കാശെട്, കാശെട്; കുഞ്ഞുമക്കളിൽ നിന്നും വാടകക്കാശ് വാങ്ങുന്ന അമ്മ, നിങ്ങളെന്തൊരമ്മയാണ് എന്ന് നെറ്റിസൺസ്

By Web Team  |  First Published Apr 5, 2024, 1:23 PM IST

മാസാവസാനം ആകുമ്പോൾ അതിൽ 250 രൂപ ഓരോരുത്തരും സാമന്തയ്ക്ക് വീടിന്റെ വാടകയായി കൊടുക്കണം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ മക്കളെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാൻ എന്നാണ് സാമന്ത പറയുന്നത്. 


കുട്ടികളായിരിക്കുമ്പോൾ നമുക്കെല്ലാം മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒക്കെ പോക്കറ്റ് മണി കിട്ടിയിട്ടുണ്ടാവും. ചിലപ്പോൾ അച്ഛനും അമ്മയും തന്നെ പല കാര്യങ്ങളും പറഞ്ഞ് നമ്മളിൽ നിന്നും ആ തുകയിൽ കുറേയൊക്കെ വാങ്ങിയെടുത്തിട്ടുമുണ്ടാവും. എന്നാൽ, യുഎസ്സിൽ നിന്നുള്ള സാമന്ത ബേഡിന്റെ വീട്ടിലെ കാര്യം കുറച്ച് വ്യത്യസ്തമാണ്.

ആറും എട്ടും ഒമ്പതും വയസുള്ള മൂന്ന് ആൺമക്കളാണ് സാമന്തയ്ക്ക്. തന്റെ ഈ മൂന്ന് മക്കളോടും താൻ വാടകക്കാശ് വാങ്ങിക്കാറുണ്ട് എന്നാണ് സാമന്ത പറയുന്നത്. ഇത്രയും ചെറിയ കുട്ടികളോട് എങ്ങനെ വാടകക്കാശ് വാങ്ങാൻ തോന്നുന്നു, ഇതെന്തൊരു രക്ഷിതാവാണ് എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നാം. എന്നാൽ, സാമന്തയ്ക്ക് പറയാനുള്ളത് കൂടി നമ്മൾ കേൾക്കണമല്ലോ. 

Latest Videos

സാമന്ത പറയുന്നത്, എല്ലാ മാസവും ആദ്യം അവൾ മക്കൾക്ക് 500 രൂപ വച്ച് കൊടുക്കും എന്നാണ്. എന്നാൽ, മാസാവസാനം ആകുമ്പോൾ അതിൽ 250 രൂപ ഓരോരുത്തരും സാമന്തയ്ക്ക് വീടിന്റെ വാടകയായി കൊടുക്കണം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ മക്കളെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാൻ എന്നാണ് സാമന്ത പറയുന്നത്. 

ഓരോ മാസവും കയ്യിൽ പണം വരികയും അതിൽ നിന്നും കൃത്യം പണം വാടകയ്ക്കായി ചെലവഴിക്കേണ്ടിയും വരുമ്പോൾ പണം എങ്ങനെ സൂക്ഷിക്കണം എന്നും എങ്ങനെ ചെലവഴിക്കണം എന്നും കുട്ടികൾക്ക് കൃത്യമായി ധാരണയുണ്ടാകും എന്നാണ് സാമന്ത പറയുന്നത്. മാത്രമല്ല, ഓരോ മാസവും മക്കളിൽ നിന്നും വാങ്ങുന്ന 250 രൂപ അവരുടെ ഓരോരുത്തരുടേയും പേരിലുള്ള സേവിം​ഗ്സിലേക്കാണ് പോകുന്നത് എന്നും അവർ പറയുന്നു. 

എന്നാൽ, ചിലർക്ക് സാമന്തയുടെ ഈ രീതി അത്ര ഇഷ്ടപ്പെട്ടില്ല. എന്തൊക്കെ പറഞ്ഞാലും ചെറിയ മക്കളോട് വാടക വാങ്ങുന്നത് അത്ര നല്ല കാര്യമല്ല എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ, സാമന്ത ചെയ്യുന്നത് നല്ല കാര്യമാണ് എന്നും പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുന്നതിൽ തെറ്റില്ല എന്നുമാണ് മറ്റൊരു വിഭാ​ഗത്തിന്റെ അഭിപ്രായം.

വായിക്കാം: നടുക്കുന്ന ദൃശ്യം, മാധ്യമപ്രവർത്തകന്റെ കാലിൽ കടിച്ച് പുള്ളിപ്പുലി, ജീവനുവേണ്ടി പൊരിഞ്ഞ പോരാട്ടം, ഒടുവില്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!