'എന്നെ പൊലീസ് നേരത്തേ പിടികൂടുമെന്നാണ് ഞാൻ കരുതിയത്' എന്ന് 14 പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി

By Babu Ramachandran  |  First Published Nov 3, 2020, 10:55 AM IST

"ഞാൻ അവരുടെ കൺവെട്ടത്ത് കിടന്നു കറങ്ങിയിട്ടും  അവർ എന്തുകൊണ്ടാണ് എന്നെ അറസ്റ്റു ചെയ്യാൻ ഇത്രയും കാലം എടുത്തത്?" 


കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ സുവോൺ പ്രവിശ്യയിലെ ഒരു കോടതിയിൽ, വളരെ നിർണായകമായ ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്തപ്പെട്ടു. മൂന്നു പതിറ്റാണ്ടു മുമ്പ്, രാജ്യത്തെ കിടുകിടാ വിറപ്പിച്ച ഒരു കൊലപാതക പരമ്പരയിൽ, പതിനാലു പെൺകുട്ടികളെ കൊന്നുതള്ളിയത് താനാണ് എന്ന് അയാൾ നിരുപാധികം സമ്മതിച്ചു. ഒപ്പം ഒരു അതിശയവും പ്രകടിപ്പിച്ചു, "ഇന്നാട്ടിലെ പൊലീസിനെക്കൊണ്ട് എന്തിനെങ്കിലും കൊള്ളുമോ? ഞാൻ അവരുടെ കൺവെട്ടത്ത് കിടന്നു കറങ്ങിയിട്ടും  അവർ എന്തുകൊണ്ടാണ് എന്നെ അറസ്റ്റു ചെയ്യാൻ ഇത്രയും കാലം എടുത്തത്?" 

Latest Videos

undefined

 

അയാളുടെ പേര് ലീ ചുൻ-ജെ എന്നായിരുന്നു. ഇന്ന് അയാൾക്ക് അമ്പത്തേഴു വയസ്സുണ്ട് പ്രായം. തന്റെ യൗവ്വനകാലത്ത് ഒരു പ്രത്യേക കാലയളവിൽ താൻ തുടർച്ചയായി ചെയ്തു കൂട്ടിയ ഈ സീരിയൽ കൊലപാതകങ്ങളുടെ ഒക്കെ ഉത്തരവാദിത്തം ജഡ്ജിയുടെ മുന്നിൽ സ്വമേധയാ ഏറ്റെടുക്കുമ്പോൾ, അത് നിർന്നിമേഷനായി നോക്കി നിന്ന മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ചെയ്യാത്ത കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്ത് കൊടിയ പീഡനങ്ങൾക്ക് വിധേയനാക്കി, ഒടുവിൽ മർദ്ദനവും മാനസിക പീഡനവും താങ്ങാനാവാതെ കുറ്റം ഏറ്റുപറഞ്ഞ്, ഇരുപതു വർഷക്കാലം ഇരുമ്പഴികൾക്ക് പിന്നിൽ കഴിച്ചു കൂട്ടേണ്ടി വന്ന, ഒരായുഷ്കാലത്തെക്ക് ബലാൽസംഗി എന്നും കൊലപാതകി എന്നുമൊക്കെയുള്ള ദുഷ്‌പേര് തലക്കുമേലെ ചാർത്തിക്കിട്ടിയ ഒരു സാധു, യൂൺ. അപരിചിതനായ ലീയുടെ ആ വെളിപ്പെടുത്തലുകൾ കേട്ട യൂണിനും നെടിയൊരു നിശ്വാസം  പൊഴിക്കാനല്ലാതെ മറ്റൊന്നിനും ആയില്ല. 

" ഞാൻ അന്ന് പ്രവർത്തിച്ച ക്രിമിനൽ കുറ്റങ്ങൾ എന്നെന്നേക്കുമായി മറച്ചുവെക്കാനാവില്ല എന്നൊക്കെ എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു." ലീ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ലീ പൊലീസിന് മുന്നിൽ തന്റെ കുറ്റം ആദ്യമായി സമ്മതിക്കുന്നത് എങ്കിലും, മാധ്യമങ്ങൾക്കു മുന്നിൽ അതേപ്പറ്റി ആദ്യമായി വെളിപ്പെടുത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ലീ ചെയ്ത കുറ്റത്തിന്, 1988 -ൽ ഒരു 13 കാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ട കേസിൽ, ശിക്ഷിക്കപ്പെട്ട യൂണിനു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലിൽ കഴിയേണ്ടിവന്ന ശേഷം, അദ്ദേഹം മോചിപ്പിക്കപ്പെട്ടത് 2008 -ലായിരുന്നു. 

 

 

ഈ പതിമൂന്നുകാരി, 1986 -നും 1991 -നും ഇടക്ക്, ദക്ഷിണ കൊറിയയിൽ, ഹ്വാസ്യോങ് എന്ന ആ സിയോളിന്റെ പ്രാന്തപ്രദേശത്ത് കൊല്ലപ്പെട്ടത് പത്തിലധികം പെൺകുട്ടികളിൽ ഒരാളായിരുന്നു. കൊലപാതക പരമ്പര തുടങ്ങുന്നതിനു മുമ്പ് അവിടെ പറയത്തക്ക കുറ്റകൃത്യങ്ങൾ ഒന്നും നടന്നിരുന്നില്ല. വല്ലപ്പോഴും ഒരു ചെറിയ മോഷണം, തട്ടിപ്പ് അത്ര മാത്രം. അങ്ങനെ മോഷ്ടിക്കാനും മാത്രം പൊന്നോ പണമോ ഒന്നും നാട്ടുകാരിൽ ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല താനും.

എന്നാൽ 1986 ഹ്വാസ്യോങ്ങുകാർ മറക്കാത്ത ഒരു വർഷമാണ്. അക്കൊല്ലം സെപ്റ്റംബറിലാണ് പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകർത്തുകൊണ്ട് ഒരു യുവതി കൊലചെയ്യപ്പെടുന്നത്. അത് നിരവധി കൊലപാതകങ്ങളുടെ ഒരു പരമ്പരയിലെ ആദ്യത്തേതായിരുന്നു. അഞ്ചുവർഷത്തിനിടെ ഹ്വാസ്യോങ്ങിൽ അങ്ങേയറ്റം ദുരൂഹമായ സാഹചര്യങ്ങളിൽ കൊലചെയ്യപ്പെട്ടത് പത്തു യുവതികളായിരുന്നു. അതിലൊന്നായിരുന്നു സ്വന്തം കിടക്കയിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട ഈ പതിമൂന്നുകാരിയും. എല്ലാ കേസിലും യുവതികൾ ബലാത്സംഗത്തിന് ഇരയായിരുന്നു. മിക്കവാറും കേസിൽ കൊല ചെയ്യാൻ ഉപയോഗിക്കപ്പെട്ടത് യുവതിയുടെ തന്നെ എന്തെങ്കിലും വസ്ത്രമായിരിക്കും. ബ്ലൗസോ, സ്റ്റോക്കിങ്‌സോ ഒക്കെ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് കൊല നടന്നിട്ടുണ്ടാവുക. ഇരകളിൽ വീട്ടമ്മമാരും, സ്‌കൂൾ/കോളേജ് വിദ്യാർത്ഥിനികളും, സൂപ്പർമാർക്കറ്റിൽ എടുത്തുകൊടുക്കാൻ നിൽക്കുന്നവരും ഒക്കെ ഉണ്ടായിരുന്നു. പതിമൂന്നുകാരി മുതൽ 71 കഴിഞ്ഞ വൃദ്ധ വരെ ബലാത്സംഗം ചെയ്യപ്പെട്ടു, കൊല ചെയ്യപ്പെട്ടു. അവിടെ ആരും സുരക്ഷിതമല്ല എന്ന നിലവന്നു.

 


ഒന്നിന് പിന്നാലെ ഒന്നായി കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഒക്കെ നടക്കാൻ തുടങ്ങിയതോടെ ഹ്വാസ്യോങ്ങുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. പ്രദേശവാസികൾ സ്ക്വാഡുകളുണ്ടാക്കി കൊലപാതകിയെ പിടികൂടാൻ രാത്രി ഉറക്കമിളച്ച് കാത്തിരുന്നു. വടിയും കുന്തവുമായി ഹ്വാസ്യോങ്ങിലെ തെരുവുകളിലൂടെ അവർ റോന്തുചുറ്റി. സ്ത്രീകളെ അവരുടെ വീട്ടുകാർ നേരമിരുട്ടിയാൽ പുറത്തിറങ്ങുന്നതിൽ നിന്ന് വിലക്കി.

പ്രദേശത്ത് അധികം തെരുവുവിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതിൽ തന്നെ പലതും മുനിഞ്ഞു കത്തുന്നവയുമായിരുന്നു. അവിടത്തെ ഫാക്ടറികളിൽ രാത്രി ഷിഫ്റ്റിൽ ജോലി കഴിഞ്ഞു ബസ്സുകളിൽ തിരികെ വന്നു സ്റ്റോപ്പിൽ ഇറങ്ങി വീടുകളിലേക്ക് നടന്ന് പോകേണ്ടി വന്നിരുന്ന പെണ്ണുങ്ങളും ഉണ്ടായിരുന്നു. നടന്നുപോകുന്ന വഴിയിൽ ഏതെങ്കിലും പുരുഷന്റെ സാന്നിധ്യം മണത്താൽ അവരുടെ നെഞ്ചിൽ പെരുമ്പറയടിച്ചു. അതോടെ അവരുടെ നടത്തത്തിനു വേഗം കൂടുമായിരുന്നു. എങ്ങനെയും വീടു പറ്റാൻ അവർ ആഞ്ഞുപിടിച്ചു നടക്കുമായിരുന്നു. മരിച്ചവരിൽ പലരും ധരിച്ചിരുന്ന ഉടുപ്പുകൾ ചുവന്ന നിരത്തിലുള്ളവയായിരുന്നു. കൊല്ലാൻ ഉപയോഗിക്കപ്പെട്ട ഷാളും സ്റ്റോക്കിങ്ങ്സും ബ്ലൗസും ഒക്കെ ചുവപ്പ്‌നിറം തന്നെ. അതുകൊണ്ട്, ചോന്ന ഉടുപ്പുകൾ ഇടരുതെന്ന് വീട്ടുകാർ സ്വന്തം മക്കളെ വിളക്കുമായിരുന്നു. ചോന്ന നിറം കൊലപാതകിക്ക് ഇഷ്ടമാണ് എന്നും, ചോപ്പുകണ്ടാൽ ഹാലിളകി കൊന്നുകളയും എന്നുമൊക്കെ അഭ്യൂഹങ്ങൾ പ്രചരിച്ചു.

എന്നാൽ ഭയപ്പാടുണ്ടായിരുന്നത് ഹ്വാസ്യോങ്ങിലെ സ്ത്രീജനങ്ങൾക്ക് മാത്രമല്ലായിരുന്നു. പുരുഷന്മാരും ഭയന്ന് വിറച്ചാണ് കഴിഞ്ഞു കൂടിയിരുന്നത്. അവരും നേരമിരുട്ടിയാൽ പുറത്തിറങ്ങി നടക്കാൻ മടിച്ചു. കാരണം, റോന്തുചുറ്റുന്ന സദാചാര സംരക്ഷകരുടെയോ പൊലീസിന്റെ അന്വേഷണ സംഘത്തിന്റെയോ മുന്നിൽ വല്ല ദുരൂഹ സാഹചര്യത്തിലും പോയി കുടുങ്ങിയാൽ റേപ്പിസ്റ്റ്-കൊലപാതകി പട്ടങ്ങൾ ചാർത്തിക്കിട്ടും. പിന്നതിൽ നിന്ന് ആജീവനാന്തം മോചനമുണ്ടാവില്ല. തെമ്മാടികളാണ് എന്ന് ജനം ധരിച്ചാലോ എന്ന് കരുതി അന്ന് യുവാക്കൾ സ്വൈരമായിട്ടൊന്നു കുടിച്ചു കൂത്താടാൻ പോലും മടിച്ചു നിന്നു.

 

ആദ്യത്തെ കൊലപാതകം നടന്നപാടേ ലോക്കൽ പൊലീസ് കൊണ്ടുപിടിച്ച അന്വേഷണങ്ങൾ നടത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിന് പിന്നാലെ ഒന്നായി മൂന്നു കൊലപാതകങ്ങൾ, മൂന്നും ബലാത്സംഗം ചെയ്ത ശേഷമുള്ള കൊലകൾ നടന്നപ്പോൾ ലോക്കൽ സ്റ്റേഷനിലെ അന്വേഷകർ കൈ മലർത്തി. നഗരത്തിൽ നിന്ന് വിദഗ്ധരായ അന്വേഷകർ വന്നെത്തി. മൂന്നാമത്തെ കൊല നടന്ന ശേഷമാണ് പൊലീസ് അതിനെ ഒരു സീരിയൽ കില്ലിംഗ് എന്ന മട്ടിൽ തന്നെ കാണാൻ തുടങ്ങിയത്. സംഭവത്തിന് വല്ലാത്ത മീഡിയാ കവറേജ് കിട്ടിത്തുടങ്ങിയത്. തങ്ങൾ അന്വേഷിക്കുന്നത് കൃതഹസ്തനായ ഒരു സീരിയൽ കില്ലറെ ആണെന്ന് പൊലീസിന് നല്ല നിശ്ചയമുണ്ടായിരുന്നു. ഇല്ലാതിരുന്നത് അയാളിലേക്ക് നയിക്കുന്ന തെളിവുകളായിരുന്നു. അത് സിസിടിവി ക്യാമെറകൾക്കും, ഡിഎൻഎ ടെസ്റ്റിംഗിനും ഒക്കെ മുമ്പുള്ള കാലമാണ് എന്നോർക്കണം. ഇങ്ങനെ ഒരു കേസിൽ തുമ്പുകൾ കൂട്ടിത്തുന്നിയെടുത്ത്, കൃത്യമായ തെളിവുകൾ ശേഖരിച്ച് ഒരു കുറ്റവാളിയിലേക്ക് എത്തിച്ചേരുക എന്നത് അതീവ ദുഷ്കരമായ ഒരു ദൗത്യമായിരുന്നു.

ആദ്യത്തെ മൂന്നു കൊലകളും നടന്നത് ഹ്വാസ്യോങ്ങിലെ 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആയിരുന്നു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പ്രദേശം മൊത്തം അരിച്ചു പെറുക്കി. കാര്യമുണ്ടായില്ല. പൊലീസിന്റെ സാന്നിധ്യം ഇല്ലാതിരുന്ന ഒരിടത്ത് അടുത്ത കൊല നടന്നു. അടുത്ത പടിയായി സ്ത്രീ ഓഫീസർമാരെ ചോന്ന ഉടുപ്പിടീച്ച് കൊലപാതകിയെ പ്രലോഭിപ്പിക്കാനും ശ്രമമുണ്ടായി. പ്രതി വലയിൽ വീഴാനായി പൊലീസിൽ ചിലർ ദുർമന്ത്രവാദം വരെ നടത്തി.

എന്നാൽ അതിനൊന്നും കൊലപാതകങ്ങളുടെ പരമ്പരയെ തടുത്തുനിർത്താനായില്ല. ആഴ്‌ചകൾ ഇടവിട്ട് കൊലകളും ബലാത്സംഗങ്ങളും നിർബാധം തുടർന്നുപോന്നു. ഹ്വാസ്യോങ്ങിലെ പാടത്തും പറമ്പിലും കുന്നിലും കാട്ടിലും മേട്ടിലുമെല്ലാം തുമ്പുതേടി അലഞ്ഞു തിരിഞ്ഞു നടന്ന പൊലീസിന് അപ്പോഴേക്കും അജ്ഞാതനായ ആ സീരിയൽ കിള്ളാരോട് അടങ്ങാത്ത പകയായിട്ടുണ്ടായിരുന്നു.  2003 -ൽ പാരസൈറ്റിന്റെ സംവിധായകൻ ബോങ് ജൂൺ ഹോ, 'മെമ്മറീസ് ഓഫ് എ മർഡർ' എന്നപേരിൽ ഈ പ്രമേയത്തിൽ ഒരു സിനിമയും ഒരുക്കി. 

 

 

മേല്പറഞ്ഞ പതിമൂന്നുകാരിയുടെ കൊലപാതകം നടന്ന് ഒരു വർഷത്തിനുള്ളിൽ, പൊലീസ് പ്രദേശത്തുള്ള യൂൺ എന്ന ഒരു ഇരുപത്തിരണ്ടുകാരനായ സർവീസ് ടെക്നിഷ്യൻറെ വീട്ടിലേക്ക് കടന്നുചെല്ലുന്നു. പൊലീസ് വരുമ്പോൾ അയാൾ അത്താഴം കഴിക്കാൻ തുടങ്ങുകയായിരുന്നു. "എന്താ സാറേ കാര്യം?" യൂൺ ചോദിച്ചു. "ഓ... ഒന്നുമില്ല, ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇൻസ്‌പെക്ടർ സാറിന് ഒന്ന് രണ്ടു ചെറിയ സംശയങ്ങൾ ക്ലിയർ ചെയ്യാനുണ്ട്, ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും. എത്രയും പെട്ടെന്ന് തിരിച്ചു പോരാം" എന്നായി  വന്ന കോൺസ്റ്റബിൾമാർ. കഴിച്ചു മുഴുമിക്കാൻ പോലും നിൽക്കാതെ വസ്ത്രം മാറി അവർക്കൊപ്പം ഇറങ്ങി അയാൾ.

അവർ യൂണിനെ നേരെ കൂട്ടിക്കൊണ്ടു പോയത് അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ ഇടിമുറിയിലേക്കാണ്. അവിടെ അയാൾക്ക് നേരിടേണ്ടി വന്നതോ, ആ പതിമൂന്നുകാരിയുടെ ബലാത്സംഗത്തെക്കുറിച്ചും  കൊലപാതകത്തെക്കുറിച്ചുമുള്ള പലതരം ചോദ്യങ്ങളാണ്. അങ്ങനെ ഒരു സംഭവത്തെപ്പറ്റി അറിയില്ല. താൻ ആ വഴിക്ക് പോയിട്ടേയില്ല എന്ന് യൂൺ മറുപടി പറഞ്ഞതോടെ അവർ ഇടി തുടങ്ങി. പൊലീസുകാരുടെ അടിയും ഇടിയുമൊക്കെ അയാൾക്ക് പിന്നെയും സഹിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഗതികെട്ടുപോയത് ഉറങ്ങാൻ വിടാതെയുള്ള അവരുടെ ബുദ്ധിമുട്ടിക്കലിലാണ്. ലോക്കപ്പിന്റെ കമ്പിയിൽ ഒരു കൈ ഉയർത്തി വിലങ്ങിട്ടു വെച്ചു. അങ്ങനെ ഒറ്റക്കാലിൽ നിന്ന് ഉറക്കം പിടിക്കാൻ തുടങ്ങുമ്പോൾ ബാറ്റൺ കൊണ്ട് കമ്പിയിൽ 'പടോ' എന്നുള്ള അടിയാണ്. ഞെട്ടി ഉണർന്നുപോകും. അങ്ങനെ ഉറങ്ങാൻ വിടാതെ മൂന്നു ദിവസം അവർ അയാളെ പീഡിപ്പിച്ചു. മൂന്നു ദിവസവും പച്ചവെള്ളം പോലും കൊടുത്തില്ല ആരും. നല്ലപോലെ മൂത്രമൊഴിക്കാൻ മുട്ടിയ ശേഷമാണു ടോയ്‌ലെറ്റിൽ പോലും പോകാൻ വിട്ടത്. തുടർച്ചയായി മൂന്നു രാപ്പകലുകൾ അങ്ങനെ ഒറ്റക്കാലിൽ നിന്ന് ഉറങ്ങാതെ കഴിച്ചു കൂട്ടി, ഒടുവിൽ ഭ്രാന്തിന്റെ വക്കിൽ എത്തിയപ്പോഴാണ് യൂൺ അവർ പറയുന്നതൊക്കെ സമ്മതിച്ചുകൊടുത്തത്. ആ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊന്നത് താനാണ് എന്നുള്ള കുറ്റസമ്മതമൊഴിയിൽ, ഒന്ന് നേരം വണ്ണം വായിച്ചുപോലും നോക്കാതെ അയാൾ ഒപ്പിട്ടുകൊടുത്തു.

മൊഴി ഇപ്രകാരമായിരുന്നു. "രാത്രി കിടന്നിട്ടുറക്കം വന്നില്ല. ഒന്ന് ഉലാത്താൻ വേണ്ടി പുറത്തേക്കിറങ്ങിയതാണ്. കുട്ടിക്കാലത്ത് പോളിയോ വന്നതുകൊണ്ട്, ഒരു കാലിന് ഇത്തിരി സ്വാധീനക്കുറവുള്ളതാണ്. അതുകൊണ്ട് പ്രാഞ്ചിപ്രാഞ്ചിയുള്ള നടത്തിനിടെ ഇടയ്ക്കിടെ ഒന്നിരിക്കേണ്ടി വന്നിരുന്നു. അങ്ങനെ ഒരിടത്ത് ഇരിക്കുമ്പോൾ, അവിടെ ഒരു വീട്ടിനുള്ളിൽ വെളിച്ചം കണ്ടു. ജനലിലൂടെ കിടക്കയിൽ കിടന്നുറങ്ങുന്ന ആ പെൺകുട്ടിയുടെ ദൃശ്യം ആകെ പ്രലോഭിപ്പിച്ചു. തൊട്ടപ്പുറത്തെ മുറിയിൽ അവളുടെ അച്ഛനമ്മമാർ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അപ്പോൾ അതൊന്നും ഒരു തടസ്സമായില്ല. അകത്തേക്ക് നൂണ്ടുകയറിച്ചെന്ന്, അവളുടെ വാ പൊത്തി, ശബ്ദമൊന്നും പുറത്തു കേൾക്കാതെ അവളെ ബലാത്സംഗം ചെയ്തു. ഇറങ്ങിപ്പോരും മുമ്പ്, ഒന്നും പുറത്തറിയാതിരിക്കാൻ വേണ്ടി അവളെ കൊന്നും കളഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ഇട്ടിരുന്ന ഉടുപ്പെല്ലാം ഊരി കത്തിച്ചു കളഞ്ഞു. വീട്ടിൽ പോയി സമാധാനമായി കുളിച്ച് കിടന്നുറങ്ങി."

1986 മുതൽ തന്നെ പ്രദേശത്ത് നടന്നുവരുന്ന കൊലപാതകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട യൂൺ ആ രീതി അനുകരിച്ചതാണ്(Copycat Killing) എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. യൂണിന്റെ ആ കുറ്റസമ്മതമൊഴി കോടതിക്ക് അയാളെ ശിക്ഷിക്കാൻ ധാരാളമായിരുന്നു. ആയുഷ്കാലത്തെ കഠിനതടവായിരുന്നു കോടതി വിധിച്ച ശിക്ഷ എങ്കിലും, ശിക്ഷാകാലത്തെ നല്ലനടപ്പിന്റെ പേരിൽ, 20 വർഷങ്ങൾക്ക് ശേഷം അയാൾ ജയിൽ മോചിതനായി. 
 

ഇതുവരെ കഥയിൽ ചോദ്യമൊന്നുമില്ല. ഒരൊറ്റ കുഴപ്പം മാത്രം. "ഹ്വാസ്യോങ്ങിലെ തെരുവുകൾ തണുത്തുറഞ്ഞുകിടന്ന ഇരുപതുവർഷം മുമ്പുള്ള ഒരു രാത്രിയിൽ ആ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊന്നത് ഞാനല്ല" എന്ന് യൂൺ എന്നും ആവർത്തിച്ച് കൊണ്ടിരുന്നു.

2019 സെപ്റ്റംബർ മാസം.  ഗ്യോൺഗി നമ്പു പ്രൊവിൻഷ്യൽ പൊലീസ് സൂപ്രണ്ട് ജനറൽ ബാൻ ഗി സൂ ആയിരുന്നു ഈ കേസ് അവസാനമായി അന്വേഷിച്ച ഉദ്യോഗസ്ഥൻ. അദ്ദേഹം ഒരു സുപ്രഭാതത്തിൽ ഹ്വാസ്യോങ്ങിനെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ നടത്തി. ജൂലൈയിൽ അതുവരെ ശേഖരിച്ച തെളിവുകളുടെ ഡിഎൻഎ മാച്ചിങ് നടത്തപ്പെട്ടുവത്രെ. അതിൽ പലയിടത്തായി നടന്ന മൂന്നുകൊലകളിൽ നിന്ന് കിട്ടിയ സാമ്പിളുകളിൽ ഒരാളുടെ ഡിഎൻഎയുടെ സാന്നിധ്യമുണ്ടായിരുന്നു. ലീ ചുവാൻ ജെ. സ്വന്തം സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ലീ ബാക്കിയുള്ള ഒൻപതു കൊലയും ചെയ്തത് താൻ തന്നെ എന്ന് പൊലീസിനോട് സമ്മതിച്ചു. പൊലീസിന് അറിവില്ലാത്ത വേറെയും നാലുകൊലകൾ താൻ ചെയ്തിട്ടുണ്ടെന്നുകൂടി അയാൾ പറഞ്ഞു.

വളരെ വിശദമായ ഒരു കുറ്റസമ്മത മൊഴി ആയിരുന്നു ലീയുടേത്. ഒരു കഷ്ണം കടലാസ്സിൽ ചിത്രമൊക്കെ വരച്ച് കുത്തുകൾ യോജിപ്പിച്ചു ലൊക്കേഷൻ മാപ്പൊക്കെ വരച്ചായിരുന്നു അയാൾ തന്റെ കൃത്യങ്ങൾ വിവരിച്ചത്. അയാൾ സമ്മതിച്ച കൂട്ടത്തിൽ ആ പതിമൂന്നുകാരിയുടെ ബലാത്സംഗാനന്തരമുള്ള കൊലപാതകവും ഉണ്ടായിരുന്നു.  

തന്നെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു എന്ന് ലീ കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ പറഞ്ഞു. " ആ സമയത്ത് എന്റെ കയ്യിൽ ഞാൻ കൊന്ന ഒരു പെൺകുട്ടിയുടെ വച്ച് ഉണ്ടായിരുന്നു. പക്ഷെ, പൊലീസ് എന്നോട് ചോദിച്ച ഒരേയൊരു ചോദ്യം, എന്റെ കയ്യിൽ ഐഡി കാർഡ് ഇല്ലാതിരുന്നത് എന്തുകൊണ്ട് എന്നത് മാത്രമായിരുന്നു. രണ്ടു ദിവസം തടഞ്ഞു വെച്ച ശേഷം അവരെന്നെ വിട്ടയക്കുകയും ചെയ്തു. " 

"പലപ്പോഴും എന്നെ പൊലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അവർ ചോദിച്ചു കൊണ്ടിരുന്നത് മറ്റാരെയൊക്കെയോ പറ്റിയാണ്. തന്റെ ഇരകളെ ഒന്നൊന്നായി ബലാത്സംഗം ചെയ്തതിന്റെയും കൊന്നു കളഞ്ഞതിന്റെയും പേരിൽ തനിക്ക് യാതൊരു വിധ പശ്ചാത്താപവും ഇല്ല എന്നും, അതൊക്കെ അപ്പപ്പോൾ തോന്നിയ ഓരോ ആവേശത്തിന്റെ പുറത്ത് ചെയ്തതാണ് എന്നും ലീ പറയുന്നു. താൻ ചെയ്ത കുറ്റത്തിന് പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചു യൂണിന്റെ കാര്യത്തിൽ തനിക്ക് സങ്കടം ഉണ്ടെന്നും ലീ തുറന്നുപറഞ്ഞു. താൻ കൊന്നവരുടെ വീട്ടുകാരോടും ലീ ക്ഷമാപണം നടത്തിയിട്ടുണ്ട്. 1994 -ൽ സ്വന്തം സഹോദരഭാര്യയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ലീ ഇപ്പോൾ. മൂന്നു പതിറ്റാണ്ടു മുമ്പ് നടന്ന ഹ്വാസ്യോങ് പരമ്പര ബലാത്സംഗ കൊലപാതകങ്ങളുടെ പേരിൽ ഇനി പക്ഷേ, ലീയെ വിചാരണ ചെയ്യാൻ ദക്ഷിണ കൊറിയൻ നിയമങ്ങൾ പ്രകാരം സാധിക്കില്ല. കാരണം, ഒരു കേസിൽ സംഭവം നടന്ന ശേഷം വിചാരണ തുടങ്ങാൻ എടുക്കാവുന്ന പരമാവധി സമയം ഈ കേസിന്റെ കാര്യത്തിൽ അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. 

ലീയെ ഈ കേസിൽ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല എങ്കിലും, യൂൺ എന്ന നിരപരാധിയായ അംഗപരിമിതനെ എന്നെന്നേക്കുമായി കുറ്റവിമുക്തനാക്കാൻ അയാളുടെ കുറ്റസമ്മത മൊഴി സഹായകമാവും എന്നുറപ്പാണ്. 

 

 

click me!