ട്രെയിനിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ അണ്ണാരക്കണ്ണന്മാർ ആളുകളെ കണ്ടതോടെ പരിഭ്രാന്തരാവുകയായിരുന്നു. ആ ഓട്ടപ്പാച്ചിലിൽ യാത്രക്കാരും പരിഭ്രാന്തരായി.
സാങ്കേതിക തകരാറുകൾ മൂലവും മാനുഷിക ഇടപെടലുകൾ മൂലവും മറ്റും ട്രെയിനുകളും വിമാനങ്ങളും അടക്കമുള്ള വിവിധ ഗതാഗതസേവനങ്ങൾ പെട്ടെന്ന് റദ്ദാക്കുന്നത് സാധാരണമാണ്. എന്നാൽ, ഇതാദ്യമായിരിക്കാം രണ്ട് അണ്ണാരക്കണ്ണൻമാരുടെ പിടിവാശി മൂലം ഒരു ട്രെയിൻ സർവീസ് റദ്ദാക്കുന്നത്. ബ്രിട്ടനിലാണ് സംഭവം. ട്രെയിനിൽ കയറിക്കൂടിയ രണ്ട് അണ്ണാരക്കണ്ണന്മാരാണ് പണി പറ്റിച്ചത്. ട്രെയിനിൽ നിന്ന് ഇവ പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ ഒടുവിൽ ട്രെയിൻ യാത്ര റദ്ദാക്കുകയായിരുന്നു.
ഈ വിചിത്രമായ സംഭവം ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ (ജിഡബ്ല്യുആർ) ബുധനാഴ്ച സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്, റീഡിംഗിൽ നിന്ന് ഗാറ്റ്വിക്ക് എയർപോർട്ടിലേക്കുള്ള 8:54 (0754 GMT) ട്രെയിൻ സർവീസാണ് അണ്ണാരക്കണ്ണന്മാർ കാരണം റദ്ദാക്കിയത്. നിർത്തിയപ്പോൾ അവയെ നീക്കം ചെയ്യാൻ ട്രെയിൻ ജീവനക്കാർ പലതവണ ശ്രമിച്ചിട്ടും ഒരു അണ്ണാൻ ഒരുതരത്തിലും സഹകരിച്ചില്ല. ഒടുവിൽ ട്രെയിൻ സർവീസ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു ജീവനക്കാർ.
ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ വക്താവ് പറയുന്നതനുസരിച്ച്, ട്രെയിനിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ അണ്ണാരക്കണ്ണന്മാർ ആളുകളെ കണ്ടതോടെ പരിഭ്രാന്തരാവുകയായിരുന്നു. ആ ഓട്ടപ്പാച്ചിലിൽ യാത്രക്കാരും പരിഭ്രാന്തരായി. ജീവനക്കാർ പലതരത്തിൽ ഇവയെ ട്രെയിനിനു പുറത്തു കടത്താൻ ശ്രമിച്ചെങ്കിലും സംഗതി നടന്നില്ല. ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെ ട്രെയിൻ മാനേജർ അവയെ ഒരു ക്യാബിനുള്ളിൽ പൂട്ടിയിട്ട് താൽക്കാലിക ആശ്വാസം കണ്ടെത്തി എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
കൗതുകകരമെന്നു പറയട്ടെ, ബ്രിട്ടീഷ് ട്രെയിനിൽ ഒരു മൃഗം അട്ടിമറി നടത്തുന്നത് ഇതാദ്യമായിരുന്നില്ല. ഡിസംബറിൽ, വെയ്ബ്രിഡ്ജിൽ നിന്ന് ലണ്ടൻ വാട്ടർലൂവിലേക്ക് പോകുന്ന ട്രെയിനിൽ സീറ്റിനടിയിൽ ഒളിച്ചിരുന്ന ഒരു മുള്ളൻപന്നി വാർത്തകളിൽ ഇടം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം