അഞ്ച് ലക്ഷം സൂം ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്.!

By Web Team  |  First Published Apr 15, 2020, 1:43 PM IST
 അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നാണ് പറയുന്നത്. 

ദില്ലി: സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നിട്ടും ഈ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഈ കൊറോണക്കാലത്ത് ഒന്നാമതായി എന്ന വാര്‍ത്ത നാം കേട്ടതാണ്. ഇന്ത്യയില്‍ അടക്കം കൊറോണയെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച ആപ്ലിക്കേഷനാണിത്. സൂം എന്നാണ് ഇതിന്റെ പേര്. ഇതിപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി സൂമിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഈ ആപ്പിനെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്ന് പറയാം. അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പണം നല്‍കിയാല്‍ ലഭിക്കുന്ന രീതിയിലും, സൗജന്യമായും സൂം ഡാറ്റ വില്‍ക്കുന്നതായി സൈബിളിന്‍റെ  റിപ്പോര്‍ട്ട് പറയുന്നു.

സൂം ആപ്പ് ലോക വ്യാപകമായി ഉപയോഗിക്കുന്നതോടൊപ്പം നിരവധി സുരക്ഷ പഴുതുകളും ആപ്ലിക്കേഷനിൽ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്ന് വിവിധ സൈബര്‍ സുരക്ഷ വിദഗ്ധരുടെ മുന്നറിയിപ്പ് നേരത്തെ വന്നിരുന്നു. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം  ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നത്. ഡാറ്റയുടെ കൂട്ടത്തില്‍ പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ ചോര്‍ത്തിയിട്ടുണ്ട്. സൂമിന്‍റെ വൻ സുരക്ഷാവീഴ്ച കാണിക്കുന്നതാണ് പുതിയ വാര്‍ത്ത.

നേരത്തെ തന്നെ ഉപയോക്താക്കൾ ഒരു വിഡിയോ കോൺഫറൻസിൽ നുഴഞ്ഞുകയറാന്‍ സാധിക്കുക, ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫെയ്സ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറുന്നത്, വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാസ്‌വേഡും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴവ് എന്നീ പ്രശ്നങ്ങള്‍ സൂം ആപ്പില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് ഗൂഗിൾ ഉൾപ്പടെയുള്ള പല ടെക് കമ്പനികളും സൂം ആപ്പ് ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
click me!