നിരവധി ദിവസങ്ങളുടെ നീണ്ട അധ്വാനത്തിന് ശേഷമായിരുന്നു ആ ഖനിത്തൊഴിലാളികള്‍ക്ക് രത്നം ലഭിച്ചത്. അതിന് ഹൃദയത്തിന്‍റെ ആകൃതിയായിരുന്നു.
ലോകത്തിലെ മിക്ക രത്നക്കല്ലുകളും അഗ്നിപര്‍വ്വത ലാവകളില്‍ നിന്നും രൂപം കൊണ്ടവയാണ്. അമേത്തിസ്റ്റ് എന്ന വിലയേറിയ രത്നം അഗ്നിപര്‍വ്വത ലാവയില്‍ നിന്നാണ് രൂപപ്പെടന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറത്ത് വരുന്ന ലാവ കാലക്രമേണ വെള്ളവും ധാതുക്കളും ചേര്‍ന്ന് അനേരം നൂറ്റാണ്ടുകളെടുത്ത് രൂപ പരിണാമത്തിന് വിധേയമാകുന്നു. ഇത്തരത്തില്‍ രൂപ പരിണാമം സംഭവിക്കുന്ന പാറകള്‍ ഖനനത്തിലൂടെ കണ്ടെത്തുമ്പോള്‍ അവയുടെ നിറത്തിന്‍റെയും ഗുണത്തിന്‍റെയും അടിസ്ഥാനത്തിലും വേര്‍തിരിക്കപ്പെടുന്നു.ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന രത്നങ്ങള്‍ക്ക് പിന്നീട് ചെത്തിമിനിക്കിയാണ് അവയ്ക്ക് രൂപം നല്‍കുന്നത്. എന്നാല്‍, ഉറുഗ്വേയിലെ ഖനി തൊഴിലാളികള്‍ക്ക് ലഭിച്ച ഒരു അമേത്തിസ്റ്റ് രത്നത്തിന് ഹൃദയത്തിന്‍റെ രൂപമായിരുന്നു.
2021-ലാണ് ഈ അത്യപൂര്‍വ്വ രൂപത്തോടെയുള്ള അമേത്തിസ്റ്റ് രത്നം കണ്ടെത്തിയത്. ഇന്നും ഇത് ആളുകളുടെ സജീവ ശ്രദ്ധനേടുന്നു. ആർട്ടിഗാസിലെ കറ്റാലൻ മേഖലയിലെ സാന്താ റോസ ഖനിയിലാണ് ഉറുഗ്വേ മിനറൽസ് ഖനനം നടത്തിയിരുന്നത്. പ്രദേശത്തിന്‍റെ പരുക്കൻ ഭൂപ്രകൃതി തൊഴിലാളികൾക്ക് ഖനനം ഏറെ ദുഷ്ക്കരമാക്കി തീര്‍ത്തു. എന്തെങ്കിലും വിലപിടിപ്പുള്ളത് കണ്ടെത്താനാകുമെന്ന പ്രതീക്ഷകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടു. എങ്കിലും ഉറുഗ്വേയുടെയും ബ്രസീലിന്‍റെയും അതിര്‍ത്തിയായ കറ്റാലൻ മേഖലയിലെ ഖനനം അവര്‍ തുടര്‍ന്നു. ഒടുവില്‍ ആ ഖനിത്തൊഴിലാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലിന് അത് വഴി തെളിച്ചു. സാധാരണ പാറയേക്കാള്‍ കഠിനമാണ് ബസാൾട്ട് പാറയെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. അതിനാല്‍ തന്നെ ഖനി പ്രവര്‍ത്തനം ഇഞ്ചോട് ഇഞ്ച് എന്ന തരത്തിലാണ് മുന്നേറിയത്.
ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പൊട്ടിവീണ ഒരു പറയുടെ രണ്ട് കഷ്ണങ്ങളിലായി അതിശയകരമായ സാമ്യത്തോടെ പർപ്പിൾ ഹാർട്ട് ഡിസൈൻ അവര്‍ കണ്ടെത്തി. പിന്നീട് രണ്ട് മൂന്ന് മണിക്കൂറുകള് കൊണ്ട് തൊഴിലാളികള്‍ എക്‌സ്‌കവേറ്റർ മെഷീൻ ഉപയോഗിച്ച് ബസാൾട്ട് പാറ പൊട്ടിച്ച് നീക്കി. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഒരു അമേത്തിസ്റ്റ് ജിയോഡ് വേര്‍തിരിച്ചു. ഇത്തരമൊരു വിലയേറിയ രത്നക്കല്ല് ഇത്തരമൊരു രൂപത്തിൽ കമ്പനി കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് ഉറുഗ്വേ മിനറൽസ് പ്രോജക്റ്റുമായി ബന്ധപ്പെട്ട മാർക്കോസ് ലോറെൻസെല്ലി പറയുന്നു. രണ്ട് പാറകള്‍ക്കുമായി ഏകദേശം 150 പൗണ്ട് (80 കിലോഗ്രാം) ഭാരമുണ്ടെന്നും ഇവയ്ക്ക് 120,000 ഡോളർ (ഏതാണ്ട് ഒരു കോടി രൂപ) ലേലം വിളിച്ചതായും അദ്ദേഹം പറഞ്ഞു. അത്യപൂര്‍വ്വ കണ്ടെത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നും ഏറെപേരുടെ ശ്രദ്ധ നേടുന്നു. ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത് "അവർ ഹൃദയക്കല്ല് കണ്ടെത്തി, അവർ ഇപ്പോൾ വിവാഹം കഴിക്കണം, ഇത് നിയമമാണ്," എന്നായിരുന്നു. ഭൂമി പറയുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു മറ്റൊരു കുറിപ്പ്.
എലികള്‍ 'ഒസിഡി' പ്രശ്നമുള്ളവരാണോ? വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !