4,600 ഫോണുകളും 17 സഹായികളെയും വച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച ഇയാള്‍ മൂന്നര കോടിക്ക് അടുത്ത് പണം യൂട്യൂബില്‍ നിന്നും കൈപ്പറ്റി.
ലോകത്ത് ഇന്ന് ഏറ്റവും അധികം ജനപ്രീതി നേടിയതും വിഭവസമൃദ്ധവുമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. യൂട്യൂബിലൂടെ നിരവധി വിഷയങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ച് ലോകപ്രശസ്തരായ യൂട്യൂബര്‍മാരില്‍ പലരും ഇന്ന് കോടീശ്വരന്മാരാണ്. അടുത്ത കാലത്തായി സബ്സ്ക്രബര്‍മാരെയും കണ്ടന്‍റും വര്‍ദ്ധിപ്പിക്കാന്‍ യൂട്യൂബ് തങ്ങളുടെ നിയമാവലികളില്‍ നിരവധി ഇളവുകള്‍ കൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ടത് 1,000 സബ്സ്ക്രൈബര്‍മാരും 4,000 മണിക്കൂര്‍ കാഴ്ചയുമുണ്ടെങ്കില്‍ യുട്യൂബ് തങ്ങളുടെ വിഷയദാതാവിന് പണം നല്‍കും എന്നതാണ്. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് തങ്ങളുടെ വിഷയദാതാക്കള്‍ തങ്ങളെ തന്നെ പറ്റിക്കുമെന്ന് യൂട്യൂബ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ചൈനയില്‍ നിന്നുള്ള വാങ് എന്ന യൂട്യൂബര്‍ ഇങ്ങനെ നാല് മാസത്തോളം യൂട്യൂബിനെ തന്നെ കബളിപ്പിച്ച് നേടിയത് ഏകദേശം 4,15,000 ഡോളർ (ഏകദേശം 3.4 കോടി രൂപ). എന്താ കണ്ണ് തള്ളിയോ? എന്നാല്‍ കേട്ടോളൂ.
'ചൂട് കാലത്ത് വെള്ളം കണ്ടാല്‍...'; ചെളിക്കുഴിയില്‍ തിമിര്‍ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍
undefined
2022 ൽ വാങിന്‍റെ സുഹൃത്ത് 'ബ്രഷിംഗ്' എന്ന ആശയം വാങിനോട് പറയുന്നു. ഈ ആശയത്തില്‍ ആകൃഷ്ടനായ വാങ് യൂട്യൂബിനെ തന്നെ കബളിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി അദ്ദേഹം 4,600 ഓളം മൊബൈല്‍ ഫോണുകള്‍ വാങ്ങി. ഇവയെ പ്രത്യേക ക്ലൗഡ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിയന്ത്രിച്ചു. കൂടാതെ ഒരു ടെക് കമ്പനിയിൽ നിന്ന് റൂട്ടറുകൾ, വിപിഎൻ സേവനങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സ്വിച്ചുകൾ എന്നിവയും അദ്ദേഹം വാങ്ങി. ഇവ തമ്മില്‍ ഘടിപ്പിച്ച വാങ് ഏതാനും ക്ലിക്കുകളിലൂടെ, എല്ലാ മൊബൈൽ ഫോണുകളും ഒരുമിച്ച് പ്രവർത്തിപ്പിക്കാനും തൻ്റെ ചാനലില്‍ ഓരേ സമയം നിരവധി വ്യാജ കാഴ്ചക്കാരെ സൃഷ്ടിക്കുകയായിരുന്നു. ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി വാങ് 17 പേരെ നിയമിച്ചു. തുടര്‍ന്ന് വാങ് തന്‍റെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ ചെയ്ത് പ്രസിദ്ധപ്പെടുത്തി. പിന്നിട് 17 പേരുടെ സഹായത്തോടെ ഏതാനും ക്ലിക്കിലൂടെ പ്രത്യേക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 4,600 മൊബൈലുകളില്‍ നിന്ന് അദ്ദേഹം തന്‍റെ വീഡിയോകളെ പ്ലേ ചെയ്യിച്ചു. ഒപ്പം ഈ മൊബൈലുകളില്‍ നിന്ന് സ്വന്തം വീഡിയോയ്ക്ക് ലൈക്കും കമന്‍റുകളും നിറച്ചു.
പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ പലതും വ്യാജമായിരുന്നു. ഒപ്പം നിലവാരം കുറഞ്ഞതും. പക്ഷേ മറ്റ് യൂട്യൂബര്‍മാരില്‍ നിന്നും വ്യത്യസ്തമായി വാങിന്‍റെ വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ധാരാളമായിരുന്നു. എല്ലാം വ്യാജമെന്ന് മാത്രം. പക്ഷേ. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറഞ്ഞത് പോലെയായിരുന്നു കാര്യങ്ങള്‍. വ്യാജ വിഷയ സൃഷ്ടിക്ക് വാങിനെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം വാങിന്‍റെ 17 കൂട്ടാളികളെയും. പിന്നീട് നടന്ന പരിശോധനയിലാണ് വാങിന്‍റെ വ്യാജ വീഡിയോകളെ കുറിച്ചും വ്യാജ കാഴ്ചക്കാരെ കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്. 'അനധികൃത ബിസിനസ്സ് പ്രവർത്തനങ്ങളുടെ കുറ്റകൃത്യ'ത്തിൽ ഏർപ്പെട്ടതിന് ഒരു വർഷവും മൂന്ന് മാസവും തടവിനാണ് ചൈനീസ് കോടതി വാങിനെ ശിക്ഷിച്ചത്.7,000 ഡോളർ (ഏകദേശം 5.84 ലക്ഷം രൂപ) പിഴയും ചുമത്തിയെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങും മറ്റ് 17 പ്രതികളും ദേശീയ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രസിദ്ധീകരണ സേവനങ്ങളിലൂടെ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു. ഇത്തരത്തില്‍ വാങിനും സംഘത്തിനും ലാഭം നേടാനും വിപണിയുടെ ക്രമം തടസപ്പെടുത്താന്‍ കഴിഞ്ഞെന്നുമാണ് കേസ്.
ലോണിൽ ഒപ്പിടാനായി 'മരിച്ച' അമ്മാവനെ ബാങ്കിലെത്തിച്ചു, കേസ്; ഒടുവിൽ സത്യം തുറന്ന് പറഞ്ഞ് യുവതി