ഭാര്യ ഭക്ഷണമുണ്ടാക്കാത്തതോ, വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ആത്മഹത്യാപ്രേരണയല്ലെന്ന് കോടതി

By Web Team  |  First Published Aug 10, 2024, 11:43 AM IST

2022 ഏപ്രിൽ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ധാർ (എംപി)യിലെ രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗവൺമെൻ്റ് സ്‌കൂൾ അധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.


ഭാര്യ കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കാത്തതോ, വീട്ടിലെ ജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നതോ ഒന്നും ആത്മഹത്യാപ്രേരണയല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കുടുംബ പ്രശ്നങ്ങൾ എല്ലാ വീടുകളിലും സാധാരണമാണ് എന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യക്കെതിരെ കുറ്റം ചുമത്തിയ ജില്ലാ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. 

സർദാർപൂർ, ജില്ലാ-ധാർ (എംപി) ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച മുൻ ഉത്തരവാണ് ജസ്‌റ്റിസ് ഹിർദേഷ് അധ്യക്ഷനായ കോടതി റദ്ദാക്കിയത്. 306 -ാം വകുപ്പ് പ്രകാരമായിരുന്നു ഭാര്യയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. ഭാര്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിസ്സാരമാണ് എന്നും അതെല്ലാം എല്ലാ വീട്ടിലും നടക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു. 

Latest Videos

undefined

സംഗീതയെന്ന സ്ത്രീയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27 -നാണ് ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ധാർ (എംപി)യിലെ രാജ്ഗഢിലെ ഒരു വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഗവൺമെൻ്റ് സ്‌കൂൾ അധ്യാപികയായ സംഗീതയും കൂലിപ്പണിക്കാരനായ ഭർത്താവും ഏകദേശം ആറ് മാസത്തോളം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2023 ഡിസംബർ 27 -ന് സംഗീതയുടെ ഭർത്താവ് അവരുടെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 21 ദിവസത്തിനു ശേഷം 2024 ജനുവരി 16 -ന് സംഗീതയ്‌ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സം​ഗീത അവരുടെ സഹോദരന്റെ വിവാഹത്തിന് നൃത്തം ചെയ്തു, ഭർത്താവിനെ കൊണ്ട് പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രം അലക്കൽ തുടങ്ങിയ ജോലികൾ ചെയ്യാനാവശ്യപ്പെട്ടു. ഇതൊക്കെയാണ് സം​ഗീതയുടെ ഭർത്താവിനെ നിരാശനാക്കിയത് എന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കാണിച്ചാണ് അവൾക്കെതിരെ കുറ്റം ചുമത്തിയത്. 

എന്നാൽ, അതിന് തെളിവില്ല. ഭർത്താവ് മരണക്കുറിപ്പെഴുതി വയ്ക്കുകയോ ആരോടെങ്കിലും ഇതേച്ചൊല്ലി എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. നേരത്തെ സം​ഗീതയ്ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല എന്നുമായിരുന്നു അവളുടെ അഭിഭാഷകൻ വാദിച്ചത്. 

മധ്യപ്രദേശ് ഹൈക്കോടതി പറഞ്ഞത്, ഇതെല്ലാം എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണ്. വീട്ടിലെ കാര്യങ്ങൾ ചെയ്യണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നത് ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന കാര്യങ്ങളല്ല എന്നായിരുന്നു. ഒപ്പം ഇത്തരം കേസുകളിൽ ആത്മഹത്യയ്ക്ക് പ്രേരണയായി എന്നതിന് കൃത്യമായ തെളിവുകൾ ആവശ്യമാണ് എന്നും കോടതി പരാമർശിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

tags
click me!