ഫോര്‍ഡ് മുതലാളി സൂപ്പറാ; വിദേശത്തുപോയി ഒരു വീടു വാങ്ങി, ഇളക്കിമാറ്റി നാട്ടില്‍കൊണ്ടുവന്നു സ്ഥാപിച്ചു!

By Alaka Nanda  |  First Published Sep 21, 2023, 5:28 PM IST

വീട്  ഓരോ കല്ലായി ഇളക്കിയെടുത്ത് നമ്പറിട്ട്, 506 ചാക്കുകളിലാക്കി. ജനാലകളും പടികളും ബീമുകളും പെട്ടികളിലാക്കി. 67 റെയില്‍വേ വാഗണുകള്‍ വേണ്ടിവന്നു 475 ടണ്‍ ഭാരമുള്ള ലോഡ് അമേരിക്കയിലെത്തിക്കാന്‍.  കഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇംഗണ്ടിലെ കോട്‌സ് വോള്‍ഡില്‍നിന്നു തന്നെ കല്‍പണിക്കാരെയും തടിപ്പണിക്കാരെയും കൊണ്ടുവന്നു


. 1867 ലെ ബേസ്‌ബോള്‍ ഇവിടെ കാണാം. 1830 -കളിലെ മെനു അനുസരിച്ച് ഉച്ചഭക്ഷണം കഴിക്കാം. പണ്ട് കാലത്തെ അമേരിക്കന്‍ കൃഷിസ്ഥലങ്ങളിലൂടെ നടക്കാം, അന്നത്തെ കൃഷിരീതികള്‍ പഠിക്കാം. നീരാവിയില്‍ ഓടുന്ന ട്രെയിനിലും കയറാം. അതിനെല്ലാം ഇടയില്‍ കാണുന്ന അതിമനോഹരമായ കോട്‌സ് വോള്‍ഡ് ഭവനത്തിലെ പൂന്തോട്ടത്തിലിരുന്ന് ചായയും കുടിക്കാം.

 

Latest Videos

undefined

നാടുകള്‍ കാണാന്‍ പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാറുണ്ട്. സുവനീര്‍ എന്നാണ് അതിന് ഓമനപ്പേര്. പണ്ടുപണ്ട് അതുപോലൊരു സുവനീര്‍ വാങ്ങിക്കാണ്ടുവന്നു, സമ്പന്നനായ ഒരു അമേരിക്കന്‍ വ്യവസായി. പേര് ഹെന്റി ഫോര്‍ഡ്. വാങ്ങിയ സുവനീര്‍ ഒരു സാധാരണ സാധനമായിരുന്നില്ല, ഒരു വീട്!

ലോകത്തെ സമ്പന്നന്‍മാരില്‍ സമ്പന്നനായ വ്യവസായിയായിരുന്നു ഹെന്റി ഫോര്‍ഡ്. ഇംഗ്ലണ്ടിലെ കോട്‌സ് വോള്‍ഡ്‌സ് പ്രദേശത്തെ ഒരു വീടാണ് ഇദ്ദഹം യാത്രയുടെ ഓര്‍മ്മക്കായി വാങ്ങിയത്. എന്നിട്ട് അത് അമേരിക്കയിലെ മിഷിഗനിലെ ഗ്രീന്‍ഫീല്‍ഡ് ഗ്രാമത്തില്‍ സ്ഥാപിച്ചു. വെറുതെ ആയില്ല ആ ശ്രമം. ഇന്നത് വിനോദ സഞ്ചാരികളുടെ ആകര്‍ഷണമാണ്. അത് കാണാനെത്തുന്നത് ലക്ഷങ്ങളാണ്.

 

 

തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് കോട്‌സ് വോള്‍ഡ്‌സ്. മഹാസാഹിത്യകാരന്‍ ഷേക്‌സ്പിയറിന്റെ നാടിന് തൊട്ടടുത്താണ് ഈ പ്രദേശം. പച്ചപുതച്ച കുന്നുകളും കല്‍മതിലുകളും ജൈവസമൃദ്ധമായ കാടുകളും മനോഹരമായ വീടുകളും ഗ്രാമങ്ങളും ഒക്കെയായി അതിമനോഹരമായ ഒരിടം. കാലചക്രം എപ്പോഴോ ഇവിടെ നിശ്ചലമായെന്നു തോന്നുന്നത്ര മനോഹരം. ഗൃഹാതുരം. ഇന്നത്തെ ലോകവുമായി ഒരു ബന്ധവുമില്ലാത്ത സൗന്ദര്യം. ഇവിടത്തെ ലൈം സ്റ്റോണിന് സ്വര്‍ണനിറമാണ്. കോട്‌സ് വോള്‍ഡ്‌സ് ശിലകള്‍ എന്നറിയപ്പെടുന്ന ഇവയുപയോഗിച്ചാണ് ഇവിടെ വീടുകള്‍ നിര്‍മ്മിക്കുന്നത്.

ആദ്യം ഇത്തരം വീടുകള്‍ നിര്‍മ്മിച്ചത് കര്‍ഷകര്‍ക്കും ആട്ടിടയന്‍മാര്‍ക്കും വേണ്ടിയാണ്. കല്ലുകള്‍ മാത്രമായിരുന്നു അന്ന് കിട്ടാനെളുപ്പമുള്ള നിര്‍മ്മാണസാമഗ്രികള്‍. അങ്ങനെ കല്ലില്‍ പണിതു, അവര്‍ വീടെന്ന സ്വപ്നം. പിന്നീട് അത് ട്രെന്‍ഡായി. ക്ലാസിക് നിര്‍മ്മാണശൈലിയിലേക്ക് വഴിമാറി. സ്‌റ്റോറി ബുക് വീട് എന്നിതിനെ വിളിക്കുന്നത് വെറുതേയല്ല. അത്ര മനോഹരമാണ് ഈ വീടുകള്‍. ഈ വീടുകള്‍ കാണാന്‍ മാത്രമായി സഞ്ചാരികളെത്താറുണ്ട്. 

 

 

1920 -കളിലാണ് ഫോര്‍ഡ് മുതലാളി ഇവിടത്തെ ഗ്രാമങ്ങളിലെത്തുന്നത്. ആ നാടും അവിടത്തെ വീടുകളും അത്രയ്ക്ക് ഇഷ്ടപ്പെട്ടു, ഫോര്‍ഡിന്. ആ വീടുകളില്‍ ഒന്ന് വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി അന്വേഷണം തുടങ്ങി, മുന്നില്‍ വന്ന േമനോഹരമായ ഒരു വസതി. റോസ് കോട്ടേജ് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. മഴ പെയ്ത് നനയുമ്പോള്‍ കല്ലിന്റെ നിറം റോഡ് ആയി മാറുന്നതായിരുന്നു ആ പേരിനു കാരണം. 500 യൂറോ കൊടുത്ത് ആ വീട് വാങ്ങി. പിന്നീട് അതില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി. എന്നആല്‍, ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അതൊന്നും അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് അന്നത്തെ പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഒടുവില്‍ 1930 -ല്‍ ആ വീട് ഫോര്‍ഡ് ഇളക്കി മാറ്റി. ഓരോ കല്ലായി ഇളക്കിയെടുത്ത് നമ്പറിട്ട്, 506 ചാക്കുകളിലാക്കി. ജനാലകളും പടികളും ബീമുകളും പെട്ടികളിലാക്കി. 67 റെയില്‍വേ വാഗണുകള്‍ വേണ്ടിവന്നു 475 ടണ്‍ ഭാരമുള്ള ലോഡ് അമേരിക്കയിലെത്തിക്കാന്‍. ഫോസ് ക്രോസ് സ്‌റ്റേഷനില്‍ നിന്ന് ബ്രെന്‍ഡ്‌ഫോര്‍ഡ് സ്‌റ്റേഷനിലേക്ക് ട്രെയിന്‍ വഴി എത്തിച്ചു. അവിടെനിന്ന് കപ്പല്‍ മാര്‍ഗം ന്യൂജഴ്‌സിയിലേക്ക്. അവിടെനിന്ന് മിഷിഗനിലേക്ക് കപ്പല്‍ തന്നെ വേണ്ടിവന്നു. 

അങ്ങനെ വീട് പല കഷണങ്ങളായി ഗ്രീന്‍സ് ഫീല്‍ഡ് ഗ്രാമത്തിലെത്തിച്ചു. കഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇംഗണ്ടിലെ കോട്‌സ് വോള്‍ഡില്‍നിന്നു തന്നെ കല്‍പണിക്കാരെയും തടിപ്പണിക്കാരെയും കൊണ്ടുവന്നു. മൂന്ന്  മാസമെടുത്തു പണി പൂര്‍ത്തിയാകാന്‍. പണിയെടുത്തവര്‍ക്ക് ഫോര്‍ഡിന്റെ വക. രണ്ടാഴ്ചത്തെ അവധിക്കാലം  നല്‍കി. നല്ലൊരു തുകയും നല്‍കി എല്ലാവരെയും ഇംഗ്ലണ്ടിലേക്ക് അയച്ചു. 

ബ്രിട്ടീഷ് ഗ്രാമത്തിലെ ഒരു പള്ളിയും വാങ്ങണമന്നുണ്ടായിരുന്നു ഫോര്‍ഡിന് എന്നാണ് കഥ. പക്ഷേ നാട്ടുകാര്‍ സമ്മതിച്ചില്ലത്രെ. 

എന്തായാലും ഗ്രീന്‍സ് ഫീല്‍ഡ് ഗ്രാമം ഇന്നറിയപ്പെടുന്നത് ഈ വീടിന്റെ പേരിലാണ്. ആ വീട് ഇന്ന് കാണാനെത്തുന്നത് ആയിരക്കണക്കിന് പേരാണ്. ഇതുമാത്രമല്ല, നഷ്ടമാകാന്‍ സാധ്യതയുള്ള മറ്റു പലതും ശേഖരിച്ച് ഫോര്‍ഡ് ഈ ഗ്രാമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. തന്റെ ശേഖരങ്ങള്‍ സൂക്ഷിക്കാന്‍ ഫോര്‍ഡ് തന്നെ രൂപംകൊടുത്തതാണ് ഗ്രീന്‍സ് ഫീല്‍ഡ് വില്ലേജ്.  അതിന് തൊട്ടടുത്താണ് ഫോര്‍ഡിന്റെ പേരിലുള്ള മ്യൂസിയം. ഫോര്‍ഡിന്റെ സ്വന്തം കണ്ടുപിടിത്തമായ MODEL T MOTOR CAR ഉള്‍പ്പടെ അവിടെ കാണാം. റൈറ്റ് സഹോദരന്‍മാരുടെ കടയും തോമസ് എഡിസന്റെ ലാബും അവിടെ അതേ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1867 ലെ ബേസ്‌ബോള്‍ ഇവിടെ കാണാം. 1830 -കളിലെ മെനു അനുസരിച്ച് ഉച്ചഭക്ഷണം കഴിക്കാം. പണ്ട് കാലത്തെ അമേരിക്കന്‍ കൃഷിസ്ഥലങ്ങളിലൂടെ നടക്കാം, അന്നത്തെ കൃഷിരീതികള്‍ പഠിക്കാം. നീരാവിയില്‍ ഓടുന്ന ട്രെയിനിലും കയറാം. അതിനെല്ലാം ഇടയില്‍ കാണുന്ന അതിമനോഹരമായ കോട്‌സ് വോള്‍ഡ് ഭവനത്തിലെ പൂന്തോട്ടത്തിലിരുന്ന് ചായയും കുടിക്കാം.

click me!