കാട്ടുതീ, വരൾച്ച, കൊടുംമഴ; പ്രകൃതിദുരന്തങ്ങളിൽ ഞെട്ടുന്ന ലോകം, അടിച്ചമർത്തപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകര്‍

By Alaka Nanda  |  First Published Aug 20, 2023, 4:10 PM IST

മൗയീയിൽ മരിച്ചവരുടെ എണ്ണം നൂറുകടന്നു, കത്തിയമർന്ന പ്രദേശങ്ങളിൽ ആഴ്ചയവസാനവും തെരച്ചിൽ തുടർന്നു. കാണാതായ ബന്ധുക്കളുടെ ഡിഎൻഎ നൽകാൻ അഭ്യർത്ഥിച്ചു അധികൃതർ. അവശിഷ്ടങ്ങൾ തിരിച്ചറിയാനാണ്.


ഹവായി ഇനിയും വരളും എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം. ആഗോളതാപനില ഉയരുന്നതനുസരിച്ച്. ഹവായിയിൽ മാത്രമല്ല, മറ്റ് പസഫിക് ദ്വീപുകൾക്കും ഇത് ബാധകമാണ്. മഴ കുറയുകയാണ് ദ്വീപിൽ, പതിറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിച്ചിരുന്ന വരൾച്ച ഇപ്പോൾ 70 ശതമാനം കൂടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകമറിയാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ തീവ്രത കൂടിവരികയേയുള്ളു.

Latest Videos

undefined

ഹവായിയിലെ തീപിടിത്തത്തിൽ കാണാതായവരുടെ എണ്ണം ഇപ്പോഴും നൂറുകണക്കിനാണ്. തെരച്ചിൽ സംഘങ്ങൾക്ക് ചെറിയൊരു പ്രദേശമേ തീർക്കാനായിട്ടുള്ളൂ. പരാതികളും പരിഭവങ്ങളും സംശയങ്ങളും ഒക്കെയുണ്ടിപ്പോൾ ജനത്തിന്. സർക്കാർ സംവിധാനങ്ങളേക്കാൾ വേഗത്തിൽ സഹായത്തിനെത്തിയത് വോളണ്ടിയർമാരാണ്. അതും സത്യം.

തീയെപ്പറ്റി ഒരു മുന്നറിയിപ്പും കിട്ടിയില്ല എന്ന പരാതി വ്യാപകമാണ്. മുന്നറിയിപ്പു സംവിധാനങ്ങൾ ഉപയോഗിക്കാത്തതാണോ അവ പ്രവർത്തിക്കാത്തതാണോ എന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിഛേദിക്കാത്തതിൽ ഇലക്ട്രിക് കമ്പനിക്കെതിരെയും വിമർശനമുണ്ട്. ഹവായി എലക്ട്രിക് കമ്പനിക്കാണ് ചുമതല. മൗയീ(MAUI) യിൽ വൈദ്യുതി വിഛേദിച്ചിരുന്നെങ്കിൽ മരണനിരക്ക് കുറഞ്ഞേനെ എന്നാണ് വിമർശനം. 

നാട്ടുകാരെടുത്ത വീഡിയോകളിൽ പലതിലും പിഴുതുവീണ വൈദ്യുതിപോസ്റ്റുകളിലെ കമ്പിയിൽ നിന്ന് തീ പടരുന്നത് വ്യക്തമായി കാണാം. കേസ് കോടതിയിലെത്തിയിട്ടുണ്ട്. മരണങ്ങൾക്ക് ഉത്തരവാദി കമ്പനിയാണെന്നാണ് ആരോപണം. ഇത്തരത്തിൽ വൈദ്യുതി വിഛേദിച്ച് തീ നിയന്ത്രിച്ച ഉദാഹരണങ്ങൾ നിരത്തിയാണ് കേസ്. കമ്പനി പ്രതികരിച്ചിട്ടില്ല, പക്ഷേ, കമ്പനി സിഇഒ പറഞ്ഞത് വൈദ്യുതി വിഛേദിക്കുന്നത് അത്രയെളുപ്പം എടുക്കാവുന്ന തീരുമാനമല്ല, ആശുപത്രികളിലെ ഐസിയു രോഗികളുടെ എണ്ണം മുതൽ, അഗ്നിശമനസേനയ്ക്ക് വെള്ളം പമ്പുചെയ്യാനുള്ള സൗകര്യം വരെ നോക്കണം എന്നാണ്.

(MAUI)മൗയീയിൽ മരിച്ചവരുടെ എണ്ണം നൂറുകടന്നു, കത്തിയമർന്ന പ്രദേശങ്ങളിൽ ആഴ്ചയവസാനവും തെരച്ചിൽ തുടർന്നു. കാണാതായ ബന്ധുക്കളുടെ ഡിഎൻഎ നൽകാൻ അഭ്യർത്ഥിച്ചു അധികൃതർ. അവശിഷ്ടങ്ങൾ തിരിച്ചറിയാനാണ്.

നശിച്ചുപോയ സ്ഥലങ്ങൾ കാണാനെത്തുന്നവരുടെ തിരക്ക് കൂടിയപ്പോൾ തിരിച്ചയച്ചു പൊലീസ്. തീയണഞ്ഞെങ്കിലും തൽകാലം താമസിക്കാൻ പറ്റില്ല, സന്ദർശനവും നല്ലതല്ല, വിഷവാതകങ്ങൾ പലതുണ്ടാകാം അന്തരീക്ഷത്തിൽ എന്നാണ് വിശദീകരണം. അനധികൃതമായി കടന്നാൽ ഒരു വർഷം ജയിൽ. 2000 ഡോളർ പിഴ. ചരിത്രപ്രാധാന്യമുള്ള ലഹെയ്നയിൽ (Lahaina) ജനവാസം തുടങ്ങാൻ ഒരുപാട് താമസിക്കും എന്ന് വ്യക്തം. ജീവൻ തിരിച്ചുകിട്ടിയവരൊക്കെ ഹോട്ടലുകളിലാണ് താമസം. ആയിരക്കണക്കിന് പേർക്ക് മാസങ്ങളോളം താൽകാലിക താമസസൗകര്യം വേണ്ടിവരും. ഭക്ഷണവും വെള്ളലും വസ്ത്രങ്ങളും ധാരാളമെത്തുന്നുണ്ട്. വിതരണകേന്ദ്രങ്ങൾ നിറഞ്ഞുകവിയുന്നു എന്നാണ് റിപ്പോർട്ട്.. 

മുൻപന്തിയിൽ വോളണ്ടിയർമാർ തന്നെയാണ്. റെഡ്ക്രോസുമുണ്ട് രംഗത്ത്. FEMA എന്ന ഫെഡറൽ എമർജൻസി മാനേജ്‍മെന്റ് ഏജൻസിയിൽ സർക്കാർ സഹായത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 3000 -ത്തിലേറെ പേരാണ്. തൽകാല സഹായമായി 700 ഡോളർ വീതം നൽകുകയാണ് ആദ്യപടി. ദുരന്തസഹായ ഫണ്ടിലേക്ക് 12 ബില്യൻ കൂടി ആവശ്യപ്പെട്ടിരിക്കയാണ് ബൈഡൻ സർക്കാർ. പക്ഷേ, സർക്കാർ സംവിധാനങ്ങളിൽ പരാതിയാണ് ജനങ്ങൾക്ക്. വേഗം പോര എന്നാണ് ആരോപണം. 3000 -ത്തിലേറെ മൃഗങ്ങളും അനാഥരായി, പലതിനും ഗുരുതരമായി മുറിവേറ്റിട്ടുമുണ്ട്. മൗയീയിലെ Pioneer Inn കത്തിയമ‍ർന്നു. ഇനി ഒന്നും ശേഷിക്കുന്നില്ല അവിടെ. ഹവായിയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഹോട്ടലാണ് Pioneer Inn. 122 വർഷത്തെ പഴക്കം. വിനോദസഞ്ചാരികളുടെ വിഹാരരംഗമായിരുന്ന ഫ്രണ്ട് സ്ട്രീറ്റ് എന്ന പ്രധാന തെരുവിലും ഒന്നും ശേഷിക്കുന്നില്ല.

1918 -ന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. അന്ന് മരിച്ചത് 453 പേരാണ്, മിനസോട്ട, വിസ്കോൺസിൻ എന്നിവിടങ്ങളിലായിരുന്നു അത്.

ഹവായി ഇനിയും വരളും എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനം. ആഗോളതാപനില ഉയരുന്നതനുസരിച്ച്. ഹവായിയിൽ മാത്രമല്ല, മറ്റ് പസഫിക് ദ്വീപുകൾക്കും ഇത് ബാധകമാണ്. മഴ കുറയുകയാണ് ദ്വീപിൽ, പതിറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിച്ചിരുന്ന വരൾച്ച ഇപ്പോൾ 70 ശതമാനം കൂടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകമറിയാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ തീവ്രത കൂടിവരികയേയുള്ളു. കഴിഞ്ഞ വർഷത്തെ എമർജൻസി മാനേജ്മെന്റ് പ്ലാനിൽ ഹവായി സർക്കാർ കാട്ടുതീ കാരണമുള്ള അപകടസാധ്യത കുറവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 

വടക്കൻ അമേരിക്കയിലെ കടുത്ത കാലാവസ്ഥാ മാറ്റങ്ങൾ നേരത്തെ തന്നെ പ്രകടമായിരുന്നു. കാനഡയിലിപ്പോഴും കത്തുന്ന തീ, തെക്കുകിഴക്കൻ അമേരിക്കയിലെ കടുത്ത ചൂട്, ഒക്കെയും ഇതിന്റെ മുന്നോടിയായിരുന്നുവെന്ന് വേണം കണക്കാക്കാൻ. യൂറോപ്പിലും ഏഷ്യയുടെ പലഭാഗങ്ങളിലും ഇത്തരം പ്രതിഭാസങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയിൽ ഹിമാചലിലെയും ഉത്തരാഖണ്ഡിലേയും മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഇതേ പ്രതിഭാസത്തിന്റെ മുഖങ്ങളാണ്. ആരോട് പറയാൻ. പരിസ്ഥിതി സംഘടനകളെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പൂട്ടിട്ട് പൂട്ടുകയാണ് യൂറോപ്പും.

ദ ലാസ്റ്റ് ജനറേഷൻ (The Last Generation) എന്നൊരു  സംഘടന, അത് രൂപം കൊണ്ടത് 2021 -ലാണ്. ബ‍ർലിനിലാണ് തുടക്കം. കാലാവസ്ഥാവ്യതിയാനത്തിലൂടെ ലോകം അവസാനിക്കാൻ പോവുകയാണ്, അതിൽനിന്ന് രക്ഷിക്കാനാകുന്ന അവസാനത്തെ തലമുറ തങ്ങളാണെന്ന അർത്ഥത്തിലാണ് ഈ പേര് സ്വീകരിച്ചത്. ജർമ്മനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ് അംഗങ്ങൾ കൂടുതലുള്ളത്. വാക്കുകളിലൂടെയല്ല പ്രതിഷേധം പ്രവൃത്തിയിലൂടെയാണ്. റോമിൽ വാൻ ​ഗോ​ഗ് പെയിന്റിംഗിൽ സൂപ്പ് തട്ടിയൊഴിച്ചു, പോട്സ്ഡാമിൽ മോനെ പെയിന്റിംഗിൽ ഉരുളക്കിഴങ്ങെറിഞ്ഞു. പെയിന്റിംഗുകൾക്ക് ഒന്നും പറ്റിയില്ല. റോഡുപരോധമാണ് പതിവായുള്ള മാർഗം. കൈയിൽ പശതേച്ച് റോഡിൽ പതിപ്പിച്ച്, അവിടെയിരിക്കും. ജനത്തിന് പലപ്പോഴും അരിശം തോന്നുന്ന മാർഗങ്ങളാണ്. പക്ഷേ, ഇപ്പോൾ ഇവരുടെ പ്രതിഷേധം വ്യാപകമാവുകയാണ്. എല്ലാം അടിച്ചമർത്താനുള്ള ശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. അതും അസാധാരണ നടപടികളിലൂടെ.

ജർമ്മനിയിൽ മേയിലാണ് അടിച്ചമർത്തൽ തുടങ്ങിയത്. ക്രിമിനൽ സംഘം എന്നാരോപിച്ച് അംഗങ്ങളുടെ വീടുകളിൽ റെയ്ഡ്, വെബ്സൈറ്റ് അടച്ചുപൂട്ടൽ ഒക്കെ തുടങ്ങി. റോമിലെ ഫൗണ്ടനിൽ കറുത്ത ചായം കലക്കിയ വെള്ളമൊഴിച്ചു. അതോടെ ചെയ്തവർ എല്ലാം അറസ്റ്റിലായി. 60000 യൂറോ വരെയാണ് പിഴ. ഇത്തരം പ്രതിഷേധങ്ങളോട് പൊതുജനത്തിനും വലിയ താൽപര്യമില്ല. പക്ഷേ, ഇറ്റലിയിൽ മഴയിലും വെള്ളപ്പൊക്കത്തിലും 14 പേരാണ് മരിച്ചത്. അതൊക്കെ കണ്ടാലെങ്കിലും ജനം തങ്ങൾക്കൊപ്പം വരുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. 

ഇവരുടെ പ്രതിഷേധങ്ങൾക്ക് ഏകോപനമുണ്ടാകാറില്ല. ഒരേ വഴിയുമല്ല. ബ്രിട്ടനിൽ റോഡുപരോധമാണ് പ്രധാനപ്രതിഷേധം. ജർമ്മനിയിൽ എണ്ണവിതരണം തടസ്സപ്പെടുത്തൽ, ഫ്രാൻസിൽ പൊലീസുമായി ഏറ്റുമുട്ടൽ.
തിരിച്ചടി കടുത്ത തോതിലാണ്. നിയമവഴിയിലൂടെയാണ് നീക്കം. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദവും നേരിടാൻ ഉപയോഗിക്കുന്ന വഴികളും നിയമങ്ങളും. 

വയർടാപ് ചെയ്ത് ട്രാക്ക് ചെയ്യുന്നതടക്കം പ്രയോഗിക്കുന്നു ജർമ്മനിയും ഫ്രാൻസും. 30 ദിവസം വരെ കുറ്റം ചാർത്താതെ തടവിൽ വയ്ക്കാവുന്ന മുൻകരുതൽ തടങ്കൽ ജർമ്മനിയിൽ, നിരീക്ഷണവും തടവും അനുവദിക്കുന്ന പുതിയ നിയമം പാസായി ബ്രിട്ടനിൽ, പശതേച്ച് സ്വയം ഒട്ടിച്ചേർക്കുന്നത് നിയമവിരുദ്ധമാക്കി ബ്രിട്ടൻ. കേട്ടാൽ തമാശയെന്ന് തോന്നാമെങ്കിലും. ഫ്രാൻസ് ഭീകരവാദവിരുദ്ധ സംഘത്തെയാണ്  ലാസ്റ്റ് ജനറേഷൻ ആക്ടിവിസ്റ്റുകളെ ചോദ്യം ചെയ്യാൻ ഉപയോഗിക്കുന്നത്. രാജ്യങ്ങൾ തമ്മിൽ ധാരണകളുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. പക്ഷേ, ധാരണകളുണ്ടെന്ന് ഫ്രഞ്ച്  സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. കാലാവസ്ഥാ പ്രവർത്തകരെ തീവ്രവാദികളായി കണക്കാക്കുന്നില്ല ജർമ്മനി, പക്ഷേ ചില വിഭാഗങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ആലോചിക്കുന്നുണ്ട്.

2045 ഓടെ വാതക പുറന്തള്ളൽ പൂജ്യമാക്കുകയാണ് ജർമ്മനിയുടെ പ്രഖ്യാപിത ലക്ഷ്യം. 2050 ഓടെ ഫ്രാൻസും. പക്ഷേ വാർഷിക ലക്ഷ്യങ്ങൾ പലതും തെറ്റിക്കുകയാണ് രണ്ടുകൂട്ടരും. പിന്നെങ്ങനെ ലക്ഷ്യം കൈവരിക്കും എന്നുചോദിക്കുന്നു ലാസ്റ്റ് ജനറേഷൻ. ഫ്രാൻസിലെ പ്രതിഷേധങ്ങൾ ചിലപ്പോഴെങ്കിലും കൈവിട്ടുപോയിട്ടുമുണ്ട്. 6000 പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത് 5000 കണ്ണീർവാതക ഷെല്ലുകൾ കൊണ്ടാണ്. 200 പേർക്ക് പരിക്കേറ്റു, 2 പേർ കോമയിലായി, ഒരാൾക്ക് കണ്ണുപോയി, 47 പൊലീസുകാർക്കും പരിക്കേറ്റു, നാലു വാഹനങ്ങൾ കത്തിപ്പോയി. പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമായി, അതിലിപ്പോൾ അന്വേഷണം നടക്കുകയാണ്. സംഘാംഗങ്ങളുടെ വീടുകളിലും കാറുകളിലും ജിപിഎസ് ഘടിപ്പിക്കുന്നത് പതിവാണ്. 2018 -നുശേഷം പരിസ്ഥിതി പ്രവർത്തകരെ നിരീക്ഷിക്കുന്നത് കൂടിയെന്നാണ് പൊലീസിന്റെ തന്നെ വെളിപ്പെടുത്തൽ. സംഘടനകളിലെ അംഗമെന്ന് തെളിഞ്ഞാൽ അത് രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് മാറുന്ന അവസ്ഥയാണിപ്പോൾ.

കാര്യങ്ങൾ ഇങ്ങനെ പോയാൽ പരിസ്ഥിതി സംഘടനാംഗങ്ങൾ തീവ്രവാദത്തിലേക്ക് വഴിമാറിപ്പോകുമെന്ന് മുന്നറിയിപ്പു നൽകുന്നു നിരീക്ഷകർ. എങ്ങനെ ഇവരെ നേരിടണമെന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വ്യക്തതയില്ല, പൊതുജനത്തിന് പലതാണ് അഭിപ്രായം, പ്രതിഷേധങ്ങൾ അതിരുകടക്കുന്നെന്ന അഭിപ്രായം പൊതുവാണെങ്കിലും. യുവാക്കളുടെ സ്വരം അടിച്ചമർത്തരുത് എന്ന് ആഹ്വാനം ചെയ്യുന്നു ഐക്യരാഷ്ട്രസംഘടന. അടിച്ചമർത്തൽ രാഷ്ട്രീയപ്രേരിതമെന്നാണ് സംഘടനകളുടെ ആരോപണം. പക്ഷേ, എതിർപ്പുകൾക്ക് ചെവി കൊടുത്തിട്ടില്ല യൂറോപ്യൻ രാജ്യങ്ങൾ. അടിച്ചമർത്തൽ തുടരുകയാണ്.

click me!