ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്’ ബ്രേക്കുമായി ഇന്ത്യൻ കമ്പനി, കയ്യടിച്ച് നെറ്റിസൺസ്

By Web TeamFirst Published Oct 11, 2024, 9:57 PM IST
Highlights

കമ്പനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് അനുസരിച്ച്, ഈ വർഷം കമ്പനി നൽകുന്ന തുടർച്ചയായ നാലാമത്തെ ഇടവേളയാണ് ഇത്.

കോർപ്പറേറ്റ് ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട നിരവധി നിരാശാജനകമായ സംഭവങ്ങളാണ് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് തൊഴിൽ സ്ഥാപനങ്ങൾ അധികം വില കൽപ്പിക്കാത്ത ഈ കാലത്ത് അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സമീപനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ഇന്ത്യൻ കമ്പനി. 

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ആണ് മാതൃകാപരമായ ഈ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടുന്നത്. 2024 -ലെ വിജയകരമായ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്‘ ബ്രേക്ക് പ്രഖ്യാപിച്ചാണ് മീഷോ ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 

Latest Videos

ഒക്ടോബർ 26 മുതൽ നവംബർ 3 വരെ, ജീവനക്കാർ വർക്ക് കോളുകൾ, സന്ദേശങ്ങൾ, മീറ്റിംഗുകൾ എന്നിവയിൽ നിന്ന് മുക്തരായിരിക്കും. മീഷോയുടെ ഈ തീരുമാനം സോഷ്യൽ മീഡിയയിൽ, മാറേണ്ടുന്ന തൊഴിൽ സംസ്കാരത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ജീവനക്കാരുടെ വർക്ക് ലൈഫ് ബാലൻസിന് മുൻഗണന നൽകിയതിന് നിരവധിപ്പേർ മീഷോയെ പ്രശംസിച്ചു.

കമ്പനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് അനുസരിച്ച്, ഈ വർഷം കമ്പനി നൽകുന്ന തുടർച്ചയായ നാലാമത്തെ ഇടവേളയാണ് ഇത്. അപ്‌ഡേറ്റ് പങ്കിട്ടുകൊണ്ട് കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ‘ലാപ്‌ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാൻഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്‌ടോബർ 26 മുതൽ നവംബർ 3 വരെയുള്ള ഞങ്ങളുടെ തുടർച്ചയായ നാലാമത്തെ ‘റീസെറ്റ് ആൻ്റ് റീചാർജ്‘ ഇടവേളയിലേക്ക് ഞങ്ങൾ പോകുന്നു". 

വിജയകരമായ വിൽപ്പനയെ തുടർന്ന് ജീവനക്കാർക്കുള്ള പ്രതിഫലമാണ് ഈ ഇടവേളയെന്നും പോസ്റ്റിൽ പറയുന്നുണ്ട്. വരും വർഷങ്ങളിൽ ജീവനക്കാരെ കൂടുതൽ ഊർജ്ജത്തോടെ ജോലി ചെയ്യാൻ ഇത് സഹായിക്കും എന്നും കമ്പനി വക്താക്കൾ കൂട്ടിച്ചേർത്തു.

tags
click me!