മരിച്ചവർ വീണ്ടും ജീവിക്കുമോ? ശരീരവും സമ്പത്തും സൂക്ഷിച്ച് ശതകോടീശ്വരന്മാർ, എന്താണ് ക്രയോണിക്സ്? 

By Web Team  |  First Published Jul 16, 2024, 1:33 PM IST

ഇങ്ങനെ ജീവിതത്തിലേക്ക് തിരികെ വരാനാവും എന്ന പ്രതീക്ഷയിൽ തങ്ങളുടെ ശരീരം മാത്രമല്ല സമ്പത്തും സംരക്ഷിക്കുകയാണ് ഈ കോടീശ്വരന്മാർ ചെയ്യുന്നത്.


ഈ ഭൂമിയിലെ ജീവിതം ഒരു തവണയേ ഉള്ളൂ. ഒരിക്കൽ മരിച്ചവരാരും ഉയിർത്തെഴുന്നേറ്റിട്ട് നമ്മളാരും കണ്ടിട്ടില്ല. എന്നാൽ, മരിച്ചതിന് ശേഷം വീണ്ടും ജീവിപ്പിക്കുന്ന എന്തെങ്കിലും കണ്ടുപിടിത്തങ്ങളുണ്ടായാലോ? പണം കൊടുത്താൽ മരിച്ചവരെ ജീവിപ്പിക്കാനായാലോ? എന്നെങ്കിലും അതിന് സാധിക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ, അങ്ങനെ സംഭവിക്കുമെന്ന പ്രതീക്ഷയിൽ കോടികൾ നൽകി സ്വന്തം ശരീരം സൂക്ഷിക്കാൻ നൽകിയവരുണ്ടോ? അങ്ങനെയുള്ളവരും ഉണ്ട്. 

Latest Videos

undefined

വിവിധ രാജ്യങ്ങളിലെ ശതകോടീശ്വരന്മാരാണ് വീണ്ടും ജീവിക്കുമെന്ന വിശ്വാസത്തിൽ ക്രയോണിക്സ് എന്ന പ്രക്രിയയ്ക്ക് വേണ്ടി പണം മുടക്കുന്നത്. മരിച്ചശേഷം ഒരാളെ വീണ്ടും ജീവിപ്പിക്കുന്നതിനായി ശീതീകരിച്ച് സൂക്ഷിക്കുന്നതിനെയാണ് ക്രയോണിക്സ് എന്ന് പറയുന്നത്. നിലവിൽ, 5,500 ഓളം ആളുകൾ ക്രയോണിക്സ് സംരക്ഷണത്തിനായി ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞത്രെ. 500 മൃതദേഹങ്ങൾ ഇതിനകം സൂക്ഷിച്ചിട്ടുണ്ട് എന്നും യുഎസ്സിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 

ഇങ്ങനെ ജീവിതത്തിലേക്ക് തിരികെ വരാനാവും എന്ന പ്രതീക്ഷയിൽ തങ്ങളുടെ ശരീരം മാത്രമല്ല സമ്പത്തും സംരക്ഷിക്കുകയാണ് ഈ കോടീശ്വരന്മാർ ചെയ്യുന്നത്. ഇങ്ങനെ സംരക്ഷിക്കുന്ന സമ്പത്തുകൾ കൈകാര്യം ചെയ്യുന്നതിനായി 'റിവൈവൽ ട്രസ്റ്റുകൾ' രൂപീകരിക്കാനും ഇത് വഴിയൊരുക്കി. 

എങ്ങനെയാണ് ശീതീകരിച്ച് സൂക്ഷിക്കുന്നത്? 

ദ്രവനൈട്രജൻ നിറച്ച ടാങ്കുകളിലാണത്രെ ഇങ്ങനെയുള്ള ശരീരം അല്ലെങ്കിൽ തലച്ചോറ് സൂക്ഷിക്കുന്നത്. നൈട്രജൻ ബാഷ്പീകരിക്കുന്നതിന് വേണ്ടിയുള്ള താപനിലയായ -196 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ടാങ്കിനുള്ളിലെ താപനില. അതുപോലെ, 6 മുതൽ 10 വർഷം വരെ വേണ്ടിവരും ഇങ്ങനെ ശരീരം പുനർജ്ജനിക്കുന്നതിന് സജ്ജമാക്കാൻ എന്നാണ് പറയുന്നത്. 

സത്യമോ മിഥ്യയോ? 

എന്നാൽ, ഇതുവരെയായും മരിച്ചവരെ എന്നെങ്കിലും ജീവിപ്പിക്കാനാവുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നും കിട്ടിയിട്ടില്ല. പക്ഷേ, സാങ്കേതികവിദ്യ ഇത്ര വേഗത്തില്‍ മുന്നേറുന്ന കാലത്ത് ഭാവിയില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് പറയുന്ന ഗവേഷകരുണ്ട്. ആളുകളെ ജീവിപ്പിക്കാൻ വേണ്ടി സൂക്ഷിക്കുന്ന കമ്പനികളും രൂപമെടുത്തു കഴിഞ്ഞു. ശതകോടീശ്വരന്മാർ തങ്ങളുടെ മൃതദേഹം അവരെ ഏല്പിക്കുകയും ചെയ്തിട്ടുണ്ട്. അരിസോണയിലെ സ്കോട്ട്‌ഡേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൽകോർ എന്ന കമ്പനി അതിലൊന്നാണ്. 

അതുപോലെ മിഷി​ഗണിലെ ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുകൂട്ടം ​ഗവേഷകരും ഇതിന് വേണ്ടി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഞങ്ങൾ സയൻസ് ഫിക്ഷൻ പ്രേമികളാണ് എന്നും മരിച്ചവരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്നെങ്കിലും ജീവിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞിരുന്നു. 

ഓസ്ട്രേലിയയിൽ നിന്നുള്ള സതേൺ ക്രയോണിക്‌സ് എന്ന കമ്പനിയും ഇങ്ങനെ പുനർജീവിപ്പിക്കും എന്ന വാ​ഗ്ദ്ധാനവുമായി നേരത്തെ മുന്നോട്ട് വന്നിരുന്നു. 

click me!