ഇനിയും മരിക്കാത്ത 'പത്രവിശേഷം'; മനുഷ്യപ്പറ്റിന്റെ ആള്‍രൂപം, പ്രകാശം പരത്തി ബിആര്‍പിയുടെ ജീവിതം!

By MG Aneesh  |  First Published Jun 4, 2024, 11:34 AM IST

പത്രം വിട്ട് വാർത്താ ഏജൻസിയുടെ ലോകത്തേക്ക്. അതും പുതുതായി രൂപീകരിക്കപ്പെട, കുൽദ്ദീപ് നയ്യാർ നയിക്കുന്ന 'യു.എൻ.ഐ'യിലേക്ക്. തുടക്കം അഹമ്മദാബാദിൽ നിന്ന്. പിന്നീടൊരു കുതിപ്പായി മാറിയ ഇന്ത്യൻ സ്പേസ് റിസർച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്രം സാരാഭായിയിൽ നിന്നുമറിഞ്ഞിട്ടും കുമ്പസാരരഹസ്യം പോലെ അതിനെ സൂക്ഷിച്ച മറ്റൊരു ബി.ആർ.പിയാണത്.


'ജീവിതം നല്ലതും ചീത്തയുമായ അനുഭവങ്ങൾ നിറഞ്ഞതാണ്. ഓരോരോ കാലത്ത് എടുത്ത തെറ്റോ ശരിയോ ആയ തീരുമാനങ്ങൾ ബഹുജനങ്ങൾക്ക് മുന്നിൽ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. എൻ്റെ ദുരനുഭവങ്ങളുടെ പഴി ആരുടെയെങ്കിലും തലയിൽ കെട്ടിവക്കണമെന്ന ചിന്തയും എനിക്കില്ല.'

ന്യൂസ് റൂം, 
ബി. ആർ. പി ഭാസ്കർ

Latest Videos

undefined

 

 

ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ ലക്ഷണമൊത്തൊരു ദിവസം തന്നെ യാത്രയായി. എഴുപത്തിയാറ് വർഷം മുൻപ്, 1948 -ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ബൂത്ത് ഏജൻ്റായി പ്രവത്തിച്ച് നെഹ്റൂവിയൻ ഇന്ത്യയിൽ നിന്നും മാധ്യമജീവിതമാരംഭിച്ച്, മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി മാത്രം നിലകൊണ്ട ഒരു മാധ്യമപ്രവർത്തകൻ യാത്രയാവുന്നത് നിർണ്ണായകമായൊരു തെരഞ്ഞെടുപ്പ് ഫലത്തിൽ വർഗ്ഗീയ-ഇന്ത്യയാറാടുന്ന വേളയിലായത് ചരിത്രത്തിൻ്റെ മറ്റൊരു യാദൃശ്ചികത. 

താൻ ജീവിക്കുന്നത് മാതൃകാപരമായ ഒരു ലോകത്തിലല്ലെന്ന് തിരിച്ചറിഞ്ഞ നിലപാടുകളുള്ള ഒരു മനുഷ്യൻ. ഏഴ് പതിറ്റാണ്ട് കാലം ഈ ലോകത്തെയും മനുഷ്യരെയും നിരീക്ഷിച്ചുകൊണ്ടേയിരുന്ന തെളിമയുള്ളൊരു മാധ്യമബോധം. നിരന്തരം കലഹിക്കുമ്പോഴും ഒരിക്കലും കൈവിടാത്ത സംയമനം. പത്താംക്ലാസ്സിൽ ഗണിതത്തിന് നൂറിൽ നൂറും വാങ്ങിയ ബി. ആർ. പിയെ നയിച്ചത് സെന്റിമെൻ്റ്സുകളല്ല. യുക്തിയും ചുമതലാബോധവുമാണ്. ആ യാഥാർത്ഥ്യബോധമാണ് ഒരു മനുഷ്യായുസ്സത്രയും ലോകത്തോടും മനുഷ്യരോടും അഹിംസാപരമായി, അനസ്യൂതമായി പ്രതികരിച്ചുകൊണ്ടേയിരിക്കാൻ ഈ മനുഷ്യനെ പ്രാപ്തനാക്കിയത്. ബി. ആർ. പി ഒരിക്കലും വിരമിച്ചില്ല. ഹിന്ദു, പേട്രിയട്ട്, സ്റ്റേറ്റ്സ് മാൻ, യു. എൻ. ഐ. ഡെക്കാൻ ഹെറാൾഡ്. ഒടുവിൽ രാജ്യത്താദ്യമായി പിറന്ന സ്വകാര്യചാനൽ ഏഷ്യനെറ്റ്. 

അൻപതുകളുടെ തുടക്കം തൊട്ട് തൊണ്ണൂറുകൾക്കൊടുക്കം വരെയുള്ള അരനൂറ്റാണ്ട് കാലത്തെ സജീവ മാധ്യമപ്രവർത്തനത്തിനിപ്പുറവും ബി. ആർ. പി തുടർന്നു. തുറന്നിട്ടൊരു കവാടം പോലെ നവമാധ്യമങ്ങളുടെ പുതിയ ലോകത്ത് നിന്ന് തലമുറകളെ  സ്വാധീനിച്ചൊരു പിതൃഭാവമായി, അപ്രിയസസത്യങ്ങളുച്ചത്തിൽപ്പറഞ്ഞ സ്വൈര്യക്കേടായി.

ഒൻപത് പതിറ്റാണ്ടിൻ്റെ വ്യക്തിജീവിതത്തിൻ്റെ പതിനാല് വർഷം ബ്രിട്ടീഷ് ഇന്ത്യയിലും ശിഷ്ടം ഏഴരപ്പതിറ്റാണ്ട് സ്വതന്ത്ര ഇന്ത്യയിലുമായി പകുത്തെടുക്കപ്പെട്ട ഒരു സാമൂഹ്യ-രാഷ്ട്രീയ-മാധ്യമബോധമാണ് ബി. ആർ. പി. എന്ന മൂന്നക്ഷരത്തിന് പിന്നിൽ മറഞ്ഞിരുന്നത്. സത്യത്തിൽ സ്വതന്ത്രഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ-ജീവിതത്തിന്റെ ദൈർഖ്യം തന്നെയാണ് ബി. ആർ. പിയുടെ മാധ്യമജീവിതത്തിനും. സ്വാതന്ത്ര്യസമരത്തിന് കരുത്ത് കൂട്ടാൻ 1948 കൊല്ലത്തുനിന്നും നവഭാരതം പത്രമാരംഭിച്ച പത്രാധിപരായ എ. കെ. ഭാസ്കറിനും മീനാക്ഷിക്കും 1933 -ൽ സാക്ഷാൽ കുമാരനാശാന്റെ കായിക്കരയിൽ ആദ്യസന്തതിയായി ജനിച്ച ആൺകുഞ്ഞിന് ബാബു രാജേന്ദ്രപ്രസാദെന്ന പേരുവിളിച്ചതിന് പിന്നിൽ ഒരച്ഛന്റെ ദേശീയബോധമായിരുന്നു. ആ ദേശീയബോധം പിന്നാലെ വന്ന സഹോദരങ്ങളുടെ പേരുകളിലും പ്രതിഫലിച്ചു. സർ. സി. പിയുടെ സ്വതന്ത്രതിരുവിതാംകൂ‌ർ സങ്കൽപ്പത്തെ അനുകൂലിച്ച കാരണം കൊണ്ട്  എസ്.എൻ.ഡി.പി വിട്ട അച്ഛൻ്റെ മകൻ. 

എൻ. ബാപ്പുറാവുവും എൻ. രാമചന്ദ്രനും സി.എൻ. ശ്രീകണ്ഠൻ നായരും പി.കെ. ബാലകൃഷ്ണനുമുൾപ്പെട്ട പ്രതിഭകൾ വിളങ്ങി നിന്ന 'നവഭാരതം' കൊല്ലം നഗരത്തിൻ്റെ ഇടതുപക്ഷപ്രവർത്തനങ്ങളുടെ വേദി കൂടിയായിരുന്നു. മാധ്യമപ്രവർത്തനത്തിൻ്റെ ഹരിശ്രി നവഭാരതത്തിലാരംഭിച്ചു. ബാപ്പുറാവുവിൻ്റെ പിന്നാമ്പുറത്തിരുന്ന് നവഭാരതത്തിൻ്റെ ലേഖനങ്ങളിലൂടെ സഞ്ചരിച്ചു. നവഭാരതത്തിന്റെ കഥ തിരുവിതാംകൂറിൻ്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും സി. കേശവന്റെ ജീവിതസമരത്തിലും എസ്.എൻ.ഡി.പിയുടെ ചരിത്രത്തിലുമുണ്ട്. 

 

സമരമുഖങ്ങളിലെ സാന്നിധ്യമായി ബി.ആർ.പി ഭാസ്കർ (ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)
 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇൻ്റർമീഡിയറ്റ്. തുട‍ർന്ന് കൊല്ലം എസ്.എൻ. കോളജും ഒടുവിൽ തിരുവനന്തപുരം എം.ജി. കോളജും. അവിടുന്ന് മാത്‍സിൽ ബിരുദം. പഠിച്ചത് ഗണിതമായിരുന്നെങ്കിലും മോഹിച്ചത് മാധ്യമപ്രവർത്തനം തന്നെയായിരുന്നു. പിന്നീടങ്ങോട്ട്  കണക്കിൻ്റെ കൃത്യത വാർത്തകളിലേക്ക് സംക്രമിപ്പിച്ച ബി. ആർ. പിക്ക് അതിനുപിന്നിലുമൊത്തുകിട്ടി ഒരു ഗുരുസാന്നിദ്ധ്യം. എസ്.എൻ. കോളജിലെ ഗണിതാധ്യപകനും എ.പി.ഐയുടെ പാർട്ട് ടൈം ലേഖകനുമായ ബാലകൃഷ്ണശർമ്മയെന്ന വഴികാട്ടി. ഗണിതം കടമ്പയാകേണ്ടതില്ലെന്ന ബോധ്യം അവിടന്നുദിച്ചു. 

നെഹ്റു തിരുവനന്തപുരത്ത് വരുമ്പോഴും പട്ടേൽ കൊച്ചിയിലെത്തുമ്പോഴും 'നവഭാരത'ത്തിലെ മറക്കാത്ത ആദ്യറിപ്പോർട്ടിംഗ് അനുഭവങ്ങളായി. മറുപുറത്ത് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ പ്രവർത്തങ്ങളിലൂടെ കാമ്പസ് മുതൽ ഒരിടതുപക്ഷ രാഷ്ട്രീയവും വളർന്നു. സ്വാതന്ത്ര്യാനന്തരം 1948 -ലെ ആദ്യതെരഞ്ഞെടുപ്പിൽ പതിനാറുകാരനായ ബി.ആർ.പി, എൻ ശ്രീകണ്ഠൻനായരുടെ തെരഞ്ഞെടുപ്പ് ഏജൻ്റായി പ്രവർത്തിച്ചു. 1951-52 കാലത്തെ തെരഞ്ഞെടുപ്പുകളിൽ കാട്ടായിക്കോണം ശ്രീധറിൻ്റെയും ടി. കെ. ദിവാകരൻ്റയും തെരഞ്ഞെടുപ്പ് ഏജൻ്റായി. നവോത്ഥാനകേരളവും ദേശീയപ്രസ്ഥാനവും, സ്വതന്ത്രഇന്ത്യയുടെ നവമോഹങ്ങളും നവഭാരതവും കാമ്പസ്സും, രാഷ്ട്രീയസാമൂഹ്യാന്തരീക്ഷവും ചേർന്ന് കൊത്തിയെടുത്ത സാമൂഹ്യ-രാഷ്ട്രീയബോധവുമായി ബി.ആർ.പി. 1952 ഫെബ്രുവരിയിൽ 'ഹിന്ദു'വിലെത്തുന്നത്.

ദേശീയ മാധ്യമരംഗത്ത് ചലപതിറാവും എട്ടത്തട്ട നാരായണനും പോത്തൻജോസഫുമെല്ലാം വാഴുന്നകാലം, ബ്യൂറോക്രാറ്റിക് ന്യൂസ്പേപ്പറെന്ന് എടത്തട്ട നാരായണൻ പരിഹസിച്ച 'ഹിന്ദു' അച്ചടക്കമുള്ളൊരു തെക്കൻ പത്രമായി വളർന്നു. ഹിന്ദു ഒരു അച്ചടക്കം നൽകി, ഭാഷ എങ്ങനെ പ്രയോഗിക്കണമെന്നും പഠിച്ചുവെന്ന് ബി.ആർ.പി. പറയും.  ഹിന്ദുവിലെ ആരംഭകാലം മുതൽ ബി.ആർ.പിയിലെ മാധ്യമപ്രവർത്തകൻ തിളങ്ങി. വള്ളത്തോളിൻ്റെ മരണം, ഭക്ഷണം കഴിക്കാതെ ഊർജ്ജം ചുരത്തുന്ന കുടകിലെ അത്ഭുത ബാലിക, ഒക്കെക്കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകാൻ എമിഗ്രഷൻ ക്ലിയറൻസിനെത്തിയ ചെറുപ്പക്കാരൻ്റെ കസ്റ്റഡി മരണം. ഈ വാര്‍ത്തയില്‍ നിന്നാണ് ബി.ആർ.പിയിലെ മനുഷ്യാവകാശപ്രവർത്തകൻ ജനിക്കുന്നത്. 

പൊതുവെ അഹിംസാവാദിയായ ബി.ആർ.പി. ഒരു മാനേജ്മെൻ്റിന് മുന്നിലും നടു കുനിച്ചില്ല. 'ഹിന്ദു'വിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻ്റെ പേരിൽ ആർ. നരസിംഹനെ പുറത്താക്കിയപ്പോൾ, കസ്തൂരി ശ്രീനിവാസൻ കൊടുത്ത വാത്സല്ല്യം മാറ്റിവച്ച് കോടതിയിൽ നരസിംഹന് വേണ്ടി സാക്ഷിയായി. ഒടുവിൽ ജോലിയുപേക്ഷിച്ച് ഫിലിപ്പൈൻസിലേക്ക്. വിമാനാപകടത്തിൽ മരിച്ച ഫിലിപ്പൈൻസ് പ്രസിഡൻ്റ് റേമൺ മാഗ്സെസെയുടെ പേരിലുള്ള 'എക്സേഞ്ച് സ്കോളർ പ്രോഗ്രാ'മിൻ്റെ ഭാഗമായി. 

ഫിലിപ്പൈൻസിൽ നിന്നും ദില്ലിക്ക്. ബ്രിട്ടീഷ് പത്രം 'സ്റ്റേറ്റ്സ് മാനി'ലേക്ക്. മനുഷ്യപ്പറ്റുള്ള ഒരു മാധ്യമപ്രവർത്തനകാലമായി ബി.ആർ.പി അതിനെ മനസ്സിൽ സൂക്ഷിക്കും. മുപ്പതുലക്ഷം പേർ മരണപ്പെട്ട ബംഗാൾ ക്ഷാമവും അതിൻ്റെ ദാരുണമുഖം വെളിപ്പെടുത്തിയ അയാൻ സ്റ്റീഫൻസ് എന്ന 'സ്റ്റേറ്റ്സ്മാൻ' എഡിറ്ററും സുനിൽ ജാനയെന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളും പണ്ടേ ബി.ആർ.പിയുടെ മനസ്സിലുടക്കിയിരുന്നു. 

മാധ്യമരംഗത്തെ പ്രഖ്യാപിത ഇടതുപക്ഷമുഖം എടത്തട്ട നാരായണൻ്റെ 'പേട്രിയട്ടി'ലേക്കായിരുന്നു ബി.ആർ.പി തിരിഞ്ഞത്. 'പേട്രിയട്ട്' പൊരുതുന്ന പത്രമാണെന്നാണ് എടത്തട്ട പറയാറ്. ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ്, 'സ്റ്റേറ്റ്സ് മാൻ' എന്നീ പത്രങ്ങൾക്കൊപ്പം അഞ്ചാമതൊരു പത്രമായി 'പേട്രിയട്ട്' വ്യക്തമായ ഇടതുപക്ഷച്ചായ്‍വോടെ നിന്നു. മാധ്യമപരമായ അയുക്തി നിറഞ്ഞ ചായ്‍വില്‍ ബി.ആർ.പി എന്നും വിയോജിച്ചു. എങ്കിലും 'പേട്രിയട്ട്' ഒരു കാലമായിരുന്നു. എടത്തട്ട കൈകടത്താത്ത രാഷ്ട്രീയമില്ലാത്ത ഞായറാഴ്ച്ചപ്പതിപ്പിലായിരുന്നു ബി.ആർ.പിക്ക് കമ്പം. 

സാദത്ത് ഹസൻ മൺടോയുടേയും കിഷൻ ചന്ദറിൻ്റെയും മോഹൻ രാകേഷിൻ്റെയും കമലേശ്വറിൻ്റെയും ഉറുദു ഹിന്ദികഥകൾ വിവർത്തനങ്ങൾ പേട്രിയട്ടിലൂടെ വെളിച്ചം കണ്ടു. വെറും പതിനഞ്ച് രൂപ പ്രതിഫലത്തിൽ വിവർത്തകരായവയിൽ ജ്ഞാനപീഠ ജേതാവ് നിർമ്മൽ വർമ്മയുമുൾപ്പെടും. ചമ്പലിലെ വിമാനാപകടം, യു.പിയിലെ അംറോഹയിൽ തെരഞ്ഞെടുപ്പ്, നെഹ്റുവിൻ്റെ മരണം, ചിതാഭസ്മവുമായി അലഹബാദിലെ ത്രിവേണിസംഗമത്തിലേക്കുള്ള യാത്ര, എടത്തട്ടയുമായുള്ള ആശയസംഘർഷങ്ങൾ. ഒടുവിൽ രാജി. പേട്രിയട്ടിൽ തന്നെക്കാണാനെത്തിയ സുഹൃത്തായ എം. പി. നാരായണപിള്ളയെ അപമാനിച്ച പത്രാധിപരോട് പ്രതിഷേധിച്ച് കൃത്യം നടന്ന അതേ ദിവസം സ്വന്തം ജോലി ബീഡിവിലക്ക് വലിച്ചെറിഞ്ഞു. ബി.ആർ.പിയുടെ മാധ്യമജീവിതത്തിലെ ഏറ്റവും ഹ്രസ്വകാലമായി പേട്രിയട്ട് മാറി.

പത്രം വിട്ട് വാർത്താ ഏജൻസിയുടെ ലോകത്തേക്ക്. അതും പുതുതായി രൂപീകരിക്കപ്പെട, കുൽദ്ദീപ് നയ്യാർ നയിക്കുന്ന 'യു.എൻ.ഐ'യിലേക്ക്. തുടക്കം അഹമ്മദാബാദിൽ നിന്ന്. പിന്നീടൊരു കുതിപ്പായി മാറിയ ഇന്ത്യൻ സ്പേസ് റിസർച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്രം സാരാഭായിയിൽ നിന്നുമറിഞ്ഞിട്ടും കുമ്പസാരരഹസ്യം പോലെ അതിനെ സൂക്ഷിച്ച മറ്റൊരു ബി.ആർ.പിയാണത്. വാർത്തയെ അദ്ദേഹം സ്കൂപ്പാക്കിയില്ല. പ്രിമെച്വർ പബ്ലിസിറ്റി സാധ്യതയെക്കൊല്ലുമെന്ന സാരാഭായിയുടെ നിരീക്ഷണത്തോട് യോജിച്ചു. യു.എൻ.ഐ വളരുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും പിന്നീട് ദില്ലിയിലെത്തിയ ബി.ആ‍ർ.പി പതിനെട്ട് വർഷം തുടർന്നു. 

 

 

 

'യു.എൻ.ഐ' ആയിരുന്നു ബി.ആർ.പിയുടെ ഏറ്റവും ദീർഘമായ തട്ടകം. ഏറെക്കാലവും എഡിറ്റോറിയലിൽ. ലോകം വിസ്മയത്തോടെയറിഞ്ഞ എത്രയോ വാർത്തകൾ ഇതിനിടയിൽ ബാബു ഭാസ്കറിന്‍റെ വിരൽത്തുമ്പിലൂടെ പിറന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ 1969 ജുലായ് 21 മരിക്കാത്തൊരു ദിവസമാണ്. 'THE MOON, THE SEA OF TRANQUILITY...' തൊട്ടടുത്ത പ്രഭാതത്തിൽ ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങളൊട്ടുമുക്കാലും ബി.ആർ.പിയുടെ ഭാഷയിൽ ആ വാർത്ത ലോകമറിയിച്ചു.  ആ വാർത്താ ഏജൻസിയിലും ബി.ആർ.പിയുടെ നിലപാടുകൾ അചഞ്ചലമായിരുന്നു. 

'യു.എൻ.ഐ.' വേതനപ്രശ്നത്തിൽ സമരമുണ്ടായപ്പോൾ ഇടഞ്ഞ 'മിർച്ചന്ദാനി' ന്യൂസ് എഡിറ്റർ ബി.ആർ.പിയെ പുറത്താക്കിയെങ്കിലും സമരതീക്ഷ്ണമായ അന്തരീക്ഷത്തിൽ തിരിച്ചെടുത്തു. അവിടുന്ന് ശ്രീനഗറിൽ പുനർനിയമനം. അടിയന്താരാവസ്ഥക്കാലത്ത് ശാരീരികമായ ആക്രമിക്കപ്പെട്ട ശ്രീനഗറിനെ ബി.ആർ.പി കായിക്കരയെന്ന പോലെ സ്നേഹിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ച ഇന്ദിരാഗാന്ധി നടത്തിയ പത്രസമ്മേളനം ശ്രീനഗറിലെ മറക്കാത്തൊരനുഭവമായി, 'Proud, deifiant, unrepentent, that was how Indira Gandhi appeared' അങ്ങനെയാണ് അന്ന് ബി.ആർ.പി റിപ്പോർട്ട് ചെയ്തത്. ശ്രീനഗറിൽ നിന്നും മദ്രാസിലേക്ക്. 1984 വരെ അവിടെത്തുടർന്ന ബി.ആർ.പി ബാംഗ്ലൂരിലെ ഡെക്കാൺ ഹെറാൾഡിലേക്ക്. 

അതുംകഴിഞ്ഞ്, അതിദീർഘമായൊരു കാലം അച്ചടിമാധ്യമങ്ങളൊൾക്കൊപ്പം നിന്ന ബി.ആർ.പി. ദൃശ്യമാധ്യമത്തിൻ്റെ ഭാഗമാകുന്നു. ദൂരദർശന് വേണ്ടി വാർത്താച്ചിത്രങ്ങളൊരുക്കുന്ന ഫോക്കസ് ഇന്ത്യാ ഫീച്ചേഴ്സിൻ്റെ പ്രവർത്തനങ്ങളുമായി തുടരുമ്പോഴാണ് രാജ്യത്താദ്യത്തെ സ്വകാര്യച്ചാനലായി ഏഷ്യാനെറ്റിൻ്റെ വരവ്. ഉദാരവത്കരണം ഇന്ത്യൻമണ്ണിനെയും ഗ്രസിച്ച കാലം. എൺപതുകളുടെ പ്രതീക്ഷ തൊണ്ണൂറുകളിൽ പൂത്തു. ചിന്തയും അനുഭവങ്ങളും കൊണ്ട് സമ്പന്നമായ ബി.ആർ.പി. ആ പരിണാമഘട്ടത്തിലും ഒരു ഭാവദൂതനെപ്പോലെ അവതരിച്ചു. ടെലിവിഷൻ വാ‍ർത്തയുടെ കെട്ടും മട്ടും നിശ്ചയിച്ചു. ബി.ആർ.പിയുടെ പത്രവിശേഷം ആധികാരികതയുടെ മറ്റൊരു ദൃശ്യഭാഷയായി. അവിടം മുതൽ മലയാളിക്ക് ബി.ആർ.പി കൂടുതൽ പരിചിതനായി. 

 

സമരമുഖങ്ങളിലെ സാന്നിധ്യമായി ബി.ആർ.പി ഭാസ്കർ (ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

 

നെഹ്റൂവിയൻ ഇന്ത്യയും ഇന്ദിരയുടെ പ്രതാപവും അടിയന്താരാവസ്ഥയും നിരവധി പരിണാമഘട്ടങ്ങളും ഗ്ലോബലൈസേഷനും  കടന്ന്  കാലത്തിനൊപ്പം നടന്നു. തൊണ്ണൂറുകൾക്കൊടുക്കം അവിടുന്ന് ഏഷ്യാനെറ്റിൽ നിന്നും പടിയിറങ്ങിയ ബി.ആർ.പി തീവ്രമുതലാളിത്തത്തിൻ്റെ പുതുസഹസ്രാബ്ദമത്രയും കാലത്തിൻ്റെ വഴികാട്ടിയായി അഹിംസാപരമായി പ്രതികരിച്ചുകൊണ്ടേയിരുന്നു. ഒരുതലമുറയും ഒരു വ്യവസ്ഥയും ബി.ആർ.പിയുടെ വിനിമയലോകത്തിന് അന്യമായിരുന്നില്ല. വ്യവസ്ഥാപിത മാധ്യമങ്ങളും നവമാധ്യമങ്ങളും ന്യൂസ് റൂമും തെരുവുകളിലെ സമരമുഖങ്ങളുമെല്ലാം ഒരുപോലെ വഴങ്ങിയ പ്രകാശഭരിതമായ ജീവിതം കാലത്തിനും തലമുറകൾക്കും വഴികാട്ടിയായി.

ബി.ആർ.പിയിലെ മാധ്യമപ്രവർത്തകന് ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ പ്രായമാണ്. വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ആത്മസത്തയിലേക്കാവാഹിക്കുന്ന ഒരുദാര ഇന്ത്യൻ മനസ്സാണ്. സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള പ്രാഥമികമായൊരറിവിന് ആ ജീവിതത്തിലൂടെയുള്ള ഒരു യാത്ര മതിയാവും.  

click me!