9 വർഷത്തെ കാത്തിരിപ്പാ; കാണാതായ നായ ഒടുവിൽ ഉടമയ്‍ക്കരികിലേക്ക്, കണ്ണീരണിഞ്ഞ് ജൂഡിത്ത്

By Web Team  |  First Published Jul 26, 2024, 9:33 AM IST

ഗിസ്മോയെ കണ്ടതും അവൾ തിരിച്ചറിഞ്ഞു. അവൾ പൊട്ടിക്കരഞ്ഞുപോയി. എന്നാൽ, അവനെ തിരികെ കിട്ടിയ സന്തോഷത്തോടൊപ്പം തന്നെ മറ്റൊരു വേദനിപ്പിക്കുന്ന യാഥാർത്ഥ്യം കൂടി അവൾ അറിഞ്ഞു.


വളർത്തുമൃ​ഗങ്ങളെന്നാൽ പലർക്കും സ്വന്തം വീട്ടിലെ അം​ഗത്തെ പോലെ തന്നെയാണ്. കേട്ടിട്ടില്ലേ ഇപ്പോൾ പ്രചാരത്തിലുള്ള പെറ്റ് മാം, പെറ്റ് ഡാഡ് തുടങ്ങിയ വാക്കുകൾ. അപ്പോൾ പിന്നെ സ്വന്തം വീട്ടിൽ, അവിടുത്തെ അം​ഗത്തെ പോലെ വളർത്തിയ വളർത്തുമൃ​ഗങ്ങളെ കാണാതായാൽ എന്താകും അവസ്ഥ? താങ്ങാനാവില്ല അല്ലേ? അതുപോലെ, ഏറെക്കുറെ ഒരു പതിറ്റാണ്ട് മുമ്പ് കാണാതായ വളർത്തുനായയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം. 

ലാസ് വെഗാസിലെ താമസക്കാരിയായ ജൂഡിത്ത് മൊണാറെസിൻ്റെ വളർത്തുനായ ഗിസ്‌മോയെ കാണാതായത് ഒമ്പത് വർഷം മുമ്പാണ്. 2015 ഫെബ്രുവരിയിൽ വീട്ടുമുറ്റത്ത് ആ വീട്ടിലെ തന്നെ മറ്റ് രണ്ട് നായ്ക്കളുമായി കളിക്കുന്നതിനിടെയാണ് ​ഗിസ്മോ ആ വീട്ടിൽ നിന്നും അപ്രത്യക്ഷനായത്. ആ സമയത്ത് അവൻ കോളറും ധരിച്ചിരുന്നില്ല. അന്ന് കൂടെയുണ്ടായിരുന്ന രണ്ട് നായ്ക്കളെ ഒരു അയൽക്കാരൻ തിരികെ എത്തിച്ചെങ്കിലും ​ഗിസ്മോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

Latest Videos

undefined

ആകെ വിഷമിച്ച ജൂഡിത്ത് തുടർച്ചയായി, പറ്റാവുന്ന എല്ലാ വഴികളിലൂടെയും തന്റെ പ്രിയപ്പെട്ട ​ഗിസ്മോയ്ക്ക് വേണ്ടി അന്വേഷിച്ചു. എന്നാൽ, നിരാശയയായിരുന്നു ഫലം. വർഷങ്ങൾ അന്വേഷിച്ചിട്ടും നായയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അവൾ ആ തിരച്ചിൽ വേദനയോടെ അവസാനിപ്പിച്ചു. സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും മറ്റും ​ഗിസ്മോയെ കാണാതായിട്ടുണ്ട്, ഇങ്ങനെയൊരു നായയെ കണ്ടെത്തിയാൽ അറിയിക്കണം എന്ന് അവൾ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പേരിൽ പല കോളുകളും ലഭിച്ചെങ്കിലും അതൊന്നും ​ഗിസ്മോ ആയിരുന്നില്ല. 

എന്നാൽ, അടുത്തിടെ അവൾക്ക് അപ്രതീക്ഷിതമായി ഒരു ഇമെയിൽ സന്ദേശം ലഭിച്ചു. അവൾ നായയുടെ വിവരം രേഖപ്പെടുത്തിയിരുന്ന ഒരു മൈക്രോചിപ്പ് കമ്പനിയിൽ നിന്നായിരുന്നു അത്. ഹെൻഡേഴ്സണിലെ ആനിമൽ എമർജൻസി സെൻ്ററിൽ ആരോ ഗിസ്‌മോയെ കൊണ്ടുവന്നാക്കിയിട്ടുണ്ട് എന്നായിരുന്നു സന്ദേശം. അവൾ ഉടനെ തന്നെ അവിടെയെത്തി. ​ഗിസ്മോയെ കണ്ടതും അവൾ തിരിച്ചറിഞ്ഞു. അവൾ പൊട്ടിക്കരഞ്ഞുപോയി. 

എന്നാൽ, അവനെ തിരികെ കിട്ടിയ സന്തോഷത്തോടൊപ്പം തന്നെ മറ്റൊരു വേദനിപ്പിക്കുന്ന യാഥാർത്ഥ്യം കൂടി അവൾ അറിഞ്ഞു. വളരെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് അവനുള്ളത്. ഇപ്പോൾ, അവനെ കാണാതായപ്പോൾ വിവരങ്ങൾ നൽകിയിരുന്ന കാമ്പയിൻ പേജിലൂടെ അവന്റെ ചികിത്സയ്ക്ക് അവൾ ധനസമാഹരണം നടത്തുകയാണ്. 

tags
click me!