ഞായറാഴ്ച പുലർച്ചെയാണ് നാട്ടുകാർ നെൽച്ചെടികളുമായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ എത്തിച്ചേർന്നത്. പിന്നീട്, അവ നട്ടുപിടിപ്പിച്ച് ഇവർ റോഡും വയലാക്കി മാറ്റുകയായിരുന്നു.
നാട്ടിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെങ്കിൽ നാട്ടുകാർ അതിൽ പ്രതികരിക്കുന്നത് സ്വാഭാവികമാണ് അല്ലേ? അടുത്തിടെ ബിഹാറിലെ ജാമുയിയിൽ നിന്നുള്ള നാട്ടുകാരും ഇതുപോലെ ഒരു വേറിട്ട പ്രതിഷേധം നടത്തി. ജാമുയി ജില്ലയിലെ ഫുൽവ്രിയ ഏരിയ ബർഹത്ത് ബ്ലോക്കിലെ നാട്ടുകാരാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ബിഹാർ റൂറൽ റോഡ് സ്കീമിന് കീഴിൽ ജാമുയിയിലെ ബർഹത്ത് ബ്ലോക്ക് ഏരിയയിൽ 96 ലക്ഷം രൂപ ചെലവഴിച്ച് 3 കിലോമീറ്റർ ദൂരം റോഡ് നിർമ്മിച്ചതായി ഈ പ്രദേശത്തെ ഗ്രാമീണർ പറയുന്നു. എന്നാൽ, കാലക്രമേണ റോഡിൻ്റെ സ്ഥിതി മോശമാവുകയായിരുന്നു.
undefined
പ്രദേശത്ത്, ഫുൽവാരിയ ഗ്രാമത്തിലേക്കുള്ള പ്രധാന റോഡ് തകർന്നിരിക്കുകയാണ്. ഇവിടം മുഴുവൻ ചെളി നിറഞ്ഞ്, വലിയ കുഴികൾ രൂപപ്പെടുന്നതിനും ഇത് കാരണമായി. മഴക്കാലത്ത് വാഹനങ്ങൾക്ക് എന്നല്ല, നടന്നുപോലും പോകാനാവാത്ത അവസ്ഥയിലാണത്രെ കാര്യങ്ങൾ. അഥവാ എങ്ങാനും വാഹനങ്ങൾ ഇതുവഴി വന്നാൽ അത് അപകടത്തിൽ പെടാനും കാരണമായിത്തീരാറുണ്ട്. റോഡ് നിർമിച്ച് 9 മാസത്തിനുള്ളിൽ തന്നെ തകർന്നതായി ഗ്രാമവാസികൾ ആരോപിക്കുന്നു.
പ്രദേശത്ത് നിന്നുള്ള അഞ്ജൻ കുമാറും വിനോദ് കുമാർ ചന്ദ്രവാശിയും മാധ്യമങ്ങളോട് പറഞ്ഞത് ഇതൊരു ചെളി നിറഞ്ഞ വയൽ പോലെയായി മാറി എന്നാണ്. അങ്ങനെയാണ് ഗ്രാമീണർ, കർഷകർ നെൽക്കൃഷിക്കായി വയലുകൾ ഒരുക്കുന്നതുപോലെ റോഡും ഒരുക്കിയത്. ഞായറാഴ്ച പുലർച്ചെയാണ് നാട്ടുകാർ നെൽച്ചെടികളുമായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ എത്തിച്ചേർന്നത്. പിന്നീട്, അവ നട്ടുപിടിപ്പിച്ച് ഇവർ റോഡും വയലാക്കി മാറ്റുകയായിരുന്നു.
റോഡിൻ്റെ ശോച്യാവസ്ഥ നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അതുകൊണ്ട് തന്നെ അധികാരികൾ ഈ വിഷയം ഗൗരവമായി എടുത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന പ്രതീക്ഷയിലാണ് മെയിൻ റോഡിൽ നെൽകൃഷി ചെയ്തുകൊണ്ട് വേറിട്ട പ്രതിഷേധവുമായി ഇവർ മുന്നോട്ട് വന്നത്.