വേണം എന്നായിരുന്നു ബ്രിട്ടന്‍റെ ആവശ്യം. എന്നാല്‍ ഒരാള്‍ കൊവിഡ് പൊസറ്റീവ് ആയാല്‍ മാത്രം കോണ്‍ടാക്റ്റ് വിവരങ്ങള്‍ മാത്രം, ആ വ്യക്തിയുടെ ലോക്കേഷന്‍ പോലും നല്‍കാതെ നല്‍കാം എന്നതാണ് ഫീച്ചര്‍ പറയുന്നത്. ഇതില്‍ ബ്രിട്ടന്‍ ആദ്യം അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് ഫ്രാന്‍സും അതൃപ്തി അറിയിച്ചു.
ഇന്ത്യയിലെ ആരോഗ്യ സേതു ആപ്പിന്‍റെ കാര്യത്തില്‍ ഒരു ഉപയോക്താവിന്‍റെ ലോക്കേഷന്‍, ഫോണ്‍ നമ്പര്‍ അടക്കം അയാള്‍ കൊവിഡ് രോഗിയല്ലെങ്കില്‍ പോലും ശേഖരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗൂഗിള്‍-ആപ്പിള്‍ എപിഐ ഇത് അനുവദിക്കുന്നില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വകാര്യതയും പ്രധാന്യമുള്ളതാണ് എന്നാണ് ഗൂഗിള്‍- ആപ്പിള്‍ നിലപാട്.
നിലവില്‍ ഏതൊക്കെ രാജ്യങ്ങള്‍ ഉപയോഗിക്കുന്നു
ആപ്പിളോ ഗൂഗിളോ പരസ്യമായി ഏതൊക്കെ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ഇത് ഉപയോഗപ്പെടുത്തുന്നു എന്നത് വ്യക്തമാക്കിയിട്ടില്ല. പക്ഷെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല മുന്‍നിര രാജ്യങ്ങളും ഈ വികേന്ദ്രീകൃത സ്വഭാവമുള്ള എപിഐ ഉപയോഗിച്ച് സര്‍ക്കാര്‍ കൊവിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
ഓസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, കാനഡ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഘാന, അയര്‍ലാന്‍റ്, ഇറ്റലി, ജപ്പാന്‍, കെനിയ, ലത്വിയ, ഫിലിപ്പെന്‍സ്, പോളണ്ട്, സൌദി, സ്വിസ്റ്റ്സര്‍ലാന്‍റ്, യുകെ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഇത് ഉപയോപ്പെടുത്തുകയോ, അല്ലെങ്കില്‍ ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുകയോ ചെയ്യുന്നുണ്ട്.
അടുത്തിടെ ബ്രിട്ടണ്‍ സ്വയം വികസിപ്പിച്ച ആപ്പ് സുരക്ഷ പ്രശ്നങ്ങളാല്‍ ഉപേക്ഷിച്ച് ഗൂഗിള്‍- ആപ്പിള്‍ ഫീച്ചര്‍ ഉപയോഗിച്ചുള്ള ആപ്പിലേക്ക് മാറിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.