വയലിന്‍ മെയ്ഡ് ഇന്‍ ചൈന, പക്ഷേ, വിശ്വസിക്കാം!

By Ambili P  |  First Published Jul 16, 2022, 1:46 PM IST

ഈ നാടിന്റെ പട്ടിണി മാറ്റിയത് വയലിന്‍ നിര്‍മാണം, ലോകത്തിന്റെ വയലിന്‍ ഫാക്ടറി. അമ്പിളി പി എഴുതുന്നു


ലോകത്ത് നിര്‍മിക്കുന്ന വയലിനുകളില്‍ പകുതിയും ഇവിടെ നിന്നാണെത്തുന്നത്. ഒരു വര്‍ഷം നിര്‍മിക്കുന്നത് 7 ലക്ഷം ഗിറ്റാറുകള്‍. വയലിന്‍ഗിറ്റാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട 230 ലധികം സംരംഭങ്ങള്‍. വയലിന്‍ നിര്‍മാണം ജോലിയായി സ്വീകരിച്ച മുപ്പതിനായിരത്തിലധികം പേര്‍.

പറഞ്ഞുവരുന്നത് ചൈനയുടെ വയലിന്‍ നിര്‍മാണ കേന്ദ്രം എന്നറിയപ്പെടുന്ന നഗരത്തെ കുറിച്ചാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഹുവാങ്കിയാവോ എന്ന നഗരമാണ് വയലിന്‍ ഫാക്ടറി എന്ന പേരില്‍ അറിയപ്പെടുന്നത്..

Latest Videos

undefined

 

 

ഈ നഗരത്തില്‍ വയലിന്‍ നിര്‍മാണം ആരംഭിച്ചതിന് പിന്നില്‍ ഒരു കുഞ്ഞുകഥയുണ്ട്.

1960`കളില്‍ ഷാങ്ഹായ് നഗരമായിരുന്നു സംഗീതോപകരണ നിര്‍മാണങ്ങള്‍ക്ക് പേരുകേട്ടയിടം. ഷാങ്ഹായ് വയലിന്‍ നിര്‍മാണശാലയില്‍ ജോലിയെടുത്തിരുന്ന 2 തൊഴിലാളികള്‍ ഹുവാങ്കിയാവോ നഗരത്തില്‍ തിരിച്ചെത്തി. ആ നാട്ടുകാരെ നിര്‍മാണജോലികള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഒരു വയലിന്റെ ബേസ് തടിയില്‍ കൊത്തിയെടുത്താല്‍ കിട്ടിയിരുന്നത് അര യുവാന്‍ ആണ്. ജീവിതം ഏറെ പ്രതിസന്ധിയിലായിരുന്ന അക്കാലത്ത് ഒരു കുടുംബത്തിന് കഴിഞ്ഞുപോകാന്‍ പര്യാപ്തമായിരുന്നു ഈ തുക. 

ഷാങ്ഹായിയിലെ വയലിന്‍ നിര്‍മാതാക്കള്‍ക്ക് അനുബന്ധ സംഗീത ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു ഫാക്ടറി 1971 `ല്‍ ഹുവാങ്കിയാവോയില്‍ തുടങ്ങി. അക്കാലത്താണ് ലി ഷു എന്ന ഒരു യുവാവ് ഫാക്ടറിയില്‍ പരിശീലനത്തിന് എത്തുന്നത്. 2 മാസത്തിനുള്ളില്‍ ലീ വിദഗ്ധനായ തൊഴിലാളി എന്ന് പേരെടുത്തു. എട്ടു വര്‍ഷത്തിനകം ഫാക്ടറിയുടെ തലവനായി ലീ മാറി. വയലിന്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് പകരം അസംബ്ലിള്‍ ചെയ്ത വയലിന്‍ നിര്‍മിച്ച് എന്തുകൊണ്ട് കൂടുതല്‍ പണം സമ്പാദിച്ചുകൂടാ എന്ന് ലീ ചിന്തിച്ചു. 

ഷാങ്ഹായ് വയലിന്‍ ഫാക്ടറിയുടെ ബ്രാഞ്ച് ഫാക്ടറിയായി ഹുവാങ്കിയാവോ മാറി. കരാര്‍ 10 വര്‍ഷത്തേക്കായിരുന്നു. തുടക്കവര്‍ഷം തന്നെ 20 ലക്ഷം യുവാന്‍ നേട്ടമുണ്ടാക്കാന്‍ ലീയുടെ ബ്രാഞ്ച് കമ്പനിക്ക് സാധിച്ചു. കൂടുതല്‍ പ്രദേശവാസികള്‍ വയലിന്‍ നിര്‍മാണം തൊഴിലായി സ്വീകരിച്ചു.  അവരുടെ ജീവിതസാഹചര്യവും മെച്ചപ്പെട്ടു. 1995 ആയപ്പൊഴേക്കും ലീയുടെ  കമ്പനി ഒരു സ്വതന്ത്രഫാക്ടറിയായി മാറി. ആ വര്‍ഷം ഫാക്ടറിയില്‍ നിര്‍മിച്ചത് അറുപതിനായിരം വയലിന്‍ ആണ്. ഷാങ്ഹായിയിലും ഗ്വാങ്ഷൂവിലുമുള്ള മികച്ച വയലിന്‍ നിര്‍മാതാക്കളെ പിന്തള്ളിയായിരുന്നു ലീയുടെ ഫാക്ടറിയുടെ ഈ നേട്ടം.

ചൈനീസ് നിര്‍മിത വയലിന് ഉയര്‍ന്ന നിലവാരമില്ല എന്നൊരു തോന്നല്‍ അക്കാലത്തേ അന്താരാഷ്ട്ര വിപണിയിലും സംഗീതജ്ഞര്‍ക്കിടയിലും സജീവമായിരുന്നു. അതിനെ മറികടക്കാന്‍  വിദേശ വയലിന്‍ നിര്‍മാണം എങ്ങനെയെന്ന് ലീ സൂക്ഷ്മമായി പഠിച്ചു. പ്രാവര്‍ത്തികമാക്കി. പതിനഞ്ച് ഡോളര്‍ മാത്രം വിലയുള്ള തന്റെ വയലിന്റെ നിലവാരം എത്ര ഉന്നതമാണെന്ന് ലോകത്തിന് മുന്നില്‍ ലീ അവതരിപ്പിച്ചു. ഫൈന്‍ ലെജന്‍ഡ് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര സഹകരണത്തോടെയുള്ള ഒരു ചൈനീസ് സംയുക്ത സംരംഭം. ലീയുടെ വയലിനുകള്‍ യുഎസിലേയും യൂറോപ്പിലേയും വിപണികള്‍ കീഴടക്കി.
 
ഒരു വര്‍ഷം മൂന്ന് ലക്ഷം വയലിനുകള്‍ നിര്‍മിച്ചു, ആയിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കി. ഫൈന്‍ ലെജന്‍ഡ് കമ്പനി അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രതാപത്തിലേക്ക് നീങ്ങി. 2010 -ല്‍ ചൈനയില്‍  ഒരു അന്താരാഷ്ട്ര വയലിന്‍ നിര്‍മാണ മത്സരം നടന്നു. ഹുവാങ്കിയാവോയിലെ വയലിന്‍ നിര്‍മാതാക്കള്‍ വീട്ടില്‍ നിര്‍മിച്ച വയലിനും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വയലിനും തമ്മിലുള്ള വില അന്തരം കണ്ട ജൂറി അമ്പരന്നു. നിര്‍മാണം ഒരേ അസംസ്‌കൃത വസ്തുക്കളും ഒരേ സാങ്കേതിക വിദ്യയും ഉപയോഗിച്ച്. ഹുവാങ്കിയാവോ വയലിനേക്കാള്‍ ഇരട്ടിവില കൊടുക്കേണ്ടി വന്നു വിദേശ വയലിന്.

ഹുവാങ്കിയാവോയില്‍ ഇന്ന് നൂറുകണക്കിന് വയലിന്‍ നിര്‍മാണക്കമ്പനികളുണ്ട്. ഒരു മികച്ച കലാസൃഷ്ടി പോലെ തന്നെ മികവ് പുലര്‍ത്തേണ്ടതാണ് ഓരോ സംഗീതോപകരണത്തിന്റേയും നിര്‍മാണമെന്ന് ഇവിടുത്തെ ഓരോരുത്തരും വിശ്വസിക്കുന്നു. ലോകത്തെമ്പാടും ഇന്ന് ഹുവാങ്കിയാവോ ബ്രാന്‍ഡ് വയലിനുകള്‍ക്ക് മികച്ച വിപണിയുണ്ട്.

click me!