11,13 വയസുള്ള മൂന്ന് പെണ്‍കുട്ടികൾ, തട്ടിക്കൊണ്ടുപോയി എന്ന് ഫോൺ, എല്ലാം ബിടിഎസ് അം​ഗങ്ങളെ കാണാനുള്ള നാടകം 

By Web Desk  |  First Published Dec 31, 2024, 10:03 AM IST

പെൺകുട്ടികളിൽ ഒരാൾക്ക് 11 വയസും മറ്റ് രണ്ടുപേർക്ക് 13 വയസുമാണ്. ധാരാശിവ് ജില്ലയിൽ നിന്നുള്ളവരാണ് മൂന്നുപേരും. ദക്ഷിണ കൊറിയയിലേക്ക് പോകാനും തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് ബാൻഡ് അംഗങ്ങളെ കാണാനും പണം ആവശ്യമാണ് എന്ന് മൂന്നുപേർക്കും തോന്നി.


ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന് വൻ ആരാധകരാണ് ലോകമെമ്പാടുമായിട്ടുള്ളത്. കുട്ടികളും യുവാക്കളുമാണ് അതിൽ ഭൂരിഭാ​ഗം. ബിടിഎസ് അം​ഗങ്ങളോടുള്ള ആരാധന കാരണം അവരെ കാണാൻ വേണ്ടി കൊതിച്ചിരിക്കുന്നവരും അനേകങ്ങളാണ്. എന്തായാലും, അതുപോലെ മഹാരാഷ്ട്രയിൽ നിന്നുള്ള 15 -ൽ താഴെ മാത്രം പ്രായമുള്ള മൂന്ന് പെൺകുട്ടികൾ തങ്ങളുടെ ആരാധനാപാത്രങ്ങളെ കാണാൻ സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആവിഷ്കരിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്. 

പെൺകുട്ടികളിൽ ഒരാൾക്ക് 11 വയസും മറ്റ് രണ്ടുപേർക്ക് 13 വയസുമാണ്. ധാരാശിവ് ജില്ലയിൽ നിന്നുള്ളവരാണ് മൂന്നുപേരും. ദക്ഷിണ കൊറിയയിലേക്ക് പോകാനും തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് ബാൻഡ് അംഗങ്ങളെ കാണാനും പണം ആവശ്യമാണ് എന്ന് മൂന്നുപേർക്കും തോന്നി. അങ്ങനെ, അതിന് ആവശ്യമായ പണം സമ്പാദിക്കാൻ വേണ്ടി അവർ ആദ്യം പൂനെയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത് എന്നാണ് ഒമേർഗ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.

Latest Videos

ഡിസംബർ 27 -നാണ് ധാരാശിവ് പൊലീസിലെ ഹെൽപ്‍ലൈൻ നമ്പറിലേക്ക് ഒരു ഫോൺകോൾ വരുന്നത്. ഒമേർഗ താലൂക്കിൽ നിന്ന് മൂന്ന് പെൺകുട്ടികളെ സ്‌കൂൾ വാനിൽ ബലമായി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിളിച്ചിരുന്നവർ പറഞ്ഞത്. പൊലീസ് അന്വേഷിച്ചപ്പോൾ മനസിലായത് ഫോൺ വന്നിരിക്കുന്നത് ഒമേർഗയിൽ നിന്ന് പൂനെയിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ നമ്പറിൽ നിന്നാണ് എന്നാണ്. സോലാപൂർ ജില്ലയിലെ മൊഹോൾ മേഖലയിലൂടെ കടന്നുപോവുകയായിരുന്നു ബസ്. 

മൊഹോൾ ബസ് സ്റ്റാൻഡിൽ കട നടത്തുന്ന ഒരു സ്ത്രീയുടേതായിരുന്നു നമ്പർ. ഒമേർഗ പൊലീസ് സ്ത്രീയുമായി ബന്ധപ്പെട്ടു. തുടർന്ന് അവരുടെ സഹായത്തോടെ മൂന്ന് പെൺകുട്ടികളെയും ബസിൽ നിന്ന് ഇറക്കി ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട്, പൊലീസും പെൺകുട്ടികളുടെ മാതാപിതാക്കളും ആ പൊലീസ് സ്റ്റേഷനിലെത്തി. 

പിറ്റേദിവസം, പൊലീസ് വിശദമായി പെൺകുട്ടികളെ ചോദ്യം ചെയ്തു. അപ്പോഴാണ്, തങ്ങൾ പൂനെയിലേക്ക് പോവുകയായിരുന്നു എന്ന് പെൺകുട്ടികൾ പറഞ്ഞത്. അവിടെ ജോലി ചെയ്ത് പണം സമ്പാദിച്ച ശേഷം ആ പണമുപയോ​ഗിച്ച് ദക്ഷിണ കൊറിയയിലേക്ക് പോകാനും തങ്ങളുടെ പ്രിയപ്പെട്ട ബിടിഎസ് അം​ഗങ്ങളെ കാണാനുമായിരുന്നു പദ്ധതി എന്നും പെൺകുട്ടികൾ സമ്മതിച്ചു. 

(ചിത്രം പ്രതീകാത്മകം)

'ചിലപ്പോൾ ഇത് വേണ്ടി വരും'; പുഴ ​ഗതി മാറി ഒഴുകിയപ്പോൾ നിർമ്മിച്ച പാലം, വീഡിയോ പങ്കുവച്ച് ഐഎഫ്‍എസ് ഓഫീസർ‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!