ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രികളിലൊന്നാണ്. (ചിത്രം: ഗെറ്റി)
ഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഗുജറാത്തിലെ റിലയൻസിന്‍റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്‍റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര പദ്ധതി നടപ്പിലാക്കുന്നത്. മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയില്‍ ആദ്യമായാണ് സ്വകാര്യമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി ഇത്രയും വലിയൊരു പദ്ധതി നടപ്പിലാകുന്നത്.
3,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് കൃത്രിമ വനാന്തരീക്ഷം ഒരുക്കിയാണ് മൃഗങ്ങളുടെ പുനരധിവാസം നടപ്പിലാക്കുന്നത്. പ്രകൃതിദത്തവും സമ്പുഷ്ടവും ഹരിതവുമായ ആവാസ വ്യവസ്ഥ മൃഗങ്ങൾക്ക് സൃഷ്ടിച്ചു നൽകുകയാണ് വൻതാര പദ്ധതിയിലൂടെ ചെയ്യുന്നത്. വിദ്ഗ്ദരുടെ മേൽനോട്ടത്തിലായിരിക്കും നടത്തിപ്പ്. മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകും. ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളും സംഘടനകളും വൻതാര പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സുപ്രധാനമായ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനുമാണ് വൻതാരയിലൂടെ ലക്ഷ്യമിടുന്നതെന്ന് അനന്ത് അംബാനി പറഞ്ഞു. ജീവജാലങ്ങൾക്കുള്ള അടിയന്തര ഭീഷണികളെ അഭിസംബോധന ചെയ്ത് വൻതാരയെ ഒരു മുൻനിര സംരക്ഷണ പരിപാടിയായി മാറ്റാനും ആഗ്രഹിക്കുന്നതായും അനന്ത് കൂട്ടിച്ചേർത്തു.
undefined
വൻതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്കായുള്ള ആവാസ സൗകര്യങ്ങളുമുണ്ട്. ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയെല്ലാമുണ്ട്. കൂടാതെ ആനകളുടെ പരിചരണത്തിനായി മാത്രം 500-ലധികം ആളുകൾ ഉൾപ്പെടുന്ന വിദഗ്ദസംഘത്തെയും ഇവിടെ സജ്ജീകരിക്കും. ഇവരിൽ മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരെല്ലാം ഉൾപ്പെടുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രികളിലൊന്നാണ്.
നിലവിൽ ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുന്നു. മെക്‌സിക്കോ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിലും വൻതാരയുടെ പങ്കാളിത്തമുണ്ട്. എല്ലാ രക്ഷാ - പുനരധിവാസ ദൗത്യങ്ങളും ഇന്ത്യ - അന്തർദേശീയ നിയമ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നടക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെന്‍റൽ സ്കെലാർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങൾ ഇപ്പോൾ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെന്‍ററിന്‍റെ സംരക്ഷണത്തിലുണ്ട്.
അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !