പുതുവത്സരവുമായി ബന്ധപ്പെട്ട് വില്പനക്കെത്തിയ ഇഷ്ടം പോലെ മദ്യമുണ്ടായിരുന്നു കടയിൽ. അങ്ങനെ വയറ് നിറയെ മദ്യപിച്ച യുവാവ് അധികം വൈകാതെ ഓഫായിപ്പോയി. പിറ്റേന്ന് രാവിലെ കടയിലെത്തിയ ജോലിക്കാരൻ കാണുന്നത് ബോധം മറഞ്ഞ് കിടക്കുന്ന യുവാവിനെയാണ്.
പലപല അബദ്ധങ്ങളും പറ്റുന്ന കള്ളന്മാരെ നമ്മൾ വാർത്തകളിലും വിവിധ വീഡിയോകളിലും ഒക്കെ കണ്ടിട്ടുണ്ടാവും. കള്ളന്മാർക്ക് പോലും ഇങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന് തമാശയും പറഞ്ഞുകാണും. തെലങ്കാനയിലെ ഒരു കള്ളനും അതുപോലെ കഴിഞ്ഞ ദിവസം ഒരു അബദ്ധം പറ്റി കയ്യോടെ പിടിയിലുമായി.
കനകദുർഗ വൈൻസിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മോഷ്ടിക്കാനായി ഓടുകൾ മാറ്റി കള്ളൻ കടയുടെ അകത്ത് കയറുകയായിരുന്നു. പിടിയിലാകാതിരിക്കാൻ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരുന്നു. ശേഷം ഇവിടെയുണ്ടായിരുന്ന ഡ്രോയറിൽ നിന്നും പണവും മോഷ്ടിച്ചു. എന്തിനേറെ പറയുന്നു സ്വന്തം സുരക്ഷയെ കരുതി ഹാർഡ് ഡിസ്ക്ക് വരെ സഞ്ചിയിലാക്കി. എന്നാൽ അവിടെയുണ്ടായിരുന്ന വൈവിധ്യമായ മദ്യക്കുപ്പികളുടെ പ്രലോഭനത്തിൽ നിന്നും സ്വയം രക്ഷിക്കാൻ കള്ളന് സാധിച്ചില്ല.
അങ്ങനെ കുപ്പിപൊട്ടിച്ച് കുടിക്കാൻ തുടങ്ങി യുവാവ്. പുതുവത്സരവുമായി ബന്ധപ്പെട്ട് വില്പനക്കെത്തിയ ഇഷ്ടം പോലെ മദ്യമുണ്ടായിരുന്നു കടയിൽ. അങ്ങനെ വയറ് നിറയെ മദ്യപിച്ച യുവാവ് അധികം വൈകാതെ ഓഫായിപ്പോയി. പിറ്റേന്ന് രാവിലെ കടയിലെത്തിയ ജോലിക്കാരൻ കാണുന്നത് ബോധം മറഞ്ഞ് കിടക്കുന്ന യുവാവിനെയാണ്. യുവാവിന് ചുറ്റുമായി വിവിധ മദ്യക്കുപ്പികളും പണവും എല്ലാം ചിതറിക്കിടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ജീവനക്കാർ വിവരമറിയിച്ച ഉടനെ പോലീസ് എത്തി. യുവാവിനെ രാമയ്യമ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ സബ് ഇൻസ്പെക്ടർ അഹമ്മദ് മൊഹിനുദ്ദീൻ പറഞ്ഞത് അമിതമായി മദ്യപിച്ച് ബോധമില്ലാത്തതിനാൽ തന്നെ യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ്. എന്തായാലും, ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.