അളവറ്റ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ 2018 മുതൽ ബുൾഡോസറുകൾ കയറിയിറങ്ങുകയാണ്. ഉപഗ്രഹചിത്രങ്ങളിൽ അത് വ്യക്തവുമാണ്. പ്രസിഡന്‍റ് അബ്ദുള്‍ ഗാനിയുടെ കാലത്താണ് താലിബാന്‍ ഈ സ്വര്‍ണ ശേഖരത്തിനുള്ള ആദ്യശ്രമങ്ങള്‍ തുടങ്ങിയതെന്ന് അളകനന്ദ ആര്‍ എഴുതുന്നു.
1978 -ലാണ് ക്രിസ്തുവിന്‍റെ കാലത്തിനും മുമ്പുള്ള സ്വർണശേഖരം അഫ്ഗാനിസ്ഥാനില്‍ നിന്നും റഷ്യന്‍ സംഘം കണ്ടെത്തിയത്. പക്ഷേ, അതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ കണ്ടെത്തിയ ആ അമൂല്യമായ സ്വർണശേഖരം അപ്രത്യക്ഷമായെന്ന് റിപ്പോർട്ട് ചെയ്തു. സര്‍ണ ശേഖരം മോസ്കോയിലെത്തിച്ചോ, അതോ മറ്റെവിടേയ്ക്കെങ്കിലും കടത്തിയോ ഒന്നും വ്യക്തമല്ലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ സ്വര്‍ണ ശേഖരം കണ്ടെത്തി, സുരക്ഷിതമാക്കി. അടുത്തകാലത്തായി പുറത്ത് വച്ച ചില ഉപഹഗ്രഹ ചിത്രങ്ങള്‍ അഫ്ഗാന്‍റെ ആ ആളവറ്റ സ്വര്‍ണ ശേഖരം കൊള്ളയടിക്കുന്നുവെന്ന് തെളിവ് നല്‍കുന്നു. അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്ന് താലിബാന്‍, രാജ്യാന്തര സമൂഹത്തോട് വാക്കാല്‍ പറയുന്നു.
undefined
2001 -ൽ ആദ്യത്തെ വരവില്‍ താലിബാൻ അഫ്ഗാനിസ്ഥാനിലെ ബാമിയൻ ബുദ്ധപ്രതിമകൾ തകർത്തത് അവരുടെ നയം വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു. 'ഇസ്ലാമികമല്ലാത്ത കലാരൂപങ്ങൾക്ക് താലിബാൻ ഭരണത്തില്‍ സ്ഥാനമില്ല എന്ന നയം'. രാജ്യത്തെ എല്ലാ പുരാവസ്തു ശേഖരങ്ങളും ആസൂത്രിതമായി തന്നെ അന്ന് നശിപ്പിക്കപ്പെട്ടു. അതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ താലിബാന്‍ നിയോഗിച്ചു. 2,500 കലാസൃഷ്ടികളെങ്കിലും അന്ന് തകർത്തു എന്നാണ് നിഗമനം. പക്ഷേ, ഇതിനെയെല്ലാം അതിജീവിച്ച്, ഒരു സംഘം രാജ്യത്തെ ഏറ്റവും വിലയേറിയ സ്വർണശേഖരം കാത്തുസൂക്ഷിച്ചു. താലിബാന്‍റെ പീഡനങ്ങൾ ചെറുത്ത് നിന്നത് അന്നത്തെ മ്യൂസിയം ഡയറക്ടർ ഒമര്‍ ഖാന്‍ മസൂദി (Omar Khan Massoudi) ഉൾപ്പെടുന്ന അഞ്ചംഗസംഘമായിരുന്നു അത്. മ്യൂസിയത്തിലായിരുന്ന ശേഖരം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് മാറ്റിയത് അന്നത്തെ പ്രസിഡന്‍റ് മുഹമ്മദ് നജീബുള്ളയുടെ (Mohammad Najibullah)യുടെ കാലത്താണ്.
കരുത്ത് കൂട്ടാന്‍ നാറ്റോ, ആര്‍ട്ടിക്കില്‍ സാന്നിധ്യം ശക്തമാക്കാന്‍ ചൈനയും റഷ്യയും
അഫ്ഗാനിസ്ഥാനിലെ അളവറ്റ സ്വര്‍ണ ശേഖരം
1989 -ലെ സോവിയറ്റ് പിൻമാറ്റത്തിന് ശേഷം യുദ്ധവും താലിബാന്‍റെ ഭരണവും ഒക്കെയായി രാജ്യം തകർന്നിരുന്നു. അന്ന് രാജ്യത്തിന്‍റെ സമ്പത്ത് മിക്കതും കൊള്ളയടിക്കപ്പെട്ടു. കാബൂൾ മ്യൂസിയം നിൽക്കുന്ന സ്ഥലം പല മുജാഹിദീൻ സംഘങ്ങൾ പലതവണകള്‍ പിടിച്ചടക്കി. ഓരോ തവണയും കീഴടക്കപ്പെട്ടതിന് പിന്നാലെ അത് കൊള്ളയടിക്കപ്പെട്ടു. 1990 -കൾ ആയപ്പോഴേക്കും ഏതാണ്ട് 70 ശതമാനം പുരാവസ്തു ശേഖരവും മ്യൂസിയത്തില്‍ നിന്നും അപ്രത്യക്ഷമായി. കുറേയെറേ വിറ്റു, മറ്റ് ചിലത് തകർത്തു, കുറച്ചെങ്കിലും വിറകിന് പകരം അടുപ്പുകളില്‍ കത്തിയമര്‍ന്നുവെന്നാണ് അക്കാലത്ത് പുറത്ത് വന്നിരുന്ന റിപ്പോർട്ട്. സംഘര്‍ഭരിതമായ ഈ കാലത്തിനിടെയില്‍ സ്വർണശേഖരവും അപ്രത്യക്ഷമായി. അത് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലുണ്ടെന്ന് സംശയിച്ച് പല തവണ താലിബാനും മറ്റ് ആയുധാധാരികളായ സംഘങ്ങളും കൊട്ടാരത്തിൽ കടന്നുകയറി പരിശോധിച്ചു. മ്യൂസിയം ഡയറക്ടറെയടക്കം ഭീഷണിപ്പെടുത്തി.
പക്ഷേ, 5 പേരുടെ കൈയിലുള്ള 5 താക്കോലുകൾ വച്ച് മാത്രം തുറക്കാവുന്ന ഒരു നിലവറയിൽ ആ അമൂല്യമായ സ്വർണ ശേഖരം ഭദ്രമായിരുന്നു. അതിലൊരാളായിരുന്നു മ്യൂസിയം ഡയറക്ടർ മസൂദി. ആ അഞ്ച് പേര്‍ തമ്മിലൊരു രഹസ്യ ധാരണയുണ്ടായിരുന്നു. അതിലൊരാൾ മരിച്ചാൽ മൂത്ത മകന് താക്കോൽ കൈമാറും, മറ്റാർക്കും അത് നൽകില്ല. അങ്ങനെ വർഷങ്ങൾ കടന്നുപോയി. 2003 ലാണ് 22,000 ത്തോളം വരുന്ന സ്വർണവും സ്ഫടികവുമടങ്ങുന്ന വിലപ്പെട്ട ശേഖരം സുരക്ഷിതമെന്ന് ലോകമറിയുന്നത്. പ്രസിഡന്‍റ് ഹമീദ് കർസായിയുടെ കാലത്ത്. അന്നത്തെ ധനകാര്യമന്ത്രി അഷ്റഫ് ഗാനി, അമീറുദ്ദീന്‍ അസ്കര്‍സായി എന്ന കാഷ്യറെ ഉൾപ്പടെ സെൻട്രൽ ബാങ്ക് ജീവനക്കാരെ ആദരിച്ചു. നിലവറ രഹസ്യം പുറത്ത് പറയാതിരുന്നതിന്. താലിബാൻ അവരെ തല്ലി ബോധം കെടുത്തിയിട്ടും രഹസ്യം ആ അഞ്ച് പേരും പുറത്ത് പറഞ്ഞില്ല.
സ്വര്‍ണ ശേഖരം കണ്ടെത്തുന്നു
അഫ്ഗാനിസ്ഥാനിലെ സ്വർണക്കുന്ന് (Golden Hill) എന്നർത്ഥമുള്ള 'ടില്യ ടെപ്പെ' (Tillya Tepe)-ലാണ് ഈ സ്വർണശേഖരം ആദ്യം കണ്ടെത്തിയത്. ചൈനയും ഇന്ത്യയും മെഡിറ്ററേനിയൻ രാജ്യങ്ങളും തമ്മില്‍ പുരാതനകാലത്ത് വാണിജ്യപാത ഉണ്ടായിരുന്ന പ്രദേശമായിരുന്നു അത്. പഴയ സിൽക്ക് റൂട്ട് ( Silk Route)വഴി. പുരാതനമായ ബാക്ട്രിയ (Bactria) എന്ന സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന ഇന്നത്തെ അഫ്ഗാനിസ്ഥാൻ. ബാക്ട്രിയ എന്ന നഗരമുൾപ്പെടുന്ന ഹിന്ദുക്കുഷ്, പാമിർ മലനിരകളുടെ ഇടയിലെ ദേശം. അമു ദരിയ (Amu Darya) നദീതടപ്രദേശം. ഇന്നത്തെ തുർക്മെനിസ്ഥാനും തജികിസ്ഥാനും അടങ്ങുന്ന പ്രദേശം. പേർഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം അലക്സാണ്ടർ കീഴടക്കി. റോക്സാന (Roxana)എന്ന ബാക്ട്രിയന്‍ യുവതിയെ അലക്സാണ്ടർ വിവാഹം കഴിച്ചു. അലക്സാണ്ടറിന് പിന്നാലെ അദ്ദേഹത്തിന്‍റെ ജനറൽമാർ ദേശത്തെ വീതിച്ചെടുത്തു. നൂറ്റാണ്ടുകള്‍ക്ക് ശേഷം കുഷാന്‍ (Kushan) സാമ്രാജ്യത്തിന്‍റെ കീഴിലായിരുന്നു ഈ ദേശം. കനിഷ്ക ചക്രവർത്തിയുടെ കീഴില്‍ പ്രദേശത്തേക്ക് ബുദ്ധമതം വ്യാപിക്കുന്നു. ഗാന്ധാര ദേശത്തെയും അതായത് ഇന്നത്തെ പാകിസ്താൻ, ഇന്ത്യയിലെ മഥുര ദേശത്തെയും കലാപീഠങ്ങൾ വികസിച്ചതും അക്കാലത്താണ്. കുശാന സാമ്രാജ്യം വടക്കേ ഇന്ത്യയോളം വ്യാപിച്ച കാലം.
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള, ഗ്രീക്ക് പേർഷ്യൻ സംസ്കാരങ്ങളുടെ സംഗമഭൂമിയായ പുരാതന ബാക്ട്രിയയെ കുറിച്ച് കൂടുതല്‍ അറിയാനാണ് സോവിയറ്റ് - അഫ്ഗാൻ പുരാവസ്തു ഗവേഷകരുടെ സംഘം ഇവിടെയെത്തിയത്. ക്രിസ്തുവിന്‍റെ ജനന സമയത്ത് മരിച്ചെന്ന് കരുതപ്പെടുന്ന സമ്പന്നരുടെ ശവകുടീരങ്ങൾ ഗവേഷക സംഘം പ്രദേശത്ത് കണ്ടെത്തി. ഈ ആറ് ശവകുടീരങ്ങളുടെ അറകളിലാണ് അമൂല്യമായ സ്വർണശേഖരവും സൂക്ഷിച്ചിരുന്നത്. പലതും ചുരുട്ടിമടക്കി എടുക്കാവുന്ന ഹാരങ്ങളും വളകളുമായിരുന്നു. കിരീടം, ഹാരങ്ങൾ, സ്വർണം തുന്നിച്ചേർത്ത വസ്ത്രങ്ങൾ, രാജ്ഞിയുടെ കിരീടം, സ്വർണപാദുകങ്ങൾ അങ്ങനെ വിലമതിക്കാനാവാത്ത പലതുമുണ്ടായിരുന്നു ആ ശേഖരത്തില്‍. അന്നത്തെ പുരാവസ്തു ഗവേഷക സംഘം ആ സ്വര്‍ണ ശേഖരം മുഴുവൻ കാബൂളിലെത്തിച്ച് മ്യൂസിയത്തിന് കൈമാറി. പിന്നാലെ ഒരു വർഷത്തിനകം സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ കീഴടക്കി. അന്ന് അപ്രത്യക്ഷമായതാണ് 2003 -ൽ വീണ്ടും കണ്ടെത്തിയ ആ സ്വര്‍ണ ശേഖരം. പല രാജ്യങ്ങളിൽ പിന്നീടാ സ്വര്‍ണശേഖരം പ്രദർശിപ്പിച്ചു. ഇന്നതിന്‍റെ ആസ്ഥാനം എവിടെയെന്ന് വ്യക്തമല്ല. ഇപ്പോഴും രാജ്യത്തിന്‍റെ അമൂല്യമായ പല സമ്പത്തുകളും കൊള്ളയടിക്കപ്പെടുന്നു എന്നതാണ് വസ്തുത. അതില്‍ പുരാവസ്തുക്കളും പ്രകൃതിധാതുക്കളും അടങ്ങുന്നു.
താലിബാൻ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ അവർ നൽകിയ വാക്ക്, രാജ്യത്തെ എല്ലാ സംസ്കാരങ്ങളും പൈതൃക സമ്പത്തും സംരക്ഷിക്കപ്പെടുമെന്നാണ്. മറ്റൊരു ബാമിയൻ (Bamyan) ഇനി ഉണ്ടാവില്ലെന്നും. പക്ഷേ, മറിച്ചാണ് സംഭവിക്കുന്നത്. ബാല്‍ഖ് (Balkh) എന്ന ഇന്നത്തെ പ്രദേശമാണ് പണ്ടത്തെ ബാക്ട്രിയന്‍ (Bactrian) സാമ്രാജ്യത്തിന്‍റെ ഹൃദയഭൂമി. അലക്സാണ്ടറിന്‍റെ സാമ്രാജ്യത്തിന്‍റെയും കേന്ദ്രസ്ഥാനം. ബാൽകിലെ പൈതൃകസ്ഥാനങ്ങളാണ് ഇപ്പോൾ കൊള്ളയടിക്കപ്പെടുന്നത്. 2018 മുതൽ ബുൾഡോസറുകൾ കയറിയിറങ്ങുകയാണ് ഈ മേഖലയിൽ. ഉപഗ്രഹചിത്രങ്ങളിൽ അത് വ്യക്തവുമാണ്. പ്രസിഡന്‍റ് അബ്ദുള്‍ ഗാനിയുടെ കാലത്ത് താലിബാന്‍ തുടങ്ങിയതാണിത്. അന്നേ ഗനി സർക്കാരിന് കാബൂളിന് പുറത്ത് സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തവുമല്ല. പക്ഷേ, ഒന്നും നടക്കുന്നില്ല എന്നാണ് താലിബാൻ സർക്കാരിന്‍റെ വാദം. ആർക്കും ഒന്നും ചെയ്യാനുമാകില്ല. പുരാവസ്തു ഗവേഷകരും പുറംനാടുകളിൽ ജീവിക്കുന്ന അഫ്ഗാനികളും രാജ്യത്തെ സഹ്രാബ്ദങ്ങള്‍ പഴക്കമുള്ള സമ്പത്ത് ചോരുന്നത് നിസഹായരായി കണ്ട് നില്‍ക്കേണ്ടിവരുന്നു.
യുദ്ധം ചെയ്യുന്ന രണ്ട് ബീഗങ്ങള്‍, ഒരാള്‍ അധികാരക്കസേരയില്‍, മറ്റേയാള്‍ ജയിലില്‍!