തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനാണ് താൻ ഈ മോഷണം നടത്തിയത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ.
ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയത്തിൽ മോഷണം നടത്താനിരുന്ന കള്ളന്റെ ശ്രമം വിജയിച്ചില്ല. ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിലാണ് കള്ളൻ കയറിയത്. ഇവിടെ നിന്നും ഗുപ്ത കാലഘട്ടത്തിലെ പുരാവസ്തുക്കളാണ് ഇയാൾ ചാക്കിൽ കെട്ടി കടത്താൻ ശ്രമിച്ചത്. എന്നാൽ, എല്ലാം കൊണ്ട് അവിടെ നിന്നും കടന്നു കളയുന്നതിന് മുമ്പായി ഇയാൾ 25 അടി ഉയരമുള്ള മതിലിൽ നിന്നും വീണ് കാലൊടിഞ്ഞ് കിടക്കുകയാണ്.
മ്യൂസിയത്തിലെ സുരക്ഷാക്രമീകരണങ്ങൾ നിലവാരമില്ലാത്തതായിരുന്നു എന്നാണ് പൊലീസ് തന്നെ പറയുന്നത്. "ഇത്തരം അമൂല്യമായ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ നിലവാരമില്ലാത്തതായിരുന്നു. അലാറം സംവിധാനമില്ലായിരുന്നു. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല, ഡിവിആർ കണ്ടെത്താനായില്ല. വാതിലുകൾ ദുർബലമായിരുന്നു, ശക്തമായി തള്ളിയാൽ ആർക്കും എളുപ്പത്തിൽ അത് തുറക്കാമായിരുന്നു" എന്നാണ് ഡിസിപി (സോൺ-3) റിയാസ് ഇഖ്ബാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
ബിഹാറിലെ ഗയ സ്വദേശിയായ വിനോദ് യാദവ് എന്ന 49 -കാരനാണ് ആണ് പിടിയിലായത്. താൻ ഒരു ചെറുകിട കർഷകനാണ്. ആറ് മാസം മുമ്പ് നീറ്റ് പരീക്ഷക്കെത്തിയ ഒരാൾക്ക് കൂട്ടു വന്നിരുന്നു. അന്ന് മ്യൂസിയം സന്ദർശിച്ചിരുന്നു എന്നാണ് വിനോദ് യാദവ് പൊലീസിനോട് പറഞ്ഞത്.
തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനാണ് താൻ ഈ മോഷണം നടത്തിയത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ. ഇയാൾ മോഷ്ടിച്ചിരുന്ന പുരാവസ്തുക്കൾ വിറ്റാൽ ഇയാൾക്ക് 15 കോടി രൂപയെങ്കിലും കിട്ടുമെന്നാണ് പൊലീസ് പറയുന്നത്.