തീപിടുത്തം ആരംഭിച്ചതുമുതൽ ആളുകൾ അവിടെ നിന്നും മാറിപ്പോവുകയാണ്. 1983 -ൽ സംസ്ഥാനം നിവാസികളെ മാറ്റിപ്പാർപ്പിക്കുകയും അവരുടെ വീടുകൾ നികത്തുകയും ചെയ്തതോടെ ഇവിടെ ആളുകൾ വിരളമായി.
പതിറ്റാണ്ടുകളായി അമേരിക്കയിലെ ഒരു നഗരത്തിൽ ഭൂമിക്കടിയിൽ നിന്നും തീ കത്തിക്കൊണ്ടിരിക്കയാണ്. ഇത് ഭയന്ന് അവിടെയുണ്ടായിരുന്ന ആളുകൾക്ക് ആ നഗരം ഉപേക്ഷിച്ച് പോവേണ്ടിയും വന്നു. അതോടെ അക്ഷരാർത്ഥത്തിൽ ഇതൊരു പ്രേതനഗരമായി മാറിക്കഴിഞ്ഞു.
1962 വരെ യുഎസ്എ -യുടെ കിഴക്കൻ തീരത്തുള്ള പെൻസിൽവാനിയയിലെ സെൻട്രലിയ തിരക്കേറിയ ഖനന നഗരമായിരുന്നു. എന്നാൽ, ആ വർഷം മെയ് മാസത്തിലെ ചില സംഭവങ്ങളോടെ നഗരത്തിന്റെ ഭാവി എന്നേക്കുമായി മാറിമറിഞ്ഞു. ഒരു പ്രദേശത്ത് നിന്നും ആരംഭിച്ച തീ, അവിടെ നിന്നും ആയിരക്കണക്കിന് അടി താഴെയുള്ള കൽക്കരി ഖനികളുടെ ഉള്ളിലേക്ക് പടർന്നു. 61 വർഷങ്ങൾക്ക് ശേഷവും ഇന്നും അത് കത്തിപ്പടരുകയാണ്.
ഈ ഭൂമിക്കടിയിലെ തീ കെടുത്താനുള്ള പല ശ്രമങ്ങളും നടന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങൾ നിലത്തെ വിള്ളലുകളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത് തുടരുകയാണ്. അതോടെ ഇവിടെ താമസിക്കുന്നത് അപകടകരമായ കാര്യമായി മാറി. 1981 -ൽ പതിനഞ്ച് വയസുള്ള ടോഡ് ഡോംബോസ്കി എന്ന് പേരുള്ള കുട്ടി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒരു കുഴി രൂപപ്പെടുകയും അതിലേക്ക് വീഴുകയും ചെയ്തു. അവന്റെ കസിൻ അന്ന് ഒരു വിധത്തിൽ അവനെ രക്ഷിച്ചെടുത്തു എങ്കിലും ആ സ്ഥലത്ത് താമസിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന സംഭവമായി അത് മാറി. നഗരത്തിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതിൽ, ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുത് എന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നു.
തീപിടുത്തം ആരംഭിച്ചതുമുതൽ ആളുകൾ അവിടെ നിന്നും മാറിപ്പോവുകയാണ്. 1983 -ൽ സംസ്ഥാനം നിവാസികളെ മാറ്റിപ്പാർപ്പിക്കുകയും അവരുടെ വീടുകൾ നികത്തുകയും ചെയ്തതോടെ ഇവിടെ ആളുകൾ വിരളമായി. 1890 -ൽ സെൻട്രലിയയിൽ 2700 -ലധികം ആളുകൾ താമസിച്ചിരുന്നു എങ്കിൽ 2020 -ൽ അത് വെറും അഞ്ച് പേരായിരുന്നു. ആളുകളെല്ലാം മാറി ഉപേക്ഷിക്കപ്പെട്ട നഗരമായതോടെ വലിയ തോതിൽ വിനോദസഞ്ചാരികൾ ഇവിടേക്ക് വരുന്നുണ്ട്. എന്നാൽ, 2017 -ൽ ഒരു താമസക്കാരൻ ഇത്തരം വിനോദസഞ്ചാരികൾ ശേഷിച്ച സ്ഥലവും വസ്തുക്കളും നശിപ്പിക്കുകയാണ് എന്നും മാലിന്യങ്ങളെല്ലാം വലിച്ചെറിയുകയാണ് എന്നും പറയുകയുണ്ടായി.
എന്നിരുന്നാലും, 2020 ഏപ്രിലിൽ, വാതകം പ്രാദേശിക ശ്മശാനങ്ങളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, റോഡ് മണ്ണിട്ട് മൂടി വിനോദസഞ്ചാരികളെ തടയാൻ നഗരവാസികൾ ശ്രമിച്ചു. 2022 ആകുമ്പോഴേക്കും നഗരത്തിലേക്കുള്ള ഗതാഗതവും വിച്ഛേദിക്കപ്പെട്ടു. അതോടെ എന്നത്തേക്കാളും വിജനമായ നഗരമായി സെൻട്രലിയ തുടരുകയാണ് എന്ന് ദി ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.