'ഓരോ മനുഷ്യർക്കും ആരും നിർദ്ദേശമൊന്നും നൽകുന്നില്ല. എന്നാൽ, ഒരു കമാൻഡറുടെ കീഴിൽ എന്ന പോലെയാണ് ഓരോരുത്തരും ഓരോ കാര്യങ്ങളും ചെയ്യുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ അടുത്തടുത്തായി ആളുകൾ നിന്നുകൊണ്ട് ഓരോ വണ്ടിയേയും ആംബുലൻസിനേയും ഒക്കെ കടത്തി വിടുകയാണ്.'
കേരളത്തെയാകെയുലച്ചു കളഞ്ഞ പ്രകൃതിദുരന്തത്തിൽ നിന്നും ഇനിയും കര കയറാനാവാതെ നിൽക്കുകയാണ് നാം. ഉറ്റവരേയും ഉടയവരേയും തേടിയലയുന്ന മനുഷ്യരുടെ കാഴ്ചകൾ ഇപ്പോഴും വലിയ വേദനയായും ചോദ്യചിഹ്നമായും നമുക്ക് മുന്നിലുണ്ട്. തടയാനാവാതെ പോയ ഒരു ദുരന്തത്തിൽ ജീവിതത്തിലേക്ക് കയറിവന്നവരെ ഏതുവിധേനയും സംരക്ഷിക്കാനും അവർക്ക് കരുത്തു പകരാനും ഓരോരുത്തരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ്. അതിൽ നാം ഒറ്റക്കെട്ടാണ്.
രക്ഷാപ്രവർത്തനങ്ങളിൽ പ്രായമോ, ജാതിയോ, മതമോ, നാടോ ഒന്നും തന്നെയില്ല. ഒരതിർവരമ്പുകളുമില്ലാതെ മനുഷ്യരുടെ കൈപിടിക്കാനെത്തുകയാണ് ജനങ്ങൾ. അത്തരം ഒരനുഭവം പങ്കുവയ്ക്കുകയാണ് മേപ്പാടിയിലെ രക്ഷാപ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന സുനിൽ പായിക്കാട്. പ്രവാസിയായ സുനിൽ അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവസ്ഥലത്ത് നിന്നും ഏകദേശം ഒരു മണിക്കൂർ ദൂരമാണ് മാനന്തവാടിയിലെ സുനിലിന്റെ വീട്ടിലേക്ക്. ദുരന്തം നടന്ന് പിറ്റേന്ന് രക്ഷാപ്രവർത്തനത്തിനാണ് സുനിൽ മേപ്പാടിയിലേക്ക് പോകുന്നത്. അവിടെ നിന്നുള്ള അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
undefined
''29 -ന് സംഭവം നടന്ന് 30 -ന് രാവിലെയാണ് രക്ഷാപ്രവർത്തനത്തിന് ആ സ്ഥലത്തെത്തുന്നത്. ഞങ്ങൾക്ക് കിട്ടിയ കയറുകൾ, ആക്സോബ്ലേഡുകൾ, മറ്റ് മരം കട്ട് ചെയ്യാനുള്ള സാധനസാമഗ്രികൾ ഒക്കെയായിട്ടാണ് പോയത്. അതിന് ആദ്യം കളക്ട്രേറ്റിൽ വിളിച്ചു ചോദിച്ചിരുന്നു. അവിടെ ചെന്നാൽ അനുമതി നൽകാമെന്ന് പറഞ്ഞു. അവിടെ പോയി. അനുമതി കിട്ടിയ ശേഷമാണ് അവിടെ ചെന്നത്. ചെന്നപ്പോൾ വളരെ വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടെ. രാത്രി ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു പിന്നീട്.
സൈന്യത്തിനും, NDRF സംഘത്തിനും മാത്രമാണ് ദുരന്ത സ്ഥലത്തേക്ക് പ്രവേശനമുള്ളത്. റിലീഫ് ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ എത്തിക്കുകയും മറ്റുമാണ് നാം ചെയ്യുന്നത്. എന്നെ അമ്പരപ്പിച്ച കാര്യം. ഇവിടങ്ങളിലെ ഏകോപനമായിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നുമൊക്കെ ഒരുപോലെയാണ് പ്രവർത്തനങ്ങൾ നടന്നത്. 200-300 നാട്ടുകാർ അവിടെയുണ്ട്. അധികമാരേയും കയറ്റിവിടാത്തതുകൊണ്ടാണ് ഇത്ര ആളുകൾ മാത്രമായത്. അല്ലെങ്കിൽ ഇനിയും ആളുകളുണ്ടായേനെ. ഒരുപാട് സ്ഥലങ്ങളിൽ നിന്നും ആളുകളെത്തി.
ആശുപത്രിയിലൊക്കെ ചെല്ലുമ്പോൾ കണ്ട കാഴ്ച, നമ്മൾ ചെളിയുമായി ചവിട്ടിക്കയറുമ്പോൾ അപ്പോൾ തന്നെ കുട്ടികൾ ബ്രഷിട്ട് കഴുകി വൃത്തിയാക്കുകയാണ് ആശുപത്രി. ഓരോ മനുഷ്യർക്കും ആരും നിർദ്ദേശമൊന്നും നൽകുന്നില്ല. എന്നാൽ, ഒരു കമാൻഡറുടെ കീഴിൽ എന്ന പോലെയാണ് ഓരോരുത്തരും ഓരോ കാര്യങ്ങളും ചെയ്യുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ അടുത്തടുത്തായി ആളുകൾ നിന്നുകൊണ്ട് ഓരോ വണ്ടിയേയും ആംബുലൻസിനേയും ഒക്കെ കടത്തി വിടുകയാണ്.
ഹെൽത്ത് സെൻ്ററിൽ എത്തിച്ച ശരീരം ഏറ്റെടുത്ത് വൃത്തിയാക്കുന്നത് മെഡിക്കൽ വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ്. പിന്നീടാണ്, ഡോക്ടർമാരുടെ സംഘത്തിലേക്ക് ശരീരം എത്തുന്നതും അവിടെ നിന്നും തിരിച്ചറിയാനായി കമ്മ്യൂണിറ്റി സെൻ്ററിൽ എത്തിക്കുന്നതും. അവിടെ ബന്ധുക്കൾ നിർവികാരതയോടെ കാത്ത് നിൽക്കുകയാണ്. അലമുറയിട്ട് കരയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഓരോരുത്തരും.
NCC കേഡറ്റുകൾ, മറ്റ് ചെറുപ്പക്കാർ, വിവിധ യുവജന സംഘടനയിലെ പ്രവർത്തകർ, സ്കൂൾ യൂണിഫോമിലെത്തി വസ്ത്രവും വെള്ളവും വിതരണം ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥികൾ, അപകടത്തിൽ പെട്ട ആളുകളോട് സാവധാനം വിവരങ്ങൾ ചോദിച്ച് മനസിലാക്കി എഴുതിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, ഇവർക്കൊക്കെ ഭക്ഷണവും വെള്ളവും എത്തിക്കാൻ നിരവധിയായ നാട്ടുകാർ, ഓഫ് റോഡ് വാഹനങ്ങളിൽ കയറും തൂമ്പയും, മറ്റ് ആയുധങ്ങളുമായി സമീപ ജില്ലക്കാർ, ഏത് ആവശ്യവും ക്ഷമയോടെ കേൾക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ, ഹൈവേയിൽ വാഹനം നിയന്ത്രിക്കുന്നവരുടെ നീണ്ട നിര, കെട്ടിഘോഷങ്ങൾ ഇല്ലാതെ വരുന്ന നേതാക്കന്മാർ ഇവരെയെല്ലാം ഇവിടെ കാണാം. ആരും ആരേയും നിയന്ത്രിക്കുകയോ, ആരും ഒന്നിലും അമിതമായി ഇടപെടുകയോ ഒന്നും ചെയ്യുന്നില്ല. ഓരോരുത്തരും ഉചിതമായി മാത്രം പെരുമാറുന്നു.
രണ്ടാം ദിവസം മുതൽ സാധനങ്ങളെത്തിക്കുകയും നമ്മൾ ചെയ്യുന്നുണ്ട്. മേപ്പാടി ആവശ്യത്തിന് സാധനങ്ങളുണ്ട് എന്ന് വിവരം കിട്ടിയതോടെ അവിടെ നിന്നും 5 കിലോമീറ്റർ അകലെ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ആറ് കേന്ദ്രങ്ങളിലേക്ക് സാധനങ്ങളെത്തിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും കിടിലം ഫിറോസിന്റെ നേതൃത്വത്തിലുള്ള അഞ്ച് വണ്ടികൾ വന്നിട്ടുണ്ട്. അത് മുനിസിപ്പാലിറ്റി അധികൃതരും മെമ്പറുമെത്തി നോക്കി ഓരോ ക്യാമ്പിലേക്കും അയക്കുകയാണ്.
നമ്മളോരോരുത്തരും ഈ രക്ഷാപ്രവർത്തനത്തിൽ നമുക്ക് കഴിയും പോലെ പങ്കാളികളാകേണ്ടതുണ്ട്. സാമ്പത്തികമായി സഹായിക്കുകയാണ് ഇനി അതിനുള്ള മാർഗം. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയേയും നമുക്ക് ചേർത്തുനിർത്താനാവണം. നമ്മൾ ഒരു ജനത മുഴുവനും അവർക്കൊപ്പമുണ്ടെന്ന് കാണിച്ചുകൊടുക്കണം, അവർ അനാഥരല്ലെന്ന് ഓർമ്മപ്പെടുത്താനും നമുക്കാവേണ്ടതുണ്ട്.''