ദില്ലി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാന സിഐഎ തുടങ്ങിയ വിവിധ പൊലീസ് ഏജന്‍സികളില്‍ നിന്നുള്ള 200 പൊലീസുകാരുടെ കാവലില്‍ നാളെ അനുരാധയും കാലായും വിവാഹിതരാകും.
2014 -ലാണ് കങ്കണ റണാവത്ത് നായികയായ 'റിവോൾവർ റാണി' എന്ന സിനിമ പുറത്തിറങ്ങുന്നത്. രാഷ്ട്രീയവും പ്രണയവും ഇഴചേര്‍ന്ന ഒരു ആക്ഷേപഹാസ്യ പ്രണയകഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. അതേസമയം പെണ്‍കരുത്തിന്‍റെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നില്‍ ഒരു യഥാര്‍ത്ഥ ജീവിതമുണ്ടായിരുന്നു. അത്, അനുരാധ ചൗധരി എന്ന ഒരു സ്ത്രീ ഗുണ്ടാ നേതാവിന്‍റെ ജീവിതമാണ്. 'മാഡം മിന്‍സ്' എന്നും 'റിവോള്‍വര്‍ റാണി' എന്നും അറിയപ്പെട്ട അനുരാധ ചൗധരി. അനുരാധയുടെയും മറ്റൊരു ഗുണ്ടാ നേതാവായ കാലാ ജഠെഡിയുടെയും വിവാഹമാണ് നാളെ (12.3.2024). അതും കോടതി അനുമതിയോടെ 200 പോലീസുകാരുടെ കാവലില്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? ഗുണ്ടകളുടെ വിവാഹത്തിന് 200 പോലീസുകാരുടെ കാവല്‍!
എന്നാല്‍, അതിലും അതിശയപ്പെടുത്തുന്നതാണ് റിവോള്‍വര്‍ റാണി എന്ന അനുരാധ ചൗധരിയുടെ ജീവിതം. ഒരു മസാല സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അതിലുണ്ട്. 2022 ജൂണിലാണ്. അനുരാധയുടെ പേര് ആദ്യമായി പോലീസിന്‍റെ മുന്നിലെത്തുന്നത്. അതും പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹരിയാന പോലീസ് പറയുന്നത് കൊള്ളയടിക്കൽ, മദ്യക്കടത്ത്, ആയുധക്കടത്ത്, എതിരാളികളെ കൊലപ്പെടുത്തി ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ പരിപാടികളില്‍ അനുരാധയും സംഘവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്.
അനുരാധ വിവാഹം കഴിക്കാന്‍ പോകുന്ന ഗുണ്ടാനേതാവായ സന്ദീപ് കാലാ എന്ന കാലാ ജഠെഡി ഇപ്പോള്‍ ജയിലിലാണ്. വിവാഹത്തിനായി അയാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനെപത്തിലെ ജാതേരി ഗ്രാമത്തിൽ വച്ച് നാളെ ഇരുവരുടെയും വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹത്തിന് ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി, ഇരുവരുടെയും വിവാഹത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടത്. ദില്ലി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സെല്‍, ക്രൈംബ്രാഞ്ച്, ഹരിയാന സിഐഎ തുടങ്ങിയ വിവിധ പോലീസ് ഏജന്‍സികളില്‍ നിന്നുള്ള 200 പോലീസുകാരുടെ കാവലില്‍ നാളെ അനുരാധയും കാലായും വിവാഹിതരാകും.
അനുരാധയില്‍ നിന്ന് റിവോള്‍വര്‍ റാണിയിലേക്ക്
എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ ഫെലിക്സ് ദീപക് മിൻസ് എന്ന ആളുമായി അനുരാധ പ്രണയത്തിലായിരുന്നു. എന്നാല്‍, അനുരാധയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇരുവീട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഷെയർ ട്രേഡിംഗ് ബിസിനസ്സിലേക്ക് കടന്ന ഇരുവര്‍ക്കും ഷെയർ മാർക്കറ്റ് ട്രേഡിംഗിൽ ആദ്യകാലത്ത് വലിയ ലാഭം നേടാനായി. എന്നാല്‍, ട്രേഡിംഗ് ബിസിനസിലെ ചതിയിലൂടെ പണം നഷ്ടമായ അനുരാധ വലിയ കടക്കെണിയില്‍ അകപ്പെട്ടു. കേസുമായി അവര്‍ പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും പോലീസ് കേസ് താമസിപ്പിച്ചു. ഇതിനിടെ ബാധ്യത തീര്‍ക്കാന്‍ അനുരാധ ക്രിമിനല്‍ സംഘങ്ങളുമായി കൈകോര്‍ത്തു.
ഈ സമയത്താണ് ബൽബീർ ബനുദ എന്ന കുറ്റവാളി രാജസ്ഥാനിലെ ഗുണ്ടാ സംഘം തലവനായ ആനന്ദ്പാൽ സിംഗിനെ അനുരാധയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ആനന്ദ്പാലില്‍ നിന്നും സാമ്പത്തിക സഹായം തേടിയ 'മാഡം മിന്‍സ്' പതുക്കെ സംഘത്തിലെ ഒരംഗമായി മാറി. അനുരാധ സംഘത്തിലേക്ക് എത്തിയതോടെ ആനന്ദ്പാൽ മാധ്യമായ വസ്ത്രം ധരിക്കാനും ഇംഗ്ലീഷ് പഠിക്കാനും ആരംഭിച്ചെന്നും ഹരിയാന പോലീസ് രേഖകള്‍ പറയുന്നു. ഈ സംഘത്തിന്‍റെ കൂടെയുള്ളപ്പോയാണ് അനുരാധ എകെ 47 സ്ഥിരമായി കൊണ്ട് നടക്കാന്‍ തുടങ്ങിയതും. അങ്ങനെ 'മാഡം മിന്‍സ്', 'റിവോള്‍വര്‍ റാണി'യായി. വളരെ വേഗം സംഘത്തിലെ ഉയര്‍ന്ന സ്ഥാനം അനുരാധ കൈക്കലാക്കി. തട്ടിക്കൊണ്ട്പോകല്‍, കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഇങ്ങനെ സംഘത്തിന്‍റെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും റിവോള്‍വര്‍ റാണിയും ഭാഗമായി.
8,600 വർഷം; ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി തുര്‍ക്കിയില്‍ കണ്ടെത്തി !
2016 ല്‍ രാജസ്ഥാനിലെ ഒരു കോടതി ആനന്ദ്പാലിന് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പിന്നാലെ, 2017 ജൂൺ 24 ന് രാജസ്ഥാനിലെ സിക്കറിൽ വെച്ച് പോലീസ് ഏറ്റുമുട്ടലിൽ ആനന്ദ്പാൽ കൊല്ലപ്പെട്ടു. ഈ സമയം മറ്റൊരു തട്ടിക്കൊണ്ട് പോകല്‍ കേസില്‍ അനുരാധ ജയിലിലായിരുന്നു. ജയില്‍ മോചിതയായ അനുരാധ ദില്ലിയിലേക്ക് താമസം മാറി. അവിടെ വച്ച് മറ്റൊരു ഗുണ്ടാതലവനായ ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ കാലാ ജഠെഡിയെ പരിചയപ്പെടുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാകുന്നു. 2021 ജൂലൈ 31 ന് ഉത്തരാഖണ്ഡിൽ നിന്ന് മടങ്ങുമ്പോള്‍ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് അനുരാധയെയും കാലാ ജഠെഡിയെയും രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് ഇരുവരും വിവാഹിതരാണെന്നാണ് രാജസ്ഥാന്‍ പോലീസ് രേഖകളില്‍ ഉള്ളത്.
കാലാ ജഠെഡി എന്ന പേരില്‍ അറിയപ്പെടുന്ന പഞ്ചാബിലെ മുക്ത്‌സറില്‍ നിന്നുള്ള വീരേന്ദർ പ്രതാപ്, ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന കൊലയാളി സംഘാംഗമാണ്. ഇയാള്‍ക്ക് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഗോൾഡി ബ്രാറിന്‍റെ ഗുണ്ടാസംഘവുമായും ഇയാള്‍ അടുത്ത് ബന്ധപ്പെടാറുണ്ടെന്നും ഹരിയാന പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ഏറ്റവും ക്രൂരനായ ഗുണ്ടാസംഘത്തിൽ ഒരാളായാണ് അനുരാധയെ കണക്കാക്കുന്നത്. 2021 ഓഗസ്റ്റിൽ ഡൽഹിയിലെയും രാജസ്ഥാൻ പോലീസിലെയും പോലീസ് അനുരാധയെ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ തുടങ്ങിയ 12-ലധികം ക്രിമിനൽ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് പോലീസ് രേഖകള്‍ പറയുന്നു.