ചൈനയെ നിശിതമായി വിമർശിച്ച അവസരത്തിൽ തന്നെ കൃത്യമായി അങ്ങനെ സംഭവിച്ചത് പല അഭ്യൂഹങ്ങൾക്കും കാരണമായി
പ്രിയങ്ക സോണി ഐഎഫ്എസ് എന്നത് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയുടെ പേരാണ്. കഴിഞ്ഞ ദിവസം പൂർത്തിയായ ഐക്യരാഷ്ട്ര സഭയുടെ (The UN Global Sustainable Transport Conference) സമ്മേളനത്തിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കവേ, ചൈനയുടെ ബിആർഐ പദ്ധതിയെ (Belt Road Initiative) വിമർശിക്കാൻ തുടങ്ങിയ ഘട്ടത്തിൽ പ്രിയങ്കയുടെ മൈക്ക് പെട്ടെന്ന് ഓഫാവുന്നു. സാങ്കേതിക പ്രശ്നം എന്നാണ് പറഞ്ഞതെങ്കിലും, ചൈനയെ നിശിതമായി വിമർശിച്ച അവസരത്തിൽ തന്നെ കൃത്യമായി അങ്ങനെ സംഭവിച്ചത് പല അഭ്യൂഹങ്ങൾക്കും കാരണമായി. പ്രിയങ്കയുടെ പ്രസംഗത്തിന്റെ ടെലികാസ്റ്റ് പാതിവഴി നിന്നുപോയി, അടുത്ത പ്രാസംഗികന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടു.
എന്നാൽ, തനിക്കു പറയാനുള്ളത് പറഞ്ഞു തീർക്കണം എന്ന് പ്രിയങ്ക നിർബന്ധം പിടിച്ചതോടെ അവർക്ക് വീണ്ടും അവസരം നൽകാൻ സഭ തയ്യാറായി. തന്റെ മൈക്ക് രണ്ടാമതും ഓണായതോടെ പ്രിയങ്ക വീണ്ടും നിർത്തിയേടത്തുനിന്നുതന്നെ തന്റെ പ്രസംഗം തുടരുകയും, സിപിഇസി (China Pak Economic Corridor) വിഷയത്തിൽ പല അപ്രിയ സത്യങ്ങളും ചൈനീസ് പ്രതിനിധിക്കും മറ്റു യുഎൻ അംഗങ്ങൾക്കും മുന്നിൽ തുറന്നു കാട്ടുകയും ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തിന് സിപിഇസി എങ്ങനെ തുരങ്കം വെക്കുന്നു എന്നും പ്രിയങ്ക വിശദമാക്കി.
undefined
2012 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ആയ പ്രിയങ്ക സോണി, ചൈനീസ് നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷി കൂടിയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിനെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോഴൊക്കെ ദ്വിഭാഷിയുടെ റോളിൽ തിളങ്ങിയത് പ്രിയങ്ക തന്നെയാണ്. എഐഎഫ്എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ പഠനം പ്രിയങ്ക പൂർത്തിയാക്കിയത് ആ ബാച്ചിലെ മികച്ച ഓഫീസർക്കുള്ള സ്വർണ്ണമെഡലോടെയാണ്. ട്വിറ്റെർ പ്രൊഫൈൽ പ്രകാരം ചരിത്രം, സാഹിത്യം, കല, പ്രകൃതി, ടെക്‌നോളജി, നിയമം തുടങ്ങി പല വിഷയങ്ങളിലും ഒരുപോലെ തത്പരയാണ് പ്രിയങ്ക സോണി.
ഇതിനു മുമ്പ് യുഎന്നിന്റെ ഫോറത്തിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ച ഇമ്രാൻ ഖാന് മറ്റൊരു ഇന്ത്യൻ ഐഎഫ്എസ് ഓഫീസർ ആയ സ്നേഹ ദുബൈ നൽകിയ ചുട്ട മറുപടിയും ഏറെ വൈറലായിരുന്നു.