ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഒരു കടയിലാണ് മോഷണശ്രമം നടന്നത്. കടയിലെ ഒരു ഐഫോൺ ഡിസ്പ്ലേക്ക് സമീപം യുവതി നിൽക്കുന്നതും അത് പരിശോധിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിലൊന്നായ ആപ്പിൾ ഐഫോൺ ഒരു ലക്ഷ്വറി ബ്രാൻഡായി മാറിക്കഴിഞ്ഞു. ഐഫോൺ വാങ്ങുക എന്നത് സ്വപ്നമായി കൊണ്ട് നടക്കുന്നവർ പോലും നമുക്ക് ചുറ്റുമുണ്ട്. ഏറ്റവും പുതിയ മോഡലുകൾ പുറത്തിറങ്ങുമ്പോൾ തന്നെ അത് സ്വന്തമാക്കാൻ പലരും നെട്ടോട്ടമോടുന്നു. ഒരു ഐഫോൺ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്തവരും ഉണ്ട്. അത്തരത്തിൽ, ഒരു ഐ ഫോൺ സ്വന്തമാക്കാനായി ഒരു ചൈനീസ് യുവതി നടത്തിയ മോഷണശ്രമമാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഒരു ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്പിൾ ഐഫോൺ 14 മോഷ്ടിച്ച ക്യു എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണുകളും ഗാഡ്ജെറ്റ്സുകളും മറ്റും മോഷണം പോകാതിരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി തെഫ്റ്റ് കേബിൾ കടിച്ചു മുറിച്ചതിനുശേഷം ആണ് യുവതി ഫോൺ എടുത്തു കൊണ്ട് കടയിൽ നിന്നും ഓടിയത്. യുവതി കേബിൾ കടിച്ചു മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
undefined
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഒരു കടയിലാണ് മോഷണശ്രമം നടന്നത്. കടയിലെ ഒരു ഐഫോൺ ഡിസ്പ്ലേക്ക് സമീപം യുവതി നിൽക്കുന്നതും അത് പരിശോധിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചുസമയം ഫോൺ പരിശോധിച്ചതിനുശേഷം യുവതി ഫോൺ എടുക്കുന്നതിനായി ആന്റി തെഫ്റ്റ് കേബിൾ കടിച്ചു മുറിക്കുകയും ഫോണുമായി കടയിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യുന്നു. യുവതി കടയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് ജീവനക്കാർ ഡിസ്പ്ലേ ആയി വെച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഏതായാലും കടയിൽനിന്നിറങ്ങി 30 മിനിറ്റിനുള്ളിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ഫോൺ നഷ്ടപ്പെട്ടുപോയെന്നും പുതിയത് വാങ്ങാൻ പണമില്ലാത്തതിനാലാണ് മോഷ്ടിക്കാൻ തീരുമാനിച്ചതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ചൈനയിൽ ഐഫോൺ 14 ന്റെ വില ഏകദേശം 7,000 യുവാൻ അതായത് 79,000 ഇന്ത്യൻ രൂപ വരും.