40 വർഷങ്ങൾക്ക് മുമ്പ് തന്നെ രക്ഷിച്ചവരെ കണ്ടുമുട്ടി യുവതി, വൈകാരികം ഈ കൂടിച്ചേരൽ

By Web TeamFirst Published Nov 28, 2023, 10:22 PM IST
Highlights

റിപ്പോർട്ടുകൾ പ്രകാരം 40 വർഷങ്ങൾക്ക് മുമ്പ് ഒരു തണുത്തുറഞ്ഞ പ്രഭാതത്തിൽ ഡാളസിൽ നിന്നുമുള്ള ബോബ് ഹോപ്‍കിൻസും പങ്കാളി ബോബ് വിസ്നന്തും രാവിലെ എഴുന്നേറ്റ് നടക്കാൻ പോയതായിരുന്നു. അപ്പോഴാണ് ഒരു ബോക്സ് വഴിയിൽ കിടക്കുന്നത് കണ്ടത്.

തന്നെ 40 വർഷം മുമ്പ് രക്ഷിച്ച യുഎസ് ദമ്പതികളെ തേടിയെത്തി യുവതി. ബോബ് ഹോപ്‍കിൻസിനെയും പങ്കാളിയായ ബോബ് വിസ്നന്തിനേയും സംബന്ധിച്ച് അങ്ങേയറ്റം വൈകാരികമായിരുന്നു ഈ കൂടിച്ചേരൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് യുഎസ്സിലെ കൻസാസിൽ വച്ച് ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ആ കുട്ടിയെ രക്ഷിക്കുമ്പോൾ, ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ വീണ്ടും അവളെ കണ്ടുമുട്ടുമെന്ന് അവർ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. 

ഹോപ്‍കിൻസിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ടൈറ പേൾ എന്ന സ്ത്രീയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് എല്ലാത്തിന്റെയും തുടക്കം. അതിൽ ഹോപ്കിൻസ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയിൽ തങ്ങൾ കണ്ടെത്തി പൊലീസിനെ ഏൽപ്പിച്ച ആ കുട്ടിയെ കുറിച്ച് എഴുതിയിരുന്നു. "ഈ കൊച്ചു പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? ആരാണ് അവളെ കൊണ്ടുപോയത്? അവൾ ജീവിച്ചിരിപ്പുണ്ടോ? ജീവിച്ചിരിപ്പില്ലേ? അവൾ ഒരു പ്രസിഡന്റാണോ? അവൾ ഒരു തൂപ്പുകാരിയാണോ?” എന്നാണ് ഹോപ്കിൻസ് പോസ്റ്റിൽ കുറിച്ചത്. 

Latest Videos

റിപ്പോർട്ടുകൾ പ്രകാരം 40 വർഷങ്ങൾക്ക് മുമ്പ് ഒരു തണുത്തുറഞ്ഞ പ്രഭാതത്തിൽ ഡാളസിൽ നിന്നുമുള്ള ബോബ് ഹോപ്‍കിൻസും പങ്കാളി ബോബ് വിസ്നന്തും രാവിലെ എഴുന്നേറ്റ് നടക്കാൻ പോയതായിരുന്നു. അപ്പോഴാണ് ഒരു ബോക്സ് വഴിയിൽ കിടക്കുന്നത് കണ്ടത്. ആ ബോക്സിന്റെ അകത്ത് ഒരു ചെറിയ കുഞ്ഞ് പച്ച സ്നോസ്യൂട്ടിൽ പൊതിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ചു. പിന്നീട് പൊലീസ് എത്തി കുഞ്ഞിനെ എടുക്കുകയും ശേഷം ശിശു സംരക്ഷണ വിഭാ​ഗത്തിന് കൈമാറുകയും ചെയ്തു. 

ആ കുഞ്ഞായിരുന്നു ടൈറ പേൾ. അവൾ ഹോപ്‍കിൻസിന്റെ പഴയ പോസ്റ്റ് കണ്ടതിന് പിന്നാലെ തന്റെ സഹോദരന്റെ സഹായത്തോടെ ആ ദമ്പതികളെ തിരഞ്ഞെത്തുകയായിരുന്നു. ഒടുവിൽ 40 വർഷത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയും അവളുടെ രക്ഷകരും പരസ്പരം കണ്ടു. അതിവൈകാരികമായിരുന്നു ആ രം​ഗം. ഒപ്പം ബോബ് ഹോപ്‍കിൻസിനെയും ബോബ് വിസ്നന്തിനേയും സംബന്ധിച്ച് സർപ്രൈസും സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒന്നായി ഈ കണ്ടുമുട്ടൽ മാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!