ബെർട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മേഗൻ അയാളുടെ ഓഫീസ് പരിശോധിക്കാൻ തീരുമാനിച്ചു. ആ പരിശോധനയിൽ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ അവൾ കണ്ടെത്തി.
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൻറെ പ്രതിശ്രുത വരനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകൾ കണ്ടെത്തിയ അമ്പരപ്പിലാണ് യുകെ സ്വദേശിയായ ഒരു യുവതി. റിപ്പോർട്ടുകൾ പ്രകാരം, 27 -കാരിയായ മേഗൻ ക്ലാർക്ക് എന്ന യുവതിയാണ് വിവാഹത്തിന് വെറും 14 ദിവസങ്ങൾ മാത്രം അവശേഷിക്കേ തൻറെ പ്രതിശ്രുത വരന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തിയത്.
ബാർ മാനേജരായി ജോലി ചെയ്തു വന്നിരുന്ന മേഗൻ അവിടെ വെച്ച് തന്നെയാണ് ബെർട്ടി പ്രഭു എന്ന യുവാവിനെ പരിചയപ്പെട്ടത്. അഞ്ചുമാസത്തെ ഡേറ്റിങ്ങിനു ശേഷം മേഗൻ അയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന് ഇരുവരും ഒരു ആഡംബര ഭവനത്തിലേക്ക് താമസം മാറി. വാച്ചുകൾ ഡിസൈൻ ചെയ്ത് വിൽപ്പന നടത്തുന്നതായിരുന്നു ഇരുവരും ആ സമയത്ത് ചെയ്തു വന്നിരുന്ന തൊഴിൽ.
താമസിക്കാനായുള്ള ആഡംബര വീട് സജ്ജീകരിച്ചത് ബെർട്ടി ആയിരുന്നു. എന്നാൽ ആ വീട്ടിലേക്ക് പതിവായി മറ്റ് ആളുകളുടെ പേരിൽ കത്തുകൾ വരുന്നത് ഒരിക്കൽ മേഗൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേക്കുറിച്ച് അവൾ ബെർട്ടിയെ ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് മുൻ വാടകക്കാർക്കുള്ള കത്തുകളാകാം എന്നായിരുന്നു.
എന്നാൽ, ബെർട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മേഗൻ അയാളുടെ ഓഫീസ് പരിശോധിക്കാൻ തീരുമാനിച്ചു. ആ പരിശോധനയിൽ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ അവൾ കണ്ടെത്തി. ഓഫീസ് മുറിയിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ബാലറ്റിനുള്ളിൽ വ്യത്യസ്ത പേരുകളിൽ നിരവധി ക്രെഡിറ്റ് കാർഡുകൾ അവൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ, താൻ ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തി ക്രെഡിറ്റ് കാർഡുകൾ മോഷ്ടിച്ച് അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തി ജീവിക്കുന്ന ഒരു ചതിയൻ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.
കണ്ടെത്തലുകൾ അവിടംകൊണ്ടും അവസാനിച്ചില്ല. അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞത് തൻറെ പേരിൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ അയാൾ എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് ഏകദേശം 33 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ഉള്ള കണ്ടെത്തലായിരുന്നു. ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറിയ മേഗൻ കടങ്ങൾ വീട്ടുന്നതിനായി അയാൾ സമ്മാനിച്ച വിവാഹമോതിരം വിൽക്കാൻ നോക്കിയപ്പോഴാണ് അടുത്ത ചതി അറിയുന്നത് അതും വ്യാജമായിരുന്നു.
മാത്രമല്ല ബെർട്ടി പ്രഭു എന്ന പേര് പോലും സത്യമായിരുന്നില്ല. അതോടെ പൂർണമായും വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ മേഗൻ സംഭവങ്ങൾ മുഴുവൻ പൊലീസിനെ അറിയിച്ചു. ബെർട്ടിയെ ഒടുവിൽ അറസ്റ്റ് ചെയ്യുകയും അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.