യുകെയില്‍ ഏറ്റവും പ്രേതബാധയുള്ള പാവ എന്ന വിശേഷണമുള്ള നോര്‍മൽ എന്ന പാവയെയാണ് കാന്‍ഡിസ് കോളിന്‍സ് എന്ന പാരാനോര്‍മ്മല്‍ അന്വേഷക വാങ്ങിയത്. പക്ഷേ, പിന്നീട് അവരുടെ ജീവിതത്തില്‍ നേരിട്ട ദുരന്തങ്ങള്‍ക്ക് കൈയും കണക്കുമില്ല.
ലോകമാകമാനമുള്ള മനുഷ്യരിൽ മരണാനന്തര ജീവിതത്തെ കുറിച്ച് പല വിധത്തിലുള്ള ചിന്താധാരകളാണ് ഉള്ളത്. ഏഷ്യയില്‍ പലയിടങ്ങളിലും മരിച്ച് പോയ ചില ആളുകളെ ആരാധിക്കുന്ന ജനസമൂഹങ്ങളുണ്ട്. അതേസമയം പാശ്ചാത്യരാജ്യങ്ങളില്‍ പാരാനോര്‍മ്മല്‍ ജീവിതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണങ്ങളും നടക്കുന്നു. 42 കാരിയായ പാരാനോർമൽ അന്വേഷകയായ കാൻഡിസ് കോളിൻസ്, വാണിജ്യ സൈറ്റായ ഇബേയിൽ നിന്നും 260 ഡോളർ ചെലവഴിച്ച് 'യുകെയിലെ ഏറ്റവും പ്രേതബാധയുള്ള പാവ'യെ വാങ്ങി. പക്ഷേ, ആ ഇടപാടില്‍ താന്‍ ദുഃഖിക്കുന്നതായി അവര്‍ പറഞ്ഞു. അതിന് കാരണമുണ്ട്.
ഐശ്വര്യലബ്ദി, ധനലബ്ദി തുടങ്ങിയ വിശേഷണങ്ങളോടെ വില്പനയ്ക്കെത്തുന്നവ വാങ്ങി വീട്ടില്‍ വെയ്ക്കാൻ ചിലരെങ്കിലും ആഗ്രഹിക്കുമെങ്കിലും മോശം അനുഭവങ്ങള്‍ സമ്മാനിക്കുന്നവ വീട്ടിലേക്ക് വാങ്ങിക്കാന്‍ ആരും ഇഷ്ടപ്പെടാറില്ല. എന്നാല്‍, ശപിക്കപ്പെട്ടതായി ആരോപിക്കപ്പെട്ട പാവയില്‍ താന്‍ ആകൃഷ്ടയായി എന്നാണ് കാൻഡീസ് പറഞ്ഞത്. കാര്യം, പാരാനോർമൽ അന്വേഷകയാണെങ്കിലും പാവയെ വാങ്ങിയത് മുതല്‍ താന്‍ പേടിസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയെന്നും തന്‍റെ ആരോഗ്യം മോശമായിത്തുടങ്ങിയെന്നും കാന്‍ഡീസ് അവകാശപ്പെട്ടു. ആ ശപിക്കപ്പെട്ട പാവ തന്‍റെ കുടുംബത്തിന് വലിയ വേദനയാണ് സമ്മാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ വർഷമാണ് തന്‍റെ നീണ്ട ദുരന്ത ജീവിതങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റ്യൻ ഹോക്സ്വർത്ത്, 'നോർമൻ' എന്ന പാവയെ വിപണിയിലിറക്കിയത്. പിന്നാലെ കുഞ്ഞ് മുഖമുള്ള ആ പാവ വൈറലായി. ക്രിസ്റ്റ്യൻ ഹോക്സ്വർത്ത് ഒരു പുരാതന സ്റ്റോറിൽ നിന്ന് 4 ഡോളറിനാണ് ഈ പാവയെ വാങ്ങിയത്. പാവയെ വീട്ടിലെത്തിച്ചതിന് പിന്നാലെ അദ്ദേഹത്തിന് നിരവധി അപകടങ്ങള്‍ സംഭവിച്ചു. അപ്പെൻഡിസൈറ്റിസ് പിടിപെട്ടു. കാര്‍ പലപ്പോഴും കേടായി. വിശദീകരണമൊന്നുമില്ലാതെ അദ്ദേഹത്തിന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടു. ഒരു തവണ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ചെയ്തു. ഇത് പാവയില്‍ നിന്നുള്ള പ്രേത ബാധമൂലമാണെന്ന് അദ്ദേഹം കരുതി. ഒടുവില്‍ ഒരു കുറിപ്പോടെ കൂടി അദ്ദേഹം പാവയെ ഇബേയില്‍ വില്പനയക്ക് വച്ചു. ഈ പാവയെയാണ് കാന്‍ഡിസ് വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘I own the UK's most haunted doll - I hear voices in the night’https://t.co/pQwxuPnfdO pic.twitter.com/XRUE2A9wtq
— OK! Magazine (@OK_Magazine)"ഞാൻ പെട്ടി തുറന്നയുടനെ, മുറി തണുത്തു മരവിച്ചു, കനത്ത വിഷാദം വായുവിൽ നിറഞ്ഞു. ഈ പാവയുമായി എന്തോക്കെയോ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് അപ്പോൾ തന്നെ തീർച്ചയായി." അവർ മാധ്യമങ്ങളോട് പറഞ്ഞു. അല്പം ഭയം തോന്നിയ കാന്‍ഡിസ്, നോര്‍മലിനെ വിശുദ്ധജലം നിറച്ച ഒരു ഗ്ലാസ് കൂടിനുള്ളിൽ കിടത്തി. പിന്നാലെ ക്രിസ്റ്റ്യൻസിന് തോന്നിയ പ്രശ്നങ്ങള്‍ കാന്‍ഡിസിനും അനുഭവപ്പെട്ടു. ഉറക്കം നഷ്ടമായി. പേടി സ്വപ്നങ്ങള്‍ പതിവായി. ഏതോ ഒരു അദൃശ്യരൂപം തന്നെ അക്രമിക്കാന്‍ ശ്രമിക്കുന്നതായി അവർക്ക് തോന്നി. ഉറങ്ങുമ്പോള്‍ ഏതോ ദുഷ്ട ശക്തി തന്‍റെ പേര് ചൊല്ലി വിളിക്കുന്നതായി കേൾക്കാന്‍ തുടങ്ങി. പിന്നാലെ അവര്‍ രോഗിയായി. ആർത്രൈറ്റിസ് വേദന, മൈഗ്രെയ്ൻ, ശരീരത്തില്‍ ചതവുകൾ ഉണ്ടാവുക, പുറകിൽ പോറൽ പോലുള്ള അടയാളങ്ങൾ.. എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും പരിക്കുകളും നേരിടേണ്ടിവന്നെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം പാവയുമായി ഒരു തരത്തിലും ഇടപെടാതിരുന്ന കാന്‍ഡിസിന്‍റെ ജീവിതപങ്കാളിയുടെ ആരോഗ്യവും മോശമായി തുടങ്ങി. പിന്നാലെ തന്‍റെ മൂന്ന് വയസ്സുള്ള മകന്‍ നോർമനെ അനുകരിക്കാൻ തുടങ്ങി. "എന്‍റെ മകന്‍ ആരോടോ സംസാരിക്കുന്നത് എനിക്ക് കേൾക്കാം. ഇടയ്ക്ക് അവൻ ചിരിക്കുന്നു. അത് എനിക്ക് വളരെ വിചിത്രമായി തോന്നി." അവർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത ഈ ദുരന്തങ്ങള്‍ പ്രേത പാവയുടെ ഫലമാണോയെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ അവര്‍, തനാന്‍ മരണാനന്തര ജീവിതമുണ്ടെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ പാവയെ ഒഴിവാക്കാൻ പദ്ധതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം കുടുംബത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അടുത്തതായി എന്താണ് സംഭവിക്കുക എന്ന് അറിയാത്തതിനാല്‍ കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം താൻ ചെയ്യുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. അതിനായി പുരോഹിതരെയും വിശുദ്ധജലത്തെയും ആശ്രയിക്കാനാണ് കാന്‍ഡിസിന്‍റെ തീരുമാനമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.