പ്ലാസ്റ്റിക് ആഹരിക്കുന്ന ബാക്ടീരിയയുടെ ബീജകോശങ്ങൾ സംയോജിപ്പിച്ച് സ്വയം നശിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള പ്ലാസ്റ്റിക്കാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്
സാൻഡിയാഗോ: പരിസ്ഥിതി പ്രശ്നങ്ങളിൽ എന്നും ഒന്നാം സ്ഥാനത്തുള്ള വില്ലനാണ് പ്ലാസ്റ്റിക്. വിവിധ രീതികൾ പരീക്ഷിച്ചിട്ടും പ്ലാസ്റ്റിക് ഉപയോഗം പൂർണമായി കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതിന് പരിഹാരമെന്ന രീതിയിലാണ് സ്വയം നശിപ്പിക്കാൻ കഴിയുന്ന രീതിയിലെ പ്ലാസ്റ്റിക്കിനെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലിനീകരണത്തിന് തടയിടാൻ സ്വയം ദഹിപ്പിക്കുന്ന ഈ പ്ലാസ്റ്റിക് പ്രധാന പങ്കുവഹിപ്പിക്കുമെന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്.
പോളിയൂറീൻ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിത്യോപയോഗ വസ്തുക്കൾ മുതൽ നമ്മുക്ക് ചുറ്റുമുള്ള മിക്ക വസ്തുക്കളിലും ഉപയോഗിക്കുന്നുണ്ട്. ഇവയെ പുനരുപയോഗിക്കൽ ഏറെ ബുദ്ധിമുട്ടായതിനാൽ പലപ്പോഴും ഇവ സ്ഥലം നിരത്തുന്നതിനും മറ്റുമായി ഉപയോഗിക്കുന്നുണ്ട്. പ്രകൃതിക്ക് ഇവ ഏറെ ദോഷകരമാണെന്നിരിക്കെയാണ് ഇത്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ആഹരിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിർമ്മാണ് ബദൽ മാർഗമായി ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്.
കേൾക്കുമ്പോൾ സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും സംഭവം പ്രാക്ടിക്കലെന്നാണ് സാൻഡിയാഗോയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ വിശദമാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന് സ്വാഭാവികമായുള്ള പരിഹാര രീതിയാണ് ഇതെന്നാണ് ഗവേഷകനായ ഹാൻ സോൾ കിം വിശദമാക്കുന്നത്. പ്ലാസ്റ്റിക് ആഹരിക്കുന്ന ബാക്ടീരിയയുടെ ബീജകോശങ്ങൾ സംയോജിപ്പിച്ച് സ്വയം നശിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള പ്ലാസ്റ്റിക്കാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാക്ടീരിയയെ ഉപയോഗിക്കുന്നത് മൂലം പ്ലാസ്റ്റിക്കിന്റെ കാഠിന്യം വർധിക്കുമെന്നുമാണ് ഗവേഷകർ വിശദമാക്കുന്നത്.
പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സമയത്ത് ഈ ബാക്ടീരിയയുടെ ബീജ കോശങ്ങൾ നിർജീവമായിരിക്കും. എന്നാൽ ഇവ ഉപേക്ഷിക്കപ്പെടുകയും മണ്ണിലെ പോഷകങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ സജീവമാകുന്ന രീതിയിലാണ് ഈ പ്ലാസ്റ്റിക് നിർമ്മാണം. ഇത്തരത്തിൽ സജീവമാകുന്ന ബാക്ടീരിയുടെ ജീവകോശങ്ങൾ പ്ലാസ്റ്റിക് ദഹിപ്പിക്കുന്നു. പ്രകൃതിയിലെ പ്ലാസ്റ്റിക് മലിനീകരണം ഒരു പരിധി വരെയെങ്കിലും ലഘൂകരിക്കാൻ ഇത്തരത്തിൽ കഴിയുമെന്ന പ്രതീക്ഷയാണ്ഗവേഷകനായ ഹാൻ സോൾ കിം പങ്കുവയ്ക്കുന്നത്. തങ്ങളുടെ കണ്ടെത്തൽ പ്രാഥമിക ഘട്ടത്തിലാണെന്നും എന്നാൽ ഒരു നിർമ്മാതാവിന്റെ സഹായത്തോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷക സംഘം വിശദമാക്കുന്നത്.
ബാസിലസ് സബ്‌റ്റിലിസ് എന്ന ബാക്ടീരിയ ഇനത്തിലുള്ളയുടെ ജീവകോശങ്ങളാണ് പ്ലാസ്റ്റിക് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് നിർമ്മാണ ഘട്ടത്തിലെ ഉയർന്ന താപനിലയെ അതിജീവിക്കുന്ന തരത്തിലേക്ക് ബാക്ടീരിയകളെ ജനിതകമായി രൂപകൽപ്പന ചെയ്തവ ആയിരിക്കണമെന്നതാണ് നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ പരമ്പരാഗത പ്ലാസ്റ്റിക്കുകൾക്ക് ബയോഡീഗ്രേഡബിൾ ബദൽ വികസിപ്പിക്കുക എന്ന ആശയത്തിന് വലിയ രീതിയിൽ പ്രോത്സാഹനം ഇതുവരെയും ലഭിച്ചിട്ടില്ല. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലതെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള ആഗോള ഉടമ്പടി അംഗീകരിക്കാൻ ലക്ഷ്യമിട്ടുള്ള യുഎൻ ചർച്ചകളുടെ അവസാന ഘട്ടം കാനഡയിൽ നടന്നത് അടുത്തിടെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം