Pinarayi Vijayan : ചൂര കഴിക്കാത്ത, ഒറ്റ നിമിഷം കൊണ്ട് ചായകുടി നിര്‍ത്തിയ പിണറായി, അറിയാക്കഥകള്‍!

By Nishanth M V  |  First Published May 24, 2022, 3:20 PM IST

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയാത്ത കഥകള്‍. കേള്‍ക്കാത്ത കഥകള്‍. പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍നിന്നും കണ്ടെത്തിയ കൗതുകകരമായ കഥകള്‍. നിഷാന്ത് എം വി എഴുതുന്നു
 


കുട്ടിക്കാലത്ത് പ്രേതഭയമുണ്ടായിരുന്ന,കൂട്ടുകാര്‍ മുഖ്യസ്ഥനന്നെ് വിളിച്ചിരുന്ന ഒറ്റ നിമിഷം കൊണ്ട് ചായകുടി നിര്‍ത്തിയ, സൈക്കിള്‍ ചവിട്ടി പത്രം വായിക്കുന്ന സ്‌റ്റൈല്‍ മന്നനെ ഇഷ്ടപ്പെടുന്ന ചൂര ഇഷ്ടമേയില്ലാത്ത പിണറായി!

 

Latest Videos


പത്തറുപത് കൊല്ലങ്ങള്‍ക്ക് മുമ്പാണ്. സമയം അര്‍ധരാത്രി. കണ്ണൂരില്‍ പാര്‍ട്ടി പിറന്ന ഗ്രാമത്തിലൂടെ ഒരു പയ്യന്‍ നടന്നുവരുന്നു. വരുന്ന വഴിയില്‍ പ്രേതങ്ങളുണ്ടെന്നാണ് പൊതുവെ നാട്ടിലുള്ള പറച്ചില്‍. അതിനാല്‍, അവന്‍ ശ്വാസം അടക്കിപ്പിടിച്ച് നടന്നുവരികയാണ്.

പെട്ടെന്നൊരു മരം കുലുങ്ങി. 

ആദ്യം ഒന്നു ഞെട്ടി. പിന്നെ അവന്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു. അതൊരു പക്ഷി പറന്നുപോയതാണെന്ന് മനസിലാക്കി ആ പയ്യന്‍ ധൈര്യത്തോടെ നടന്നു നീങ്ങി. 

അന്നുമുതലാണ് ഭൂതപ്രേത പിശാചുക്കളോടുള്ള അവന്റെ പേടി പമ്പ കടന്നത്. അതുവരെ ഭൂത പ്രേത പിശാചുക്കളെ അവന് പേടിയായിരുന്നു. അവന്റെ അമ്മ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ അടുക്കളയിലെ പടിയില്‍ വിളക്കു കത്തിച്ചുവെച്ചായിരുന്നു പഠനം.

കുട്ടിക്കാലത്ത് ഭൂതപ്രേത പിശാചുകളെ പേടിച്ചിരുന്ന ആ കുട്ടിയാണ് രണ്ടു പ്രളയകാലങ്ങളിലും കൊവിഡ് മഹാമാരിക്കാലത്തും കേരളീയജീവിതങ്ങള്‍ക്കു മുന്നില്‍ കവചംപോലെ നിലകൊണ്ട നമ്മുടെ മുഖ്യമന്ത്രി. ഇങ്ങനെ അധികമാര്‍ക്കുമറിയാത്ത ഒരുപാട് ഇഷ്ടങ്ങളും, കഥകളുമുണ്ട് പിണറായി വിജയന്റെ ജീവതത്തില്‍.

 

 

 

പഴയ വിളിപ്പേര് മുഖ്യസ്ഥന്‍!

ഇരട്ടച്ചങ്കന്‍, ക്യാപ്റ്റന്‍ എന്നൊക്കെയാണ് ഇപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ പിണറായിയെ വിളിക്കുന്നത്. എന്നാല്‍ കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കിടയില്‍ അദ്ദേഹത്തിന് മറ്റൊരു വിളിപ്പേരുണ്ടായിരുന്നു. 'മുഖ്യസ്ഥന്‍'. 

ബാല്യകാലത്തെ പിണറായി വിജയന്റെ ഇഷ്ടങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും കൂട്ടുകാര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 

കെടാമംഗംലം സദാനന്ദന്‍, വി സാംബശിവന്‍ എന്നിവരുടെ കഥാപ്രസംഗം അടുത്തെവിടെയുണ്ടെങ്കിലും കൂട്ടുകാര്‍ക്കൊപ്പം വിജയനും പോയി കേള്‍ക്കുമായിരുന്നു.  കുട്ടിക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'പമ്പാനദി പാഞ്ഞൊഴുകുന്നു' എന്ന നോവലിന്റെ സ്ഥിരം വായനക്കാരനായിരുന്നുവെന്നും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കാലം കഴിഞ്ഞപ്പോള്‍ ജനയുഗം വാരികയില്‍ സ്രിദ്ധീകരിച്ചുവന്ന വിമല്‍മിത്രയുടെ നോവലിനെ അദ്ദേഹം ഇഷ്ടപ്പെട്ട് തുടങ്ങി. 

 

..........................

Read More : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാ

ള്‍
 


ചായകുടിക്ക് ബ്രേക്കിട്ട കഥ

രാവിലെ 5 മണിക്ക് പിണറായി വിജയന്റെ ഒരു ദിവസം തുടങ്ങും. എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമില്ല. അത് പണ്ടേ നിര്‍ത്തിയതാണ്. ചായകുടി നിര്‍ത്തിയതിന് പിന്നിലെ കഥ ഭാര്യ കമല വിജയന്‍ ഒരഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്: 'വിവാഹം കഴിഞ്ഞപ്പോള്‍ അദ്ദേഹം അഞ്ചും ആറും ചായ കുടിക്കുമായിരുന്നു. ഒരു ദിവസം പറഞ്ഞു. ഞാന്‍ ചായകുടി നിര്‍ത്തുകയാണ്. അതിന് ശേഷം ചായയും കാപ്പിയും ഉപയോഗിച്ചിട്ടില്ല. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കൂ. ''-ഭാര്യ കമല  പറയുന്നു. 

ചായകുടിക്കില്ലെന്ന തീരുമാനമെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും,സ്ഥലത്തെക്കുറിച്ചും പിണറായി തന്നെ വിശദീകരിക്കുന്നുണ്ട്. ''മോശം തേയിലപ്പൊടിയായിരുന്നു അക്കാലത്ത് നാട്ടിലുണ്ടായിരുന്നത്. വീട്ടില്‍ പോയിട്ട് അവര് തരുന്ന ചായ കുടിച്ചില്ലെങ്കില്‍ അവര്‍ക്ക് പ്രയാസമാകും. അങ്ങനെ ചായ കുടി നിര്‍ത്താന്‍ തീരുമാനിച്ചു. ഒരു ദിവസം കുളിക്കാന്‍ കയറിയപ്പോഴാണ് ഇനി ചായ കുടിക്കില്ലെന്ന തീരുമാനമെടുത്തത്'. പിന്നീട് ചായ കുടിച്ചിട്ടേയില്ല.'' പിണറായി വിശദീകരിക്കുന്നു.

 

 

 

സൈക്കിള്‍ ചവിട്ടി പത്രം വായിക്കുന്ന പിണറായി

അഞ്ച് വര്‍ഷം മുമ്പ് മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി തന്റെ വ്യായമത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റാല്‍ വ്യായാമം ചെയ്യും.  പക്ഷെ മുറിവിട്ട് പോയി വ്യായാമം ചെയ്യാറില്ല. 30 മിനിറ്റ് സമയം ട്രെഡ് മില്‍ ഉപയോഗിച്ചുള്ള വ്യായാമവും ഉണ്ട്. മറ്റൊരു പ്രധാന വ്യായാമമുറ സൈക്ലിങാണ്. 

സൈക്ലിങ് അദ്ദേഹത്തിന് വെറുമൊരു വ്യായാമ മുറ മാത്രമല്ല. പത്രം വായിക്കുന്നത് സൈക്കിള്‍ ചവിട്ടിക്കൊണ്ടാണെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വിശദീകരിക്കുന്നു. ഒരു മോട്ടോര്‍ബൈക്ക് പോലെയാണതെന്നും ചാരിയിരുന്നുകൊണ്ട് അതില്‍ യാത്ര ചെയ്യാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സമയക്കുറവുള്ളപ്പോള്‍ ട്രെഡ് മില്‍ ഒഴിവാക്കി സൈക്ലിങ് മാത്രമാക്കും.

 

 

പിണറായി നല്‍കിയ വിവാഹ സമ്മാനം

വിവാഹ സമ്മാനമായി പലരും പലതും നല്‍കും. പണിറായി വിജയന്‍ ഭാര്യ കമലയ്ക്ക് നല്‍കിയ വിവാഹ സമ്മാനം എന്തായിരുന്നു? 

''കല്ല്യാണം കഴിഞ്ഞ സമയത്ത് വിജയേട്ടന്റെ വീട്ടില്‍ വലിയ സൗകര്യങ്ങളൊന്നുമില്ല. എനിക്കൊരു ഗ്യാസ് അടുപ്പ് കിട്ടിയാല്‍ കൊള്ളാമെന്ന് മനസ്സിലുണ്ടായിരുന്നു അതാണ് വിജയേട്ടന്‍ എനിക്ക് വാങ്ങിത്തന്ന വിവാഹ സമ്മാനം'-കമല പറയുന്നു. 

 


 

''എന്റെ നാരായണാ...''

പൊതുവെ കാര്‍ക്കശ്യക്കാരനാണെന്നാണ് എതിരാളികള്‍ പറയാറുള്ളതെങ്കിലും വീട്ടില്‍ വലിയ തമാശക്കാരനാണെന്നാണ് മക്കളുടെ പക്ഷം. അദ്ദേഹത്തിന്റെ  നര്‍മ്മം ജോണ്‍ ബ്രിട്ടാസ് എം.പി. പങ്കുവെയ്ക്കുന്നുണ്ട്. ''ബഹ്‌റൈനില്‍ ചെന്നാല്‍ പി.ടി.നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിഭ എന്ന സംഘടനയാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത്. ഒരിക്കല്‍ ചെന്നപ്പോള്‍ ടൈറ്റാനിയം ചെയര്‍മാനായ അഡ്വ. എ. എ.റഷീദും കൂടെയുണ്ടായിരുന്നു. നാരായണന്‍ റാഷിദ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരാളുടെ പേര് തെറ്റായി ഉച്ചരിക്കുന്നത് ശരിയല്ല എന്നായിരുന്നു പിണറായിയുടെ പക്ഷം. അങ്ങനെ ഒരിക്കല്‍ നാരായണനോട് പിണറായി പറഞ്ഞു പോലും, ''റഷീദ് എന്നു പറഞ്ഞാല്‍ അറബിക്കില്‍ പ്രജ എന്നാണര്‍ത്ഥം. അതായത് ഭരിക്കപ്പെടുന്നവര്‍. റാഷിദ് എന്ന് പറഞ്ഞാല്‍ അര്‍ത്ഥം മാറി, ഭരിക്കുന്നവന്‍.'' അതിന് ശേഷം പിണറായി തുടര്‍ന്നു. 

''ഓരോ പേരിലുമുണ്ട് ഓരോ അര്‍ത്ഥങ്ങള്‍. അതറിഞ്ഞില്ലെങ്കില്‍ അതു കേള്‍ക്കുന്നവര്‍ എന്റെ നാരായണാ എന്ന് വിളിച്ചുപോകും!''

 

 

 

അന്ന് മുതല്‍ വിജയരാഘന്‍ ചൂര ഉപേക്ഷിച്ചു!

പിണറായി വിജയന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം പറയാന്‍ ഒരുപാട് കഥകളുണ്ട്.

ജോണ്‍ ബ്രിട്ടാസ് എം.പി. പറയുന്നു: ''പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണമാണ് ഇഷ്ടം. വിഭവങ്ങള്‍ ഓരോന്നും രുചിച്ചിരുന്ന് സമയമെടുത്ത് കഴിക്കും, അദ്ദേഹം കഴിക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസമാണെന്ന് ബ്രിട്ടാസ് ഓര്ക്കുന്നു. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ, പ്ലേറ്റിലിട്ടത് മുഴുവന്‍ കഴിക്കും, ഭക്ഷണം കൂട്ടിക്കുഴച്ച് വെറുതെ കളയില്ല.''

പിണറായിക്ക് ചൂര എന്ന മത്സ്യമോ, അതുകൊണ്ടാണ്ടുക്കുന്ന വിഭവങ്ങളോ ഇഷ്ടമല്ല. ചൂരയുമായി ബന്ധപ്പെട്ടുള്ള ഒരു കഥയും ബ്രിട്ടാസ് ഓര്‍ത്തെടുക്കുന്നു. 'ഒരു വിദേശ യാത്രയ്ക്കിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂര ചമ്മന്തിയുമായി മേശക്കരികില്‍ വന്നു പോലും, ഇത് കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു. ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ എന്ന ചോദ്യത്തില്‍ വിജയരാഘവന് കാര്യം പിടികിട്ടി. 

അന്ന് മുതല്‍ വിജയരാഘന്‍ ചൂര ഉപേക്ഷിച്ചുവെന്ന് ബ്രിട്ടാസ്!

 

 

 

ഇഷ്ടം സ്‌റ്റൈന്‍ മന്നനെ!

സിനിമകള്‍ അധികമൊന്നും കാണാറില്ലെങ്കിലും തമിഴ് സിനിമകളോടാണ് അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം. മാത്രമല്ല അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട നടന്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്താണ്.

 ബാഡ്മിന്റന്‍ താരം

കോളേജിലെത്തുംവരെ ബോള്‍ ബാഡ്മിന്റണ്‍ താരമായിരുന്നു പിണറായി. കോളേജ് ടീമിന്റെ ഭാഗമായിരുന്നു താനെന്നും അദ്ദേഹം പറയുന്നുണ്ട്. ബാഡ്മിന്റണ്‍ തുടങ്ങിയതിന്റെ ഓര്‍മ്മയും അദ്ദേഹം ഒരിടത്ത് പങ്കുവെയ്ക്കുന്നുണ്ട്. 

 

 

എല്ലാം കൃത്യം, കണിശം! 

വാതിലിന് പുറത്ത് ചെരിപ്പ് ഊരിയിടുന്നതിനും, മുണ്ടുടുക്കുന്നതിലും, മുടി ചീകിയൊതുക്കുന്നതിനും വരെ പിണറായിക്ക് കൃത്യതയുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുന്നു. പറഞ്ഞ പരിപാടിക്ക് കൃത്യനിഷ്ഠയോടെ എത്തിച്ചേരും. ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയൊരു മയക്കം. രാത്രി 11 മണിക്ക് പിണറായി ദിവസത്തിന്റെ സ്വിച് ഓഫ് ചെയ്യും.

......................
(അവലംബം-പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് നടത്തിയ അഭിമുഖം(മലയാള മനോര വാര്‍ഷികപ്പതിപ്പ് 2017), മനോരമ ആഴ്ചപ്പചതിപ്പ് 2021 മെയ് 22 ലക്കം, മാതൃഭൂമി ദിനപ്പത്രം-2021 മെയ് 21, ദേശാഭിമാനി ദിനപ്പത്രം-2021 മെയ് 21.)

click me!