യൂറോപ്പിന്‍റെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടിയായി ഉയരുന്നുവെന്ന് പഠനം

By Web Team  |  First Published Apr 23, 2024, 12:15 PM IST

ആഗോളതാപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പില്‍ ഇരട്ടി വേഗത്തിലാണ് താപനില ഉയരുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 


ഭൂമിയില്‍ താപനില ഉയരുകയാണെന്ന് മുന്നറിയിപ്പുകള്‍ വന്ന് തുടങ്ങിയിട്ട് കാലങ്ങളെറെയായി. എന്നാല്‍, താപവര്‍ദ്ധനവ് പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട് തുടങ്ങിയ ഒരു വര്‍ഷമാണ് 2024 എന്ന് പറയാം. ലോകമെങ്ങുമ്പുള്ള ഹിമാനികള്‍ ഉരുകുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ അതിശക്തമായ മഴ പെയ്യുന്നു. അതേസമയം ഇന്ത്യയില്‍ വേനല്‍മഴ കുറയുകയും അതിശക്തമായ വരള്‍ച്ചയും ശുദ്ധജലക്ഷാമവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലോകമെങ്ങുമുള്ള താപവ്യതിയാനം ഏറെ ശക്തമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരും പറയുന്നു. ഇതിനിടെയാണ് ലോകത്ത് ഏറ്റവും കുടുതല്‍ വേഗത്തില്‍ താപനില ഉയരുന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണെന്ന് പഠനങ്ങള്‍ പുറത്ത് വരുന്നത്. ആഗോളതാപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പില്‍ ഇരട്ടി വേഗത്തിലാണ് താപനില ഉയരുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ വിഭവങ്ങളിലേക്ക് യൂറോപ്പ് ഏത്രയും വേഗത്തില്‍ മാറണമെന്നും ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും യൂറോപ്യൻ യൂണിയന്‍റെ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസും സംയുക്ത പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലോക താപനിലയായ 1.3 ഡിഗ്രി സെൽഷ്യസുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്പില്‍ ഇത്  2.3 ഡിഗ്രി സെൽഷ്യസ് ആണ്. അതായത് ലോകം ചൂടാകുന്നതിനെക്കാള്‍ ഇരട്ടിവേഗത്തില്‍ യൂറോപ്പ് ചൂടാകുന്നുവെന്ന്. 2015 ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയില്‍ മുന്നോട്ട് വച്ച, 1.5 ഡിഗ്രി സെൽഷ്യസായായി ആഗോള താപനം പരിമിതപ്പെടുത്തണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി. 

Latest Videos

ഭൂമിക്കുള്ളില്‍ 250 അടി താഴ്ചയില്‍ അതിശക്തമായ വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

ഈ ഏപ്രില്‍ മാസം ആദ്യ ആഴ്ചയിലാണ് യൂറോപ്പിന്‍റെ ഭാഗമായ റഷ്യയിലെ യുറല്‍ പര്‍വ്വതനിരയിലെ മഞ്ഞ് ഉരുകിയതിന് പിന്നാലെ ഏറ്റവും വലിയ നദിയായ യുറാന്‍ നദി,കരകവിഞ്ഞ് നൂറ് കണക്കിനാളുകള്‍ മരിച്ചത്. യുറല്‍ പര്‍വ്വതനിരയിലെ മഞ്ഞ് ഉരുകിയത് താപനിലയിലുണ്ടായ വര്‍ദ്ധനവ് മൂലമാണ്. ആഗോളതാപനം.  യൂറോപ്പില്‍ തുടർച്ചയായ  10-ാം മാസമാണ് റെക്കോർഡ് പ്രതിമാസ താപനില രേഖപ്പെടുത്തിയതെന്ന് കോപ്പർനിക്കസ് റിപ്പോർട്ട് ചെയ്തു. 2013 ലെ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന് സമുദ്രോപരിതല താപനിലയ്ക്ക് ഒപ്പമാണ് 2024 ലെ ശരാശരി സമുദ്രോപരിതല താപനിലയെന്നും കണക്കുകള്‍ വിശദീകരിക്കുന്നു. ചൂട് കൂടുതന്നത് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവന് തന്നെ ഭീഷണിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. താപനില ഉയരുന്നതിന് പിന്നാലെ വരള്‍ച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പ്രളയം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രകൃതിക്ഷേഭങ്ങളില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധവനാണ് അടുത്തകാലത്തായി രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ താപനിലയിലെ വര്‍ദ്ധനവ് യൂറോപ്പിനും അമേരിക്കന്‍ വന്‍കരകള്‍ക്കും ഇടയിലൂടെയുള്ള സമുദ്രപ്രവാഹങ്ങളെ തകര്‍ക്കുമെന്നും ഇത് ഭൂമിയില്‍ ഹിമയുഗത്തിന് കാരണമാകുമെന്നുമുള്ള പഠനങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. 

ഭൂമിയില്‍ വീണ്ടും ഹിമയുഗമോ? സമുദ്രാന്തര്‍ ജലപ്രവാഹങ്ങള്‍ തകർച്ച നേരിടുന്നെന്ന് ശാസ്ത്രലോകം!
 

click me!