നീലക്കിളിയെ വെട്ടിയ എക്‌സ്; എക്‌സിനെ വെട്ടാന്‍ ഇനിയാര്, ട്വിറ്റര്‍ സ്വയം വാര്‍ത്തയായ കഥ!

By Alaka Nanda  |  First Published Jul 31, 2023, 6:09 PM IST

ലോകത്ത് എന്ത് നടന്നാലും ആദ്യം വരിക ട്വിറ്ററില്‍ എന്നായി. 2009 -ലെ ഇറാന്‍ പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളാണ് മൂടി്വെക്കപ്പെട്ട വാര്‍ത്തകളെത്തിച്ചത്,


ടെക് രംഗത്തെ ഭീമന്‍മാരായ മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കടക്കം X പലതിനും ട്രേഡ്മാര്‍ക്കാണ്. വമ്പന്‍മാരല്ലാത്തവരും ഉണ്ട്. ഉപയോഗം വ്യത്യസ്തമാണ്. പക്ഷേ X പലതിനും ഉപയോഗിക്കാനാണ് മസ്‌കിന്റെ ശ്രമം. അത് പ്രശ്‌നമാകുമെന്നാണ് വിദഗ്ധപക്ഷം. കോടതി കയറിയിറങ്ങേണ്ടി വന്നാല്‍ മിച്ചമുണ്ടാവുക സമയനഷ്ടം, ധനനഷ്ടം.

 

Latest Videos

undefined

 

ചറപറാ എന്ന് അത്ര കഥയില്ലാത്തൊരു കാര്യം പറച്ചില്‍. ചെറുപക്ഷികള്‍ ചിലയ്ക്കുന്നത് പോലെ (Birds Twitter). നീലപക്ഷിയുമായി ട്വിറ്റര്‍ രൂപമെടുത്തത് ആ ചിന്തയില്‍നിന്നാണ്. ഇത്രയും ചേരുന്ന ഒരു പേരും, ചിഹ്നവും വേറെയുണ്ടായിരുന്നില്ല. ബ്രാന്‍ഡ് എന്ന നിലയില്‍ ട്വിറ്റര്‍ ആളുകളുടെ ഓര്‍മ്മയില്‍ നിന്നതും തഴച്ചുവളര്‍ന്നതും ആ നീലപ്പക്ഷിക്കൊപ്പമാണ്. 

പക്ഷേ ഇലോണ്‍ മസ്‌ക് എന്ന വ്യവസായിക്ക് അതൊന്നും പ്രശ്‌നമായിരുന്നില്ല. ഇംഗ്ലീഷിലെ എക്‌സ്  (X) എന്ന അക്ഷരത്തോട് കടുത്ത ആരാധനയുള്ള മസ്‌ക്, ട്വിറ്റര്‍ നാടകീയമായി കൈയടക്കിയ ശേഷം ഇപ്പോഴിതാ ആ നീലപക്ഷിയെ മായ്ച്ചു കളഞ്ഞു, ഒപ്പം പക്ഷിച്ചിലയ്ക്കലില്‍നിന്നും പറന്നുപൊന്തിയ ആ പേരും മാറ്റി.ട്വിറ്ററിനു പകരം X.  ഇത്രയും പ്രശസ്തമായ ബ്രാന്‍ഡിന്റെ പേര് ഒറ്റയടിക്ക് മാറ്റുന്നതിന് ഒരു ധൈര്യം വേണം. ഫലമെന്ത് എന്ന് ചിന്തിക്കാതെ അത് നടപ്പാക്കാനുള്ള ധൈര്യം. അത് വേണ്ടത്രയുണ്ട് മസ്‌കിന്.

 

പോഡ്കാസ്റ്റിംഗ് സംരംഭമായ ODEO -വിന്റെ സംഭാവനയാണ് ട്വിറ്റര്‍ എന്ന പേരും പക്ഷിയും. ഇപ്പോഴുള്ള പക്ഷിയായിരുന്നില്ല ആദ്യം. 15 ഡോളറിന് വാങ്ങിയ സ്റ്റോക് ഇമേജായിരുന്നു അന്ന്. കമ്പനികള്‍ക്ക് സ്റ്റോക് ഇമേജസ് ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ട് 2009-ല്‍ പുതിയ പക്ഷിയുടെ ചിത്രം വന്നു. ഒരു വര്‍ഷത്തിനുശേഷം അതൊന്നുകൂടി പരിഷ്‌കരിച്ചു, അങ്ങനെ ഇന്നത്തെ ലോഗോയിലെ നിലപക്ഷിയായി. 

ഇവാന്‍ വില്യംസ്, ബിസ് സ്‌റ്റോണ്‍, നോഹ് ഗ്ലാസ് എന്നീ സംരംഭകരുടേതായിരുന്നു ODEO. ബ്ലോഗര്‍ എന്ന ടൂളിന്റെ സ്രഷ്ടാവായിരുന്നു ഇവാന്‍ വില്യംസ്. 2004 -ലാണ് അദ്ദേഹം ODEO തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം ആപ്പിളിന്റെ പോഡ്കാസ്റ്റിംഗിനോട്  മത്സരിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍,  ഉടമകള്‍ പുതിയ സംരംഭങ്ങള്‍ക്കായി ജീവനക്കാരോട് നിര്‍ദ്ദേശങ്ങള്‍ ചോദിച്ചു. ജാക് ഡോര്‍സി എന്ന വെബ് ഡിസൈനറായ എന്‍ജിനിയറാണ്, സുഹൃത്തുക്കളുമായി ആശയവിനിമയത്തിന് ഒരു ചെറിയ പ്ലാറ്റ്‌ഫോം എന്ന ആശയം മുന്നോട്ടുവച്ചത്. അതിനു ട്വിറ്റര്‍ എന്ന പേര് മുന്നോട്ടുവച്ചത് നോഹ് ഗ്ലാസ്. ODEO -യുടെ നിക്ഷേപകര്‍ക്ക് അതില്‍ വലിയ താല്‍പര്യം കണ്ടില്ല. അങ്ങനെ ഇവാന്‍ വില്യംസ്, ODEO, TWITTER വാങ്ങിയെന്നാണ് ഒരു കഥ. അതല്ല, വില്യംസും ഗ്ലാസും ജാക് ഡോര്‍സിയും ചേര്‍ന്ന് വാങ്ങി എന്ന് മറ്റൊരു കഥ. ODEO കമ്പനിയെ Obvious Corp ആക്കിയ വില്യംസ് ഗ്ലാസിനെ പുറത്താക്കിയെന്നാണ് പറയപ്പെടുന്നത്. കാരണം വ്യക്തമല്ല.

 

 

ട്വിറ്റര്‍ അന്ന് പക്ഷേ വലിയ സംഭവമായിരുന്നില്ല. 2007 -ല്‍ ടെക്‌സസിലെ ടെക് കോണ്‍ഫ്രന്‍സിലാണ് ട്വിറ്റര്‍ ഹിറ്റായത്. അതോടെ കഥ മാറി. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട ഇവാന്‍ വില്യംസിന്റെ കൗശലമാണ് ODEO -യും ട്വിറ്ററും വാങ്ങിയതിന് പിന്നിലെന്ന് പറയുന്നവരുണ്ട്. ട്വിറ്ററിനായി ശക്തമായി വാദിക്കുകയും അതിനുവേണ്ടി ജാക് ഡോര്‍സിക്കും ഫ്‌ളോറിയന്‍ വെബിനുമൊപ്പം പണിയെടുക്കുകയും ചെയ്ത നോഹ് ഗ്ലാസിനെ പുറത്താക്കിയതും ഇതേ കൗശലമായിരിക്കാം. 

എന്തായാലും ടെക്‌സസ് കോണ്‍ഫ്രന്‍സിനുശേഷം Twitter Inc രൂപീകരിക്കപ്പെട്ടു. ജാക് ഡോര്‍സി സി ഇ ഒ ആയി. പക്ഷേ 2008-ല്‍ ഡോര്‍സിയെ പുറത്താക്കി വില്യംസ് തന്നെ സിഇഒ ആയി. അപ്പോഴും ട്വിറ്ററിന് വരുമാനം കമ്മിയായിരുന്നു. ഫേസ്ബുക്കിന് ലാഭം കിട്ടിത്തുടങ്ങി, ട്വിറ്റര്‍ പ്രൊമോട്ടഡ് ട്വീറ്റ്‌സ് ഇറക്കി, പ്രമോട്ടഡ് ട്രെന്‍ഡ്‌സും. 2009 -ല്‍ ഹോളിവുഡ് താരം Ashton Kutcher  10 ലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ട്വിറ്റര്‍ താരമായി. പതുക്കെ പരസ്യം കിട്ടിത്തുടങ്ങി. ട്വിറ്റര്‍ വാര്‍ത്തകളുടെ സ്രോതസായി, ആശയവിനിമയത്തിന്റെയും. 

2008 -ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക്ക് ഒബാമ എതിരാളിയായ മക്കെയ്‌നെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് എണ്ണത്തില്‍ കടത്തിവെട്ടി. സോഷ്യല്‍ മീഡിയ രാഷ്ട്രീയ പ്രചാരണങ്ങളില്‍ മുന്നിലെത്തുന്നതിന്റെ ആദ്യപടിയായി അത്. ലോകത്ത് എന്ത് നടന്നാലും ആദ്യം വരിക ട്വിറ്ററില്‍ എന്നായി. 2009 -ലെ ഇറാന്‍ പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളാണ് മൂടി്വെക്കപ്പെട്ട വാര്‍ത്തകളെത്തിച്ചത്, വിദേശമാധ്യമപ്രവര്‍ത്തകരെ വിലക്കിയിരുന്നു ഇറാന്‍ സര്‍ക്കാര്‍. അതോടെ സാമൂഹിക മാധ്യമങ്ങളുടെയും മാത്രമല്ല പരമ്പരാഗത മാധ്യമപ്രവര്‍ത്തകരല്ലാത്തവരുടേയും സാധ്യതയാണ് അടിവരയിട്ട് ഉറപ്പിക്കപ്പെട്ടത്; അതിന്റെ മറുവശം വേറെ ചിലതുണ്ടെന്നുള്ളത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞെങ്കിലും. 

പിന്നീട് നടന്ന പല രാഷ്ട്രീയ സംഭവവികാസങ്ങളിലും ട്വിറ്റര്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി. പ്രകൃതിദുരന്തങ്ങളില്‍ ഫണ്ട് ശേഖരണത്തിനും വലിയ രീതിയില്‍ ട്വിറ്റര്‍ ഉപകരിച്ചു. ട്വിറ്റര്‍ പബ്ലിക് കമ്പനിയായി. ജാക് ഡോര്‍സി തിരിച്ചെത്തി.

2017-ലാണ് ട്വിറ്റര്‍ ലാഭകരമായി തുടങ്ങിയതെന്നാണ് കണക്കുകള്‍ പറയുന്നത്. അപ്പോഴേക്ക് 330 മില്യനായിരുന്നു ഉപയോക്താക്കള്‍. 2022 -ല്‍ അത് മസ്‌കിന് വില്‍ക്കുന്നു എന്ന പ്രഖ്യാപനം വന്നു. തൊട്ടുപിന്നാലെ മസ്‌കിന്റെ പിന്‍മാറ്റപ്രഖ്യാപനവും. മസ്‌കിനെതിരെ നിയമനടപടിയായി. ഒടുവില്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങി. ഇപ്പോഴിതാ മസ്‌ക് ആ ബ്രാന്‍ഡ് തന്നെ തുടച്ചുനീക്കിയിരിക്കുന്നു. ചിലയ്ക്കുന്ന നീലപക്ഷി ഇനിയില്ല. പകരം വികാരരഹിതമായ X. അതിലെ കറുപ്പിന്റെ വീതി കൂട്ടിയും കുറച്ചും കളിക്കുകയാണ് മസ്‌ക്.


പേരുമാറ്റിയപ്പോള്‍ മസ്‌കിന്റെ കമ്പനിക്ക് @X എന്ന അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല.  2007 മുതല്‍ അത് Gene Hwang എന്ന സാന്‍ഫ്രാന്‍സിസ്‌കോ ഫോട്ടോഗ്രാറുടേതായിരുന്നു. മസ്‌കിന്റെ തീരുമാനം വന്നതോടെ ഹ്വാങിന് ഒരു മെയില്‍ വന്നു. X ഇനി ഹ്വാങിനല്ല, അത് മസ്‌ക് എടുക്കുന്നു എന്ന മെയില്‍. പകരം മറ്റേതെങ്കിലും പേര് കണ്ടെത്തിക്കോളണം, X ന്റെ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള ഓഫറും മുന്നോട്ടുവച്ചു കമ്പനി-അത്രതന്നെ. 

ആസ്ഥാനം സന്ദര്‍ശിക്കാന്‍ താത്പര്യമില്ല ഹ്വാങിന്, പക്ഷേ മസ്‌ക് എടുത്തുകളഞ്ഞ നീലപക്ഷിയെ കിട്ടുമോ എന്ന് ചോദിക്കുന്നുണ്ട്.  X എന്ന പേര് ട്രേഡ്മാര്‍ക്കാക്കിയ പല ടെക് കമ്പനികളുണ്ട്. അമേരിക്കയിലെ പേറ്റന്റ് ആന്റ് ടേഡ്ര്മാര്‍ക്ക് ഓഫീസ് ആണ് ട്രേഡ്മാര്‍ക്കുകള്‍ നിയന്ത്രിക്കുന്നത്. പരാതിക്കാര്‍ കോടതിയില്‍ പോകുന്നതും സാധാരണം. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, വേള്‍ഡ് റെസ്‌ലിംഗ് ഫെഡറേഷനെതിരെ കോടതിയില്‍ പോയത് WWF എന്ന ഇനിഷ്യലിന്റെ പേരിലാണ്. അതുപോലെയുമല്ല ഒറ്റയക്ഷരം ട്രേഡ്മാര്‍ക്കാകുന്നത് എന്നാണ് വിദഗ്ധപക്ഷം. ടെക് രംഗത്തെ ഭീമന്‍മാരായ മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കടക്കം X പലതിനും ട്രേഡ്മാര്‍ക്കാണ്. വമ്പന്‍മാരല്ലാത്തവരും ഉണ്ട്. ഉപയോഗം വ്യത്യസ്തമാണ്. പക്ഷേ X പലതിനും ഉപയോഗിക്കാനാണ് മസ്‌കിന്റെ ശ്രമം. അത് പ്രശ്‌നമാകുമെന്നാണ് വിദഗ്ധപക്ഷം. കോടതി കയറിയിറങ്ങേണ്ടി വന്നാല്‍ മിച്ചമുണ്ടാവുക സമയനഷ്ടം, ധനനഷ്ടം.

 

 

നീലപ്പക്ഷിയും ട്വിറ്ററും  മാറ്റി എക്‌സ് ആക്കിയ മസ്‌കിന്, എക്‌സിനോടുള്ള പ്രത്യേക താല്‍പര്യം പണ്ടേയുണ്ട്. ഓണ്‍ലൈന്‍ ബാങ്കായ X.com മസ്‌കിന്റെ സംഭാവനയാണ്. പിന്നെയത് PAYPAL ആയി. 2017-ല്‍ മസ്‌ക് അവരില്‍ നിന്ന് X.com െഡാമൈന്‍ വാങ്ങി, സെന്റിമെന്റല്‍ വാല്യു എന്ന്പറഞ്ഞ്. TESLA ക്ക് ഒരു സ്‌പോര്‍ട്‌സ് വാഹനമുണ്ട്. MODEL X.  മസ്‌കിന്റെ ഒരു മകന്റെ പേര് X Ash A 12 എന്നാണ്. ചുരുക്കപ്പേര് X എന്നും. മസ്‌കിന്റെ ബഹിരാകാശ കമ്പനിയുടെ പേര് Space X . XAI എന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുമുണ്ട് മസ്‌കിന്.

എക്‌സിനോടുള്ള താല്‍പര്യം പോലെ തന്നെ പക്ഷിയോട് താല്‍പര്യമില്ലായ്മയും മസ്‌കിനുണ്ട്. കമ്പനിക്കുള്ളിലെ പക്ഷി പ്രയോഗങ്ങളോട് കലഹിച്ചിട്ടുണ്ട്. ചില ഫീച്ചറുകളുടെ പേര് മാറ്റിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ഓഫീസിലെ twitter പേരില്‍ നിന്ന് W മറച്ചിട്ടുണ്ട്,

മസ്‌കിന്റെ റീബ്രാന്‍ഡിംഗിനോട് എതിര്‍പ്പില്ലാത്തവരുടെ കൂട്ടത്തില്‍ മുന്തിയ ഒരാളുണ്ട് -ജാക് ഡോര്‍സി.  ട്വിറ്റര്‍ എന്ന ബ്രാന്‍ഡിന്റെ ഭാരം താങ്ങാതെ പുതിയതൊന്ന്, ഉപയോഗമാണ് പ്രധാനം, ലോഗോയല്ല ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വാദം.

അപ്പോഴും സന്തോഷമുള്ള ഒരോര്‍മ്മയായി നീലക്കിളി ശേഷിക്കട്ടെ എന്നാഗ്രഹിക്കുന്നു, ട്വിറ്ററിന്റെ ആരാധകര്‍.

click me!