കര്‍ണാടകയിലെ സോളിഗ ആദിവാസി കര്‍ഷകര്‍ക്ക് കൈ നിറയെ പണം; ഇത് കൂട്ടായ്മയുടെ ഫലം

By Web Team  |  First Published Nov 15, 2019, 5:50 PM IST

 'പാവപ്പെട്ട കൃഷിക്കാര്‍ പുതിയ തലമുറയിലുള്ള ചെറുപ്പക്കാരെ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ നഗരങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ഇങ്ങനെ ആദിവാസി ഗ്രാമങ്ങളും കൃഷിയുമുപേക്ഷിച്ച് പോകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം കൃഷി ലാഭകരമാക്കുകയെന്നതാണെന്ന് ഞാന്‍ ചിന്തിച്ചു'


പ്രതീക്ഷിക്കാത്ത പണം കൈയില്‍ വന്നപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ അന്ധാളിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ സോളിഗ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍. പ്രാദേശിക കമ്പോളത്തില്‍ വളരെ തുച്ഛമായ വിലയ്ക്ക് വില്‍പ്പന നടത്തിയിരുന്ന ഇവരുടെ ജൈവ ഉത്പന്നങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണം. ഈ റാബി സീസണില്‍ 18,000 രൂപയില്‍ കൂടുതലാണ് തുളസി കേര ഗ്രാമത്തിലെ നാഗ എന്ന സോളിഗ ആദിവാസിക്ക് ലഭിച്ചത്. അതായത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് അധികമുള്ള പ്രതിഫലം! ഇതെങ്ങനെ സാധിച്ചു?

ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ ജില്ലാ പ്രസിഡന്റായ ഹൊന്നൂര്‍ പ്രകാശ് ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആദിവാസി കര്‍ഷകര്‍ക്ക് കൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള വഴിയൊരുക്കിയത്.

Latest Videos

സോളിഗ വര്‍ഗത്തില്‍പ്പെട്ട ആദിവാസികള്‍  ചാമരാജനഗര്‍ ജില്ലയിലെ മാലെ മഹാദേശ്വര മലകളില്‍ താമസിക്കുന്ന പ്രത്യേക വിഭാഗക്കാരാണ്. നഗരത്തിന്റെ തിരക്കുകളിലേക്ക് വരാതെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നവരാണ് ഇവര്‍. ഇവര്‍ ഉത്പാദിപ്പിക്കുന്ന ആരോഗ്യകരവും പോഷക സമൃദ്ധവുമായ ജൈവ ഉത്പന്നങ്ങള്‍ക്ക് വ്യാപാരികള്‍ വളരെ തുച്ഛമായ വിലയാണ് പ്രതിഫലമായി നല്‍കുന്നത്.

അഞ്ച് തരത്തിലുള്ള ധാന്യങ്ങളും വളരെ ചുരുങ്ങിയ രീതിയില്‍ നെല്ലും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. മഴക്കെടുതിയെ അതിജീവിച്ചാണ് നെല്‍കൃഷി മുന്നോട്ട് പോകുന്നത്. വില്‍പ്പന നടത്തണമെങ്കില്‍ 60 കി.മീ അകലെയുള്ള കൊല്ലെഗല്‍ മാര്‍ക്കറ്റിലേക്ക് പോകണം. 'ഇത്രയും ദൂരം യാത്ര ചെയ്ത് വിപണി കണ്ടെത്തുകയെന്നത് പണച്ചെലവുള്ള കാര്യമാണ്. മാര്‍ക്കറ്റിലുള്ള വിലയേക്കാള്‍ വളരെക്കുറവാണ് ഞങ്ങള്‍ക്ക് തരുന്നത്.' നാഗ പറയുന്നു. 0.4 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 0.6 ടണ്‍ വിളവാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതില്‍ നിന്ന് നേടാനായത് 5000 രൂപയാണെന്ന് നാഗ വെളിപ്പെടുത്തുന്നു.

മില്ലറ്റ് പ്രൊസസിങ്ങ് യൂണിറ്റ് തുടങ്ങിയതിന് പിന്നിലുള്ള കാരണം പ്രകാശ് വ്യക്തമാക്കുന്നു. 'പാവപ്പെട്ട കൃഷിക്കാര്‍ പുതിയ തലമുറയിലുള്ള ചെറുപ്പക്കാരെ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ നഗരങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ഇങ്ങനെ ആദിവാസി ഗ്രാമങ്ങളും കൃഷിയുമുപേക്ഷിച്ച് പോകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം കൃഷി ലാഭകരമാക്കുകയെന്നതാണെന്ന് ഞാന്‍ ചിന്തിച്ചു'

2018 ഫെബ്രുവരിയില്‍ സോളിഗ വര്‍ഗത്തില്‍പ്പെട്ട 30 ആദിവാസി കര്‍ഷകരെയും മുഖ്യധാരയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന മറ്റുള്ള ആയിരത്തോളം കര്‍ഷകരെയും ഒരുമിച്ച് ചേര്‍ത്ത് പ്രകാശ് മില്ലെറ്റ് പ്രൊസസിങ്ങ് യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമം നടത്തി. സോളിഗ ആദിവാസികള്‍ എല്ലാവരും കൂടി 5000 രൂപ ശേഖരിച്ചു നല്‍കി. മറ്റുള്ള കര്‍ഷകരുടെ സഹായത്തോടെ 3 ലക്ഷത്തോളം രൂപ പ്രകാശ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചു.

ഇവരുടെ കൂട്ടായ്മ പാവപ്പെട്ട കൃഷിക്കാരില്‍ നിന്നും ശേഖരിക്കുന്ന ധാന്യങ്ങള്‍ പാകപ്പെടുത്തി നല്ല രീതിയില്‍ പായ്ക്ക് ചെയ്ത് 'നാച്ചുറല്‍ മില്ലെറ്റ്‌സ് ഓഫ് എം എം ഹില്‍സ്' എന്ന ബ്രാന്‍ഡില്‍ മൈസൂരിലും ബംഗളൂരുവിലും വില്‍പ്പന നടത്തുകയാണ്. ഇവരുടെ ഉത്പന്നം ഒരു സൂപ്പര്‍ ഓര്‍ഗാനിക് ഫുഡ് എന്ന രീതിയില്‍ വിപണിയില്‍ ഹിറ്റ് ആയി മാറി. ധാന്യങ്ങള്‍ ഉപയോഗിച്ച് ബിസ്‌കറ്റുകള്‍ ഉണ്ടാക്കുന്ന പ്രൊസസ്സിങ്ങ് യൂണിറ്റുകള്‍ക്കാണ് ഇവര്‍ ഉത്പന്നങ്ങള്‍ കൂടുതലായി നല്‍കുന്നത്.

ഈ കൂട്ടായ്മ ശേഖരിക്കുന്ന ഒരു ടണ്‍ ധാന്യത്തിന് 30,000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. പ്രാദേശിക കമ്പോളത്തില്‍ നിന്ന് നല്‍കുന്ന തുച്ഛമായ വിലയേക്കാള്‍ അഞ്ചു മടങ്ങ് അധികമാണ് ഈ വില. ഇവരുടെ യൂണിറ്റ് നേടിയ വിജയം കാരണം കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ഈ സംരംഭം ഒരു സഹകരണ സ്ഥാപനമായി വളര്‍ത്തിക്കൊണ്ടു വരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രകാശ് പറയുന്നു.

(കടപ്പാട്: DownToEarth)

click me!