ചൈനയിലെ ഇതേ ഇനത്തിലുള്ള മരത്തിൽ നിന്നാണ് ഈ വൈറസ് ബാധ യുഎസിലേക്ക് പടർന്നതെന്നാണ് കരുതുന്നത്.രോഗബാധ ഉണ്ടായതിന് ശേഷവും ഓരോ വർഷവും ആയിരക്കണക്കിന് മരങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കീടബാധയേറ്റ അവയെല്ലാം വീണ്ടും നശിച്ചു പോകുകയായിരുന്നു.
ഒരുകാലത്ത് അമേരിക്കയിൽ സുലഭമായിരുന്നതും എന്നാൽ വംശനാശം സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെക്കാലവുമായ ചെസ്റ്റ്നട്ട് ട്രീയുടെ ജി ഇ (genetically engineered) പതിപ്പിന് അംഗീകാരം നൽകണമോ എന്ന ആശങ്കയാണ് അമേരിക്കയെ വീണ്ടും ജനിതക എഞ്ചിനീയറിങ്ങില്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. ഔദ്ധ്യോഗിക അംഗീകാരം ഇല്ലെങ്കിലും രാജ്യം ഇതിനോടൊകം തന്നെ ചെസ്റ്റ്നട്ട് ട്രീ യുടെ ജനിതകപരമായി മാറ്റം വരുത്തിയ പതിപ്പ് വികസിപ്പിച്ചെടുക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തുകയും ചെയ്തിട്ടുണ്ട്.ഡാർലിംഗ് 58 എന്നാണ് ഈ ജിഇ പതിപ്പ് അറിയപ്പെടുന്നത്. കാടുകളിൽ ഇത് വ്യാപകമായി നട്ടു വളർത്തുന്നതിനായുള്ള സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ ഇപ്പോൾ.ജനിതക മാറ്റം വരുത്തിയ സസ്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് തന്നെ സർക്കാർ അത്ര വേഗത്തിൽ ഒരു തീരുമാനത്തിലെത്താൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സർക്കാർ അനുമതി ലഭിച്ചാൽ ലോകത്തിലെ തന്നെ ആദ്യത്തെ ജി ഇ ഫോറസ്റ്റ് ട്രീ ഇനം ആയി ഡാർലിംഗ് 58 മാറും.
ഒരുകാലത്ത് അമേരിക്കൻ കാടുകളെ സമ്പന്നമാക്കിയിരുന്ന ചെസ്റ്റ്നട്ട് ട്രീയ്ക്ക് വ്യാപകമായ രീതിയിൽ നാശം സംഭവിച്ചു തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ കാലഘട്ടങ്ങളിലാണ്.ക്രൈഫോണെക്ട്രിയ പരാസിറ്റിക്ക എന്ന കുമിൾ വൈറസ് ബാധയെ തുടർന്ന് നാല് ബില്യണിലധികം മരങ്ങൾ നശിച്ചു. ചൈനയിലെ ഇതേ ഇനത്തിലുള്ള മരത്തിൽ നിന്നാണ് ഈ വൈറസ് ബാധ യുഎസിലേക്ക് പടർന്നതെന്നാണ് കരുതുന്നത്.രോഗബാധ ഉണ്ടായതിന് ശേഷവും ഓരോ വർഷവും ആയിരക്കണക്കിന് മരങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കീടബാധയേറ്റ അവയെല്ലാം വീണ്ടും നശിച്ചു പോകുകയായിരുന്നു.ഇതിനെ തുടർന്നാണ് 1980 കളിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് കോളേജിലെ എൻവിയോൺമെൻറൽ സയൻസ് ആൻഡ് ഫോറസ്ട്രി വിഭാഗത്തിലെ ഗവേഷകർ ജനതകപരമായി മാറ്റം വരുത്തിയ പതിപ്പ് വികസിപ്പിച്ചെടുക്കാനുള്ള പഠനങ്ങൾ ആരംഭിച്ചത്. ഒടുവിൽ പഠനങ്ങൾ ഫലം കാണുകയും ഡാർലിംഗ് 58 വിജയകരമായി വികസിപ്പിച്ചെടുക്കുകയും ചെയ്തു,
ജനിതകപരമായ മാറ്റം വരുത്തിയ വിളകൾ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് പല രാജ്യങ്ങളും ഇപ്പോൾ അനുവദിക്കുന്നുണ്ടെങ്കിലും കാട്ടിൽ വളരുന്ന ഒരു മരത്തിൽ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ അനുമതി നൽകിയ ആദ്യത്തെ രാജ്യമാണ് അമേരിക്ക.എന്നാൽ അത് വ്യാപകമായി നട്ടുപിടിപ്പിക്കണമോ എന്ന ആശങ്കയിലാണ് അധികാരികൾ ഇപ്പോഴും.2002-ൽ ചൈന രണ്ട് തരത്തിലുള്ള ജി ഇ പതിപ്പ് പോപ്ലർ മരങ്ങളുടെ വാണിജ്യ തോട്ടങ്ങൾ നട്ടുവളർത്താൻ അനുമതി നൽകിയിരുന്നു. മലേഷ്യ ആസ്ഥാനമായുള്ള വേൾഡ് റെയിൻ ഫോറസ്റ്റ് മൂവ്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, ചൈനയിൽ 300-500 ഹെക്ടറിൽ ഏകദേശം 1.4 ദശലക്ഷം ജിഇ പോപ്ലർ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.ജീ ഇ മരങ്ങളുടെ വാണിജ്യ തോട്ടങ്ങൾ ആരംഭിച്ച ഒരേയൊരു രാജ്യം ചൈനയാണെങ്കിലും,യുഎസ്,ജർമ്മനി,കാനഡ എന്നീ രാജ്യങ്ങളും ജി ഇ പോപ്ലർ മരത്തിന്‍റെ ഫീൽഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്.2015-ൽ, യുഎസും ബ്രസീലും ലോബ്ലോലി പൈൻ,യൂക്കാലിപ്റ്റസ് മരങ്ങളുടെ ജി ഇ പതിപ്പുകളുടെ വാണിജ്യ തോട്ടങ്ങൾക്ക് അനുമതി നൽകിയിരുന്നു.പക്ഷേ വിവിധ കാരണങ്ങളാൽ ആ തോട്ടങ്ങൾ ആരംഭിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യയും ജി ഇ ഇനം റബർ മരങ്ങൾ പരീക്ഷിച്ചിരുന്നു.കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ ഗവേഷണ കേന്ദ്രമായ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് 2010 ൽ ഫീൽഡ് ട്രയലുകൾ നടത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും കേരള സർക്കാർ ഇതിനെ എതിർത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു.എന്നാൽ 2021 ജൂണിൽ, റബ്ബർ ബോർഡിന് കീഴിലുള്ള ഗവേഷണ സ്ഥാപനത്തിന് ഫീൽഡ് ട്രയലുകൾ നടത്താൻ അസം സർക്കാർ അനുമതി നൽകി.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്.പാരമ്പര്യേതര റബ്ബർ സംസ്ഥാനങ്ങളായ അസം,മിസോറാം എന്നിവിടങ്ങളിൽ മികച്ച ഗുണനിലവാരമുള്ള റബ്ബർ കൃഷി ചെയ്യാൻ ഈ ഇനം അനുവദിക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. അതായത്, അമേരിക്ക ചെസ്റ്റ്നട്ട് ട്രീയുടെ ജനിതക പതിപ്പിന് അംഗീകാരം കൊടുത്താല്‍, ഇപ്പോള്‍ ലോകമെങ്ങും പാതിവഴിയിലെത്തി നില്‍ക്കുന്ന ജനിതക പ്രോജക്റ്റുകള്‍ക്ക് അതൊരു ജീവശ്വാസമാകും. ഇത് ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്കുള്ള സാധ്യതയും തുറക്കുമെന്നര്‍ത്ഥം.
കൂടുതല്‍ വായനയ്ക്ക്: പരിണാമ സിദ്ധാന്തത്തിന് കൂടുതല്‍ തെളിവ്;മനുഷ്യനും കുരങ്ങുകളും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഒരേ ആംഗ്യഭാഷ