Latest Videos

ഭാര്യയുടെ ഓരോ ചലനവും അറിയണം, നഗരത്തിലെ പൊതുക്യാമറകൾ ദുരുപയോഗം ചെയ്ത പൊലീസുകാരനെതിരെ നടപടി 

By Web TeamFirst Published Jun 28, 2024, 12:45 PM IST
Highlights

ഭാര്യയുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുള്ളതു കൊണ്ടാണ് നിരീക്ഷണക്യാമറകളുടെ സഹായത്തോടെ ഓരോ നിമിഷവും അവരെ പിന്തുടർന്നത് എന്നാണ് പൊലീസിനോട് ടെറൽ ആദ്യം വിശദീകരിച്ചത്. എന്നാൽ, പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യ തന്നെ ചതിക്കുന്നുണ്ടോ എന്ന് അറിയാനാണ് താൻ ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത് എന്ന് ഇയാൾ വെളിപ്പെടുത്തിയത്.

ഭാര്യയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ നഗരത്തിലെ പൊതുക്യാമറകൾ ഉപയോഗിച്ച പൊലീസുകാരനെതിരെ നടപടി. യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ റയാൻ ടെറൽ ആണ് നഗരത്തിലെ പൊതുക്യാമറകൾ ദുരുപയോഗം ചെയ്തത്. ഇദ്ദേഹം കുറ്റം സമ്മതിക്കുകയും ഏപ്രിൽ മാസം മുഴുവൻ താൻ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഭാര്യയെ ഓരോ നിമിഷവും പിന്തുടരുകയായിരുന്നുവെന്ന് പറയുകയും ചെയ്തു. കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ശിക്ഷാനടപടികളുടെ ഭാഗമായി ജോലിയിൽ നിന്ന് തരംതാഴ്ത്തി.

ഭാര്യയുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുള്ളതു കൊണ്ടാണ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഓരോ നിമിഷവും അവരെ പിന്തുടർന്നത് എന്നാണ് പൊലീസിനോട് ടെറൽ ആദ്യം വിശദീകരിച്ചത്. എന്നാൽ, പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യ തന്നെ ചതിക്കുന്നുണ്ടോ എന്ന് അറിയാനാണ് താൻ ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത് എന്ന് ഇയാൾ വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ മറ്റൊരു വിധത്തിലുമുള്ള കുറ്റകരമായ നടപടികളും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും പൊതുസംവിധാനങ്ങൾ വ്യക്തിപരമായ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാൽ ഇയാൾക്കെതിരെ നടപടി എടുക്കുകയായിരുന്നു. 

സുരക്ഷാ ക്യാമറകളുടെ ചുമതലയുണ്ടായിരുന്ന ലെഫ്റ്റനന്റ് പദവി ഉണ്ടായിരുന്നു ഉദ്യോഗസ്ഥനായിരുന്നു ടെറൽ മുമ്പ്. എന്നാൽ, സുരക്ഷാ ക്യാമറകൾ  ദുരുപയോഗം ചെയ്തത് കണ്ടെത്തിയതോടെ അദ്ദേഹത്തെ മാസ്റ്റർ പട്രോൾ ഓഫീസറായാണ് തരംതാഴ്ത്തിയിരിക്കുന്നത്.  കൂടാതെ, ആറ് മാസത്തെ പ്രൊബേഷണറി കാലയളവിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.

യുഎസ് നേവിയിൽ മാസ്റ്റർ അറ്റ് ആംസ് എന്ന നിലയിലാണ് ടെറൽ തൻ്റെ ഔദ്യോഗിക യാത്ര ആരംഭിച്ചത്.  ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2008 സെപ്റ്റംബർ മുതൽ സിറ്റി ഓഫ് നോർത്ത് ചാൾസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
 

click me!