മൂന്ന് തരം വെടിയുണ്ടകള്‍ പായിക്കാന്‍ പറ്റുന്ന ഒരു തോക്ക്. ഒപ്പം ഒരു കത്തിയും റഷ്യന്‍ ബഹിരാകാശ യാത്രക്കാര്‍ തങ്ങളുടെ കൈവശം കരുതി.
ഇന്ത്യ സ്വന്തം നിലയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇലോണ്‍ മസ്കിനെ പോലുള്ള അതിസമ്പന്നരും മനുഷ്യരെ ടൂറിസത്തിന്‍റെ പേരില്‍ ബഹിരാകാശത്തേക്ക് അയക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനിടെയാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ എന്തിനാണ് തോക്കുമായി ബഹിരാകാശത്തേക്ക് പോയത് എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്. തോക്ക് കൊണ്ടു നടക്കാന്‍ പലരും തുടങ്ങിയത് മനുഷ്യന്, മനുഷ്യനോട് തന്നെയുള്ള ഭയത്തില്‍ നിന്നാണ്. എന്നാല്‍ ബഹിരാകാശം പോലൊരു സ്ഥലത്ത് മനുഷ്യന് പോയിട്ട് ഒരു മൃഗം പോലുമില്ലാത്ത സ്ഥലത്തേക്ക് എന്തിനാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ തോക്ക് കൊണ്ട് പോയി എന്ന ചോദ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പല വിധ ഉത്തരങ്ങളും സൃഷ്ടിച്ചു.
ആദ്യകാലത്ത് മനുഷ്യന്‍റെ ബഹിരാകാശ യാത്ര ഏറെ സങ്കീര്‍ണത നിറഞ്ഞതായിരുന്നു. നിരവധി വെല്ലുവിളികളെ അവര്‍ നേരിടേണ്ടിവന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബഹിരാകാശ പേടകത്തിന്‍റെ ഭൂമിയിലേക്കുള്ള തിരിച്ച് വരവായിരുന്നു. ബഹിരാകാശ പേടകം പുറപ്പെടുന്ന സ്ഥലത്തല്ല അത് തിരിച്ച് ഇറങ്ങുക. മറിച്ച് ഭൂമിയുടെ ഭ്രമണവും പേടകത്തിന്‍റെ വേഗതയും അതിനെ ഭൂമിയിലെ മറ്റേതെങ്കിലും പ്രദേശത്ത് ഇറക്കുന്നു. ഇത്തരത്തില്‍ ബഹിരാകാശ പേടകങ്ങള്‍ സൈബീരിയ പോലുള്ള അപകടകരമായ പ്രദേശങ്ങളില്‍ ഇറങ്ങുമ്പോള്‍ അത് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രധാനമായും തദ്ദേശവാസികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണമായിരുന്നു.
ഇത്തരം അപകടങ്ങളെ ചെറുക്കാനാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ടിപി-82 എന്ന ട്രിപ്പിള്‍ ബാരല്‍ കൈത്തോക്കുമായി ബഹിരാകാശത്തേക്ക് പറന്നത്. ബഹിരാകാശ സഞ്ചാരികൾക്കായി റഷ്യ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ടിപി-82 എന്ന ട്രിപ്പിള്‍ ബാരല്‍ കൈത്തോക്ക്. ആ തോക്കില്‍ മൂന്ന് പ്രത്യേക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ മൂന്ന് തരം ബുള്ളറ്റുകളുണ്ടായിരുന്നു. ഒപ്പം ഒരു കത്തിയും. ആദ്യത്തെ ബുള്ളറ്റ് ചെറിയ മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കാം. രണ്ട് കുറച്ചുകൂടി വലിയ മൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മൂന്നാമത്തെ ബുള്ളറ്റാകട്ടെ ആകാശത്തേക്ക് തീ കത്തിച്ച് വിടാനും അതുവഴി ദൂരെയുള്ളവരുടെ ശ്രദ്ധനേടാനും സഹായിക്കും.
ആദ്യകാലത്ത് ബഹിരാകാശ പേടകത്തിന്‍റെ ഇറക്കം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നില്ല. എവിടെ, എപ്പോള്‍ ഇറങ്ങുമെന്ന് നിശ്ചയമില്ലാത്ത ബഹിരാകാശ പേടകത്തിലെ യാത്രക്കാരെ സഹായം എത്തുന്നത് വരെ പിടിച്ച് നില്‍ക്കാനും സ്വയരക്ഷയ്ക്കും ഈ തോക്ക് സഹായിച്ചു. തോക്കിനൊപ്പം കൂടുതല്‍ കാലം സുരക്ഷിതമായിരിക്കുന്ന ഭക്ഷണവും അത്യാവശ്യം മരുന്നുകളും റഷ്യ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ഇത് തിരിച്ചെത്തുന്ന സഞ്ചാരികളെ ഏത് സാഹചര്യവും തരണം ചെയ്യാന്‍ സഹായിച്ചു. എന്നാല്‍, സാങ്കേതിക ജ്ഞാനത്തിലുണ്ടായ വളര്‍ച്ച പിന്നീട് ഇത്തരം ആശങ്കകളെ അവസാനിപ്പിച്ചു. പിന്നാലെ റഷ്യ, ബഹിരാകാശത്തേക്ക് തോക്ക് അയക്കുന്ന പതിവും നിര്‍ത്തി. ഇന്ന് ടിപി-82 എന്ന ട്രിപ്പിള്‍ ബാരല്‍ കൈത്തോക്ക് ചരിത്രത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു.