മിർസാപ്പൂരിലെ 'ഉപ്പും ചപ്പാത്തിയും' കേസിൽ സര്‍ക്കാര്‍ വേട്ടയാടുന്ന പത്രപ്രവർത്തകന് പറയാനുള്ളത്

By Babu Ramachandran  |  First Published Sep 3, 2019, 11:06 AM IST

" പാവപ്പെട്ട കുട്ടികൾ  ഒരക്ഷരം മിണ്ടാതെ  ആ ഉണക്കച്ചപ്പാത്തി ഉപ്പും കൂട്ടി തിന്നുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.." ജയ്‌സ്വാൾ പറഞ്ഞു. 


മിർസാപ്പൂർ : ഉത്തർപ്രദേശിന്റെ നക്സൽബാധിതമായ കിഴക്കൻ ജില്ലകളിൽ ഒന്നാണ് മിർസാപ്പൂർ. അവിടെ ജമാൽപൂർ ബ്ലോക്കിൽ ഗോത്രവർഗക്കാരുടെ മക്കൾ പഠിക്കുന്ന സിയൂർ എന്നൊരു ഗ്രാമമുണ്ട്. സിയൂരിലെ ഒരേയൊരു സ്‌കൂളാണ് സിയൂർ ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ. ആ പ്രദേശത്തുള്ള സകല കുട്ടികൾക്കും ഒരേയൊരാശ്രയമാണത്. അരപ്പട്ടിണിയിൽ കഴിയുന്ന ഗോത്രവർഗ്ഗക്കാർ തങ്ങളുടെ മക്കളെ സ്‌കൂളിൽ വിടുന്നതിനു പിന്നിലെ പ്രഥമ ലക്‌ഷ്യം പഠിപ്പല്ല. ഉച്ചക്ക് ഒരു നേരം സ്‌കൂളിൽ സൗജന്യ ഭക്ഷണ വിതരണമുണ്ട്. മുഴുപ്പട്ടിണിയായ മക്കൾക്ക് ഒരു നേരമെങ്കിലും വയറുനിറച്ച് ഭക്ഷണം കിട്ടുമല്ലോ എന്ന് അവർ ആശ്വസിച്ചിരുന്നു. 

സർക്കാരിന്റെ 'മിഡ് ഡേ മീൽ' പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെടുന്ന  ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് ചുരുങ്ങിയത് 450  കലോറിയെങ്കിലും പകർന്നു നൽകാൻ പര്യാപ്തമാകണം. ചുരുങ്ങിയ പക്ഷം, അങ്ങനെയാണ് ഔദ്യോഗിക രേഖകളിൽ. അതിൽ 12 ഗ്രാം പ്രോട്ടീനെങ്കിലും ഉണ്ടായിരിക്കണം. വർഷത്തിൽ ഇരുനൂറു ദിവസമെങ്കിലും അത്തരത്തിൽ ഭക്ഷണം നൽകിയിരിക്കണം കുഞ്ഞുങ്ങൾക്ക് എന്നൊക്കെയാണ് സർക്കാരിന്റെ മാർഗ്ഗരേഖകളിൽ. എന്നാൽ അതൊന്നുമല്ല യാഥാർത്ഥ്യം. ഈ ഉദ്ദേശ്യത്തിനായി സർക്കാർ അനുവദിക്കുന്ന പണം സ്‌കൂളിലെ അധ്യാപകരും, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് പങ്കിട്ടെടുക്കുന്നു. എന്നിട്ട് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള സമീകൃതാഹാരത്തിനു പകരം, ചുരുങ്ങിയ ചെലവിൽ കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ കൊടുത്തു എന്ന് വരുത്തുന്നു. എത്രയോ നാളുകളായി ഉത്തർ പ്രദേശിലെ പല ഗ്രാമീണ വിദ്യാലയങ്ങളിലും ഇതുതന്നെയാണ് നടന്നുവരുന്നത്. 

Latest Videos

undefined

സിയൂർ സ്‌കൂളിൽ സമീകൃതാഹാരത്തിനു പകരം വെറും ഉപ്പുമാത്രമാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്ന വിവരമറിഞ്ഞ് അവിടെ നേരിട്ടുചെന്നു ദൃശ്യങ്ങൾ പകർത്തി റിപ്പോർട്ട് ചെയ്ത പവൻ കുമാർ ജയ്‌സ്വാൾ എന്ന പ്രാദേശിക റിപ്പോർട്ടർക്കെതിരെ ഇപ്പോൾ പൊലീസ് ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി കേസ് ചാർജ്ജ് ചെയ്തിരിക്കുകയാണ്. ജൻസന്ദേശ് ടൈംസ് പത്രത്തിന്റെ മിർസാപൂർ റിപ്പോർട്ടർ പവൻ കുമാർ ജയ്‌സ്വാളുമായി ​​​​​​ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ലേഖകൻ ബാബു രാമചന്ദ്രൻ  നടത്തിയ അഭിമുഖത്തിലെ  ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.  

കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാവിലെയാണ്  ജയ്‌സ്വാളിന് സിയൂർ ഗ്രാമത്തിൽ നിന്നും ഒരു ഇൻഫോർമറുടെ ഫോൺ വരുന്നത്. ഞെട്ടിക്കുന്ന ഒരു വിവരമാണ് അയാൾക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. സിയൂർ  ഗ്രാമത്തിലെ സ്‌കൂളിൽ കുട്ടികളെ അധ്യാപകർ തീറ്റിക്കുന്നത് വെറും ഉണക്കച്ചപ്പാത്തിയും പൊടിയുപ്പും മാത്രമാണ്. കഷ്ടമാണ് ആ പാവങ്ങളുടെ കാര്യം.  അധ്യാപകരോടുള്ള ഭയം നിമിത്തവും, ഇപ്പോൾ കിട്ടുന്ന ചപ്പാത്തി പോലും കിട്ടാതാകുമോ എന്ന പേടി കൊണ്ടും കുട്ടികൾ എതിർത്തൊന്നും പറയുന്നില്ല എന്നുമാത്രം. ഇക്കാര്യം ഒന്ന് വന്നന്വേഷിച്ച് പറ്റുമെങ്കിൽ റിപ്പോർട്ടുചെയ്യണം. 

മിർസാപൂരിൽ നിന്നും 22  കിലോമീറ്റർ ദൂരമുണ്ട് സിയൂരിലേക്ക്. എങ്കിലും വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ജയ്‌സ്വാൾ അന്വേഷിച്ചു ചെല്ലാൻ തന്നെ തീരുമാനിച്ചു.  പ്രദേശത്തെ അസിസ്റ്റന്റ് പ്രാഥമിക വിദ്യാഭ്യാസ ഓഫീസറെ (AEO) ഫോണിൽ ബന്ധപ്പെട്ട് പ്രസ്തുത വിവരം അറിയിച്ച ശേഷമായിരുന്നു ജയ്‌സ്വാളിന്റെ യാത്ര. അദ്ദേഹത്തിൽ നിന്നും 'അന്വേഷിക്കാം..' എന്ന പതിവ് ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. എന്തായാലും  വിവരമറിഞ്ഞപാടെ ജയ്‌സ്വാൾ നേരെ സിയൂർ സ്‌കൂളിലേക്ക് വച്ചുപിടിച്ചു. 

ഏതാണ്ട് ഉച്ചയൂണിന് നേരമായപ്പോഴാണ്  അദ്ദേഹം സ്‌കൂളിലെത്തുന്നത്. അവിടെ കണ്ട ദൃശ്യം ആരുടെയും മനസ്സുലയ്ക്കുന്ന ഒന്നായിരുന്നു. "സ്‌കൂളിൽ ചെന്നപ്പോൾ, വരാന്തയിൽ ഇങ്ങനെ നിരത്തി ഇരുത്തിയിരിക്കുകയാണ് ചെറിയ പിള്ളേരെ. എന്നിട്ട് ആദ്യം ഒരു റൗണ്ട് ചപ്പാത്തി കൊടുക്കുന്നു. പിന്നെ ഓരോരുത്തർക്കും ചപ്പാത്തി മുക്കിത്തിന്നാൻ വേണ്ടി ഇത്തിരി ഇത്തിരി ഉപ്പും. ആ പാവങ്ങൾ ഒരക്ഷരം മിണ്ടാതെ ആ ഉണക്കച്ചപ്പാത്തി ഉപ്പും കൂട്ടി തിന്നുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.." ജയ്‌സ്വാൾ പറഞ്ഞു. 

This clip is from a school in east UP's . These children are being served what should be a 'nutritious' mid day meal ,part of a flagship govt scheme .On the menu on Thursday was roti + salt !Parents say the meals alternate between roti + salt and rice + salt ! pic.twitter.com/IWBVLrch8A

— Alok Pandey (@alok_pandey)


ഒരു വിധം സംയമനം തിരിച്ചുപിടിച്ച് ജയ്‌സ്വാൾ അവിടെക്കണ്ട ദൃശ്യങ്ങൾ തന്റെ മൊബൈൽ കാമറയിൽ പകർത്തി.തന്റെ പത്രത്തിൽ ഈ സ്‌കൂളിന്റെ ശോചനീയാവസ്ഥയെപ്പറ്റി വാർത്തകൊടുത്തതിനൊപ്പം താൻ പകർത്തിയ വീഡിയോ ക്ലിപ്പ് വാരണാസി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തന്റെ ദൃശ്യമാധ്യമ സുഹൃത്തുക്കളിൽ ചിലർക്കും നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥ എങ്ങനെയും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. അങ്ങനെ ചാനലുകളിലും റിപ്പോർട്ടുകൾ വന്നു. അധികാര കേന്ദ്രങ്ങളെ അത് ഇളക്കിമറിച്ചു.

ആ ശ്രമങ്ങൾ ഫലം കണ്ടു തുടക്കത്തിൽ. തൊട്ടടുത്ത ദിവസം ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേൽ സിയൂർ സ്‌കൂൾ സന്ദർശിച്ചു. ഉച്ചഭക്ഷണവിതരണത്തിൽ അഴിമതി കാണിച്ച സ്‌കൂളിലെ രണ്ട് അധ്യാപകർ അന്ന് തന്നെ സസ്‌പെൻഡ് ചെയ്യപ്പെട്ടു. സ്‌കൂളിൽ സന്ദർശനത്തിനെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പട്ടേൽ പുറത്തുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ജയ്‌സ്വാളിന്റെ റിപ്പോർട്ട് പൂർണ്ണമായും സത്യമാണെന്നും താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വിശദമായ തുടരന്വേഷണങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു. 

" എന്തെങ്കിലും നടപടി ഉണ്ടാകാൻ വേണ്ടി മാത്രമാണ് ഞാൻ ആ വീഡിയോ എന്റെ ചാനൽ സുഹൃത്തുക്കളോട് പങ്കുവെച്ചത്. തുടക്കത്തിൽ നടപടികൾ ഉണ്ടാവുകയും ചെയ്തു." ജയ്‌സ്വാൾ പറഞ്ഞു 



മജിസ്‌ട്രേറ്റിന്റെ സന്ദർശനം നടന്നതിന്റെ അടുത്ത ദിവസം, ജൻസന്ദേശ് ടൈംസിന്റെ എഡിറ്ററായ വിജയ് വിനീത് നേരിട്ട് സ്‌കൂൾ സന്ദർശിച്ച് ചില തുടരന്വേഷണങ്ങൾ നടത്തി. ആ അന്വേഷണങ്ങളുടെ ഫലങ്ങളും ജയ്‌സ്വാളിന്റെ റിപ്പോർട്ടിനെ ശരിവെക്കുന്നതായിരുന്നു. സ്‌കൂളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചപ്പാത്തിയും ചോറുമായിരുന്നു കൊടുത്തിരുന്നത്. എന്നാൽ രണ്ടിനും കൂട്ടാൻ ഒന്നുതന്നെ. വെറും പൊടിയുപ്പ്. 

സംസ്ഥാനസർക്കാരിന്റെ കണക്കുകൾ പ്രകാരം ഓരോ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിക്കും വേണ്ടി ദിവസേന സർക്കാർ 4.48 രൂപ ചെലവിടുന്നുണ്ട് എന്നാണ് കണക്ക്. സ്‌കൂളിൽ സമീകൃതാഹാരത്തിന്റെയും ആഴ്ചയിലെ ഓരോ ദിവസത്തെയും ഉച്ചഭക്ഷണത്തിന്റെ മെനുവിന്റെയും ഒക്കെ ചാർട്ടുകൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ചാർട്ടിൽ പറയുന്ന പ്രകാരമാണെങ്കിൽ, ജയ്‌സ്വാൾ സന്ദർശനം നടത്തിയ ദിവസം കുട്ടികൾക്ക് നൽകേണ്ടിയിരുന്നത്, ചപ്പാത്തിയും ദാലും, അല്ലെങ്കിൽ സോയാബീനോ, മറ്റെന്തെങ്കിലും പച്ചക്കറിയോ ഒക്കെ ആയിരുന്നു. 



എന്നാൽ ഓഗസ്റ്റ് 31-ന് സംഗതികളെല്ലാം തകിടം മറിഞ്ഞു. സിയൂർ പൊലീസ് സ്റ്റേഷനിൽ പവൻ കുമാർ ജയ്‌സ്വാളിനെതിരെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ പ്രേം ശങ്കർ റാം ഒരു പരാതി നൽകി. 'സ്‌കൂളിൽ അനധികൃതമായി കടന്നു കയറി,  സ്‌കൂളിനും തദ്വാരാ ഉത്തർപ്രദേശ് സർക്കാരിനും ചീത്തപ്പേരുണ്ടാക്കാൻ വേണ്ടി മനഃപൂർവം ക്രിമിനൽ ഗൂഢാലോചന നടത്തി, വ്യാജവീഡിയോ റെക്കോർഡ് ചെയ്തു ' എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തി പവൻ കുമാർ ജയ്‌സ്വാളിനെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്തു പൊലീസ്. 

This is Pawan Jaiswal , the reporter who broke the roti + salt in mid day meal story. He has been booked by for allegedly conspiring against the . In this video he reiterates he reported what he saw . please take cognizance ! pic.twitter.com/5mU47uufAo

— Alok Pandey (@alok_pandey)

 

ഈ വിവരം ജയ്‌സ്വാളിനെ വിളിച്ചു പറഞ്ഞ ഇൻഫോർമർ, വില്ലേജ് കൗൺസിലർ ആയ രാജ് കുമാർ പാൽ ആണ് കേസിലെ കൂട്ടുപ്രതി.  .  ഇന്ത്യൻ ക്രിമിനൽ ചട്ടത്തിന്റെ  സെക്ഷൻ 120B - ക്രിമിനൽ ഗൂഢാലോചന, സെക്ഷൻ 186 - സർക്കാർ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, സെക്ഷൻ 193-വ്യാജ തെളിവ് ചമയ്ക്കൽ, സെക്ഷൻ 420 - വഞ്ചന തുടങ്ങി ജാമ്യം പോലും കിട്ടാത്ത പല വകുപ്പുകളും ചുമത്തിയാണ് പ്രഥമവിവരറിപ്പോർട്ട്(FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയ്‌സ്വാൾ, കൗൺസിലർ രാജ്‌കുമാർ പാലുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നും, ഇരുവരും ചേർന്ന് സംസ്ഥാനസർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പികാൻ വേണ്ടി, 'ഏറെ നികൃഷ്ടമായ' പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത് എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂളിൽ വെറും ചപ്പാത്തി മാത്രമാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് അറിവുണ്ടായിട്ടും, രാജ്‌കുമാർ പാൽ എന്ന കൗൺസിലർ, പച്ചക്കറികൾ സംഘടിപ്പിക്കാൻ ശ്രമിക്കാതെ, പത്രക്കാരനായ ജയ്‌സ്വാളിനെ വിളിച്ചുവരുത്തി എന്നും സ്‌കൂളിന്റെ സൽപ്പേരിനു ക്ഷതം വരുത്തുന്ന തരത്തിൽ ഒരു മോശം വാർത്ത അച്ചടിക്കാനും ദൃശ്യമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്താനും ജയ്‌സ്വാളിനെ പ്രേരിപ്പിച്ചു എന്നുമാണ് ആരോപണം. 

എന്തായാലും പത്രപ്രവർത്തകരെസംരക്ഷിച്ചു കൊണ്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ്  ഇന്ത്യയും രംഗത്തുവന്നിട്ടുണ്ട്. " ഇത് ദൂതനെ വെടിവെച്ചു കൊല്ലുന്നതിന് തുല്യമാണ്. ഒരു ജനാധിപത്യ രാജ്യത്ത് നിർഭയമായി പത്രപ്രവർത്തനം നടത്തുന്നവർക്കെതിരെ കേസുകൾ അടിച്ചേൽപ്പിച്ച് അവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. " എന്ന്  സർക്കാരിന് അയച്ച കത്തിൽ ഗിൽഡ് പരാമർശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടുകൊണ്ട് നാലാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കാൻ വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 " ഞാൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണ് എന്ന് കരുതുന്നു. ഒരു വിഷയത്തെപ്പറ്റി വിവരം കിട്ടിയപ്പോൾ അത് അന്വേഷിച്ചുറപ്പിക്കാനാണ് അവിടേക്ക് പോയത്. ചെന്നപ്പോൾ എല്ലാം വാസ്തവമാണ് എന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചെയ്തത് എന്റെ കടമയാണ്. കർത്തവ്യമാണ്. അതിന്റെ പേരിൽ വരുന്ന എന്ത് പ്രതികാരനടപടികളെയും നേരിടാൻ തയ്യാറാണ്. ഇനി ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നാൽ അങ്ങനെ.." പവൻ കുമാർ ജയ്‌സ്വാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.


 

click me!