തട്ടിക്കൊണ്ടു പോകലിനും ക്രിമിനൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും സർക്കാരുദ്യോഗത്തിന്റെ പ്രൗഢി കൈവന്ന കാലമായിരുന്നു അത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഉടനീളം നരേന്ദ്ര മോദിയും നിതീഷ് കുമാറും ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്ന ഒരു വാക്കാണ് 'ജംഗൽരാജ്' അഥവാ ' കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്ന കാട്ടുനീതി' എന്നത്. മഹാസഖ്യം എങ്ങാനും അധികാരത്തിലേറിയാൽ ബിഹാറിൽ നടപ്പിൽ വരിക 'ജംഗൽരാജ്' ആവും എന്നാണ് ഇരുവരും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ ജംഗൽരാജ് എന്ന വാക്ക് എങ്ങനെയാണ് മറ്റൊരു സംസ്ഥാനവുമായും ബന്ധപ്പെടുത്താതെ മോദി ബിഹാറുമായി മാത്രം ചേർത്ത് പറഞ്ഞത്? അത് ആദ്യമായി പ്രയോഗിച്ചത് ആര്, എവിടെയാണ്?
കഴിഞ്ഞ കുറേ വർഷങ്ങളായി ലക്ഷക്കണക്കിന് പ്രാവശ്യം ഈ വാക്ക് പല വേദികളിലായി പലരും ആവർത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വന്നുവന്ന് ബിഹാറിലെ ഭരണത്തിന്റെ പര്യായപദം എന്ന പോലെ ആയിട്ടുണ്ട് ഈ വാക്ക്. ഇത് ആദ്യമായി പൊതുജനസമക്ഷം എടുത്തുപയോഗിക്കപ്പെടുന്നത് ഒരു കോടതിമുറിയിൽ വാദപ്രതിവാദത്തിനിടെയാണ്. അന്ന്, ബിഹാർ ലാലു പ്രസാദ് യാദവിന്റെ പത്നി റാബ്രി ദേവി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന കാലമാണ്. പട്ന ഹൈക്കോടതിയിൽ 1997 ഓഗസ്റ്റ് അഞ്ചാം തീയതി, ഒരു ഹർജിയിൽ വാദം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ജസ്റ്റിസ് വിപി ആനന്ദ്, ജസ്റ്റിസ് ധർമപാൽ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു വാദം കേട്ടുകൊണ്ടിരുന്നത്. സാമൂഹിക പ്രവർത്തകനായ കൃഷ്ണ സഹായുടെ വകയായിരുന്നു അന്യായം. ബിഹാറിലെ ക്രമസമാധാന നിലയ്ക്കുണ്ടായ തകർച്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാതി. അന്ന് പട്ന ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെ, " ബിഹാറിൽ ഒരു സർക്കാർ ഉണ്ടെന്നുപോലും തോന്നുന്നില്ല. ഇവിടെ അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥരുടെ ദുർഭരണമാണ് നടക്കുന്നത്. ബിഹാറിൽ രാജ് (ഭരണം) അല്ല, ജംഗൽരാജ് ആണ് ഇപ്പോൾ നടമാടുന്നത്..."
undefined
അങ്ങനെ ജംഗൽരാജ് എന്ന വാക്ക് ബിഹാറിന് ആദ്യമായി പരിചയപ്പെടുത്തുന്നത് സംസ്ഥാനത്തെ ഹൈക്കോടതി തന്നെയാണ്. അന്ന് ലാലു-റാബ്രി ഭരണത്തിനെതിരെ നിലവിൽ വന്ന ഈ പ്രയോഗം പിന്നീടുവന്ന സർക്കാരുകൾക്കും ബാധകമായി എന്നുമാത്രം. കയ്യൂക്കിന്റെ ബലത്തിൽ മാത്രം രാഷ്ട്രീയ മാഫിയാസംഘങ്ങൾ അരങ്ങുവാണിരുന്ന, 1990 മുതൽ 2005 വരെയുളള, പതിനഞ്ചു വർഷത്തെ ആ ദുരിതകാലം ഇന്നും ബിഹാറിലെ ജനങ്ങൾ മറന്നിട്ടില്ല. തട്ടിക്കൊണ്ടു പോകലിനും ക്രിമിനൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും സർക്കാരുദ്യോഗത്തിന്റെ പ്രൗഢി കൈവന്ന കാലമായിരുന്നു അത്. ബിസിനസിൽ വിജയിച്ച് നാലുകാശുണ്ടാക്കുന്ന ആരെയും ഇത്തരത്തിലുള്ള കിഡ്നാപ്പിംഗ് സംഘങ്ങൾ ലക്ഷ്യമിട്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ തട്ടിക്കൊണ്ടു പോവുന്നതും മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഒക്കെ സ്ഥിരം സംഭവങ്ങളായി മാറി. പലപ്പോഴും, പണം കിട്ടിയ ശേഷവും തെളിവ് നശിപ്പിക്കാൻ വേണ്ടി നിരപരാധികളെ കൊന്നുകളഞ്ഞിരുന്നു ഈ ക്രിമിനലുകൾ. നിത്യേനയെന്നോണം ബിഹാറിലെ തെരുവുകളിൽ ഹത്യകൾ നടന്നിരുന്നു. ചോര നീർച്ചാലുകൾ പോലെ നിരത്തുകളിൽ പടർന്നിരുന്ന കാലമായിരുന്നു അത്. കൊള്ളയും കൊള്ളിവെപ്പും നടന്നു എന്ന് കേട്ടാൽ ആർക്കും ഒരു ഞെട്ടലും തോന്നാതെ ആയിത്തുടങ്ങി ഒടുവിൽ.
പത്നി റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി ലാലുപ്രസാദ് യാദവ് ബിഹാറിന്റെ ഭരണചക്രം തിരിച്ച ഈ പതിനഞ്ചു വർഷത്തെ, രാഷ്ട്രീയ നിരീക്ഷകർ കളിയാക്കി വിളിച്ചിരുന്ന പേര്, 'സാഹിബ്, ബീബി ആർ ഗ്യാങ്‌സ്റ്റർ' കാലം എന്നാണ്. യൗവ്വന കാലത്ത് തീപ്പൊരി വിദ്യാർത്ഥി നേതാവായിരുന്ന്, പിന്നീട് ജയപ്രകാശ് നാരായന്റെ ബിഹാർ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന്, ഏറെ പ്രതീക്ഷ നൽകിയ ഒരു നേതാവായിരുന്ന ലാലുപ്രസാദ് യാദവ് പിന്നീട് അധികാരം രുചിച്ചതിനു ശേഷം കാലിത്തീറ്റ കുംഭകോണം അടക്കമുള്ള നിരവധി അഴിമതിക്കേസുകളിൽ പെട്ട് നിഷ്പ്രഭമായി മാറി. കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസവും അനുഷ്ഠിക്കേണ്ടിയും വന്നു.
ഇത്തവണ മഹാസഖ്യത്തിന്റെ വിജയമുണ്ടാകുമോ, അതോ എൻഡിഎ സഖ്യമാണോ വിജയം കാണുക; രണ്ടിൽ ആരുവന്നാലും ബിഹാറിൽ വരാൻ പോകുന്നത് സൽഭരണമോ അതോ ജംഗൽരാജോ എന്നതുസംബന്ധിച്ച ചിത്രം വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തമാവും.