തനിക്ക് പണം അത്യാവശ്യമുണ്ടെന്നും എന്നെങ്കിലും തിരിച്ച് തരാമെന്നും കത്തെവുതിയ കള്ളന്‍, ഇനി പണം തിരിച്ച് തരാന്‍ പറ്റിയില്ലെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് എഴുതി.
മധ്യപ്രദേശിലെ ഖാർഗോണിൽ ഒരു കട കൊള്ളയടിക്കാൻ കയറിയ കള്ളൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കട ഉടമയോട് ക്ഷമ ചോദിച്ച് കൊണ്ട് ഒരു ക്ഷമാപണക്കത്ത് കടയിൽ എഴുതി വച്ചതിന് ശേഷമാണ് ഇയാൾ 2.46 ലക്ഷം രൂപ കൊള്ളയടിച്ച് കടന്ന് കളഞ്ഞത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതോടെ ഇത് വല്ലാത്തൊരു ധാർമ്മിക ബോധമായിപ്പോയിയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. ഇങ്ങനെയൊരു മാന്യനായ കള്ളൻ വേറെ കാണില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
ഏപ്രിൽ 6 -ന് നടന്ന രാമനവമി ആഘോഷത്തിന് ഇടയിലാണ് ഈ മോഷണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഖാർഗോണിലെ ജമീന്ദർ മൊഹല്ലയിലെ ജുജാർ ബൊഹ്‌റയുടെ കടയാണ് കൊള്ളയടിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം ബൊഹ്‌റ കട തുറന്നപ്പോൾ മാത്രമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. കടയിൽ നിന്നും കള്ളന്‍റെ ക്ഷമാപണക്കത്തും ഇദേഹത്തിന് ലഭിച്ചു. ഇത് ആദ്യമായല്ല ഈ കടയിൽ മോഷണം നടക്കുന്നത്. ഈദ് ദിനത്തിൽ നടന്ന മോഷണത്തിൽ 85,000 രൂപ ഇതേ കടയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. എന്ത് തന്നെയായാലും ഈ മോഷണത്തെ വൈറലാക്കിയത് കള്ളന്‍റെ ക്ഷമാപണ കത്താണ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താൻ കടയിൽ നിന്നും മോഷണം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നു എന്നാണ് കള്ളൻ കത്തിൽ അവകാശപ്പെട്ടത്. ആറ് മാസത്തിനുള്ളിൽ മോഷ്ടിച്ച തുക തിരികെ നൽകുമെന്നും കത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. താൻ കടം മേടിച്ചവർ അത് തിരികെ നൽകിയില്ലെന്നും അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു മോഷണം നടത്തിയതെന്നും കള്ളൻ പറയുന്നു. കടയുടമയെ തനിക്ക് നന്നായി അറിയാമെന്നും പിന്നീട് എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ താൻ തയ്യാറാണെന്നും ഇയാൾ കത്തില്‍ എഴുതി. 37,000 രൂപ കടയിൽ ഉപേക്ഷിച്ചതിന് ശേഷമാണ് 2.46 ലക്ഷം രൂപ മാത്രം ഇയാൾ എടുത്തത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കള്ളനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.